---
title: "മൗനം വെടിയാൻ രാഹുൽ; വിവാദങ്ങളിൽ പ്രതികരിക്കാൻ അടൂരിലെ വീട്ടിൽ അല്പസമയത്തിനുള്ളിൽ വാർത്താസമ്മേളനം "
english_title: "Rahul mamkoottathil will meet the media at his home in Adoor shortly to respond to the controversies."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309996/rahul-mamkoottathil-will-meet-the-media-at-his-home-in-adoor-shortly-to-respond-to-the-controversies"
published_at: "2025-08-21T12:36:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6c5c2af8f0_rahul.jpg"
keywords: []
---

# മൗനം വെടിയാൻ രാഹുൽ; വിവാദങ്ങളിൽ പ്രതികരിക്കാൻ അടൂരിലെ വീട്ടിൽ അല്പസമയത്തിനുള്ളിൽ വാർത്താസമ്മേളനം 

> **Lead Summary:** **പത്തനംതിട്ട : ** വിവാദങ്ങളിൽ പ്രതികരിക്കാൻ അടൂരിലെ വീട്ടിൽ അല്പസമയത്തിനുള്ളിൽ രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളെ കാണും. ആരോപണങ്ങളെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ എഐസിസി നിര്‍ദേശിച്ചിട്ടുണ്ട്.

## Article Content

**പത്തനംതിട്ട : ** വിവാദങ്ങളിൽ പ്രതികരിക്കാൻ അടൂരിലെ വീട്ടിൽ അല്പസമയത്തിനുള്ളിൽ രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളെ കാണും. ആരോപണങ്ങളെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ എഐസിസി നിര്‍ദേശിച്ചിട്ടുണ്ട്.

ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ നിർദേശം നൽകിയത്. അശ്ലീല സന്ദേശ വിവാദത്തിൽ എഐസിസി ഇടപെട്ടിരുന്നു. പരാതികൾ അന്വേഷിക്കാൻ കെ.പി.സി.സി ക്ക് നിർദേശം നൽകിയിരുന്നു. ഹൈക്കമാൻഡിന് ലഭിച്ച ചില പരാതികൾ കെ.പി.സി.സിക്ക് കൈമാറിയതായും സൂചനയുണ്ട്. പുനഃസംഘടനയ്ക്ക് ഒപ്പം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കം കൂടിയാണ് നിലവില്‍ നടത്തുന്നത്.

യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ഹണി ഭാസ്കകറും യുവ നേതാവിനെതിരെ രംഗത്തെത്തിയിരുന്നു.

പേരുപറയാതെയായിരുന്നു വിമര്‍ശനം. അതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സോഷ്യൽ മീഡിയയിലൂടെ നടത്തിയ അശ്ലീല ചാറ്റും പുറത്ത് വന്നിട്ടുണ്ട്.

നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ശക്തമായതോടെ രാജി സമ്മർദവും ശക്തമാവുകയാണ്. ആരോപണം എഐസിസി പരിശോധിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309996/rahul-mamkoottathil-will-meet-the-media-at-his-home-in-adoor-shortly-to-respond-to-the-controversies)