---
title: "'മകളെപ്പോലെയുള്ള കുട്ടിയാണ് പരാതി പറഞ്ഞത്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം: മുഖം നോക്കാതെ നടപടിയെന്ന് വിഡി സതീശൻ"
english_title: "A child like my daughter filed the complaint Allegation against Rahul Mangkootatil Action will be taken regardless of face says VD Satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309983/a-child-like-my-daughter-filed-the-complaint-allegation-against-rahul-mangkootatil-action-will-be-taken-regardless-of-face-says-vd-satheesan"
published_at: "2025-08-21T11:48:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6bb29e3373_fgfdyr.jpg"
keywords: []
---

# 'മകളെപ്പോലെയുള്ള കുട്ടിയാണ് പരാതി പറഞ്ഞത്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം: മുഖം നോക്കാതെ നടപടിയെന്ന് വിഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ട്ടി പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പരാതി ഗൗരവമുള്ളതാണ്. അതിന്റേതായ ഗൗരവത്തില്‍ തന്നെയാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ട്ടി പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പരാതി ഗൗരവമുള്ളതാണ്. അതിന്റേതായ ഗൗരവത്തില്‍ തന്നെയാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതി ഉന്നയിച്ച പെണ്‍കുട്ടി തനിക്ക് മകളെപ്പോലെയാണെന്നും മെസേജ് അയച്ച വിഷയം തന്റെ മുന്നിലെത്തിയിരുന്നുവെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ ഒരു പിതാവിനെ പോലെ താന്‍ മെസേജ് അയച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ ഇടപെടല്‍ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഉയര്‍ന്ന മറ്റു ആരോപണങ്ങളൊന്നും തനിക്ക് മുന്നില്‍ എത്തിയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

'പാര്‍ട്ടിക്കകത്തുള്ള ഏത് നേതാവിനെതിരെയും ഇതുപോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ വന്നാല്‍ പാര്‍ട്ടി അത് ഗൗരവമായി പരിശോധിക്കുകയും മുഖംനോക്കാതെ നടപടിയെടുക്കുകയും ചെയ്യും. ആരായാലും ഒരു വിട്ടുവീഴ്ചയും ചെയ്യില്ല.

ആരോപണം ഉന്നയിച്ച കുട്ടിയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നില്ല. എന്റെ മകളെപോലോത്തെ കുട്ടിയാണ് അവര്‍. മെസേജ് അയച്ചത് മാത്രമല്ല, അല്ലാതെ ഉയര്‍ന്ന ആരോപണങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശനമായി പാര്‍ട്ടി കൈകാര്യം ചെയ്യും. എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും. അതിന് ഞാന്‍ തന്നെ മുന്‍കൈയെടുക്കും.

ഒരു തെറ്റായ മെസേജ് അയച്ചുവെന്ന് മകളെ പോലുള്ള ഒരു കുട്ടി വന്ന് പറഞ്ഞാല്‍, ഒരു പിതാവ് ചെയ്യുന്നത് പോലെ ഞാനും ചെയ്തിട്ടുണ്ട്. പക്ഷേ ഉയര്‍ന്നുവന്ന ആരോപണം പാര്‍ട്ടി ഗൗരവമായി പരിശോധിക്കും' സതീശന്‍ പറഞ്ഞു.

അതേസമയം, ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുലിനെ മാറ്റിയേക്കും. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാൻ ഹൈക്കമാൻ്റാണ് നിർദ്ദേശിച്ചത്. അതേസമയം, രാഹുൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസ്സിൽ ആവശ്യം ഉയരുകയാണ്.

സംസ്ഥാന കമ്മിറ്റി വാട്സ് ആപ് ഗ്രൂപ്പിലാണ് ചർച്ച നടക്കുന്നത്. വിഷയത്തിൽ രാഹുൽ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു. ആരോപണം ശരി അല്ലെങ്കിൽ രാഹുൽ വിശദീകരിക്കണമെന്നും കൂടുതൽ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരേയും പ്രതികരിച്ചിട്ടില്ല.‌

യൂത്ത് കോൺഗ്രസ്‌ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇന്നലെ തുടങ്ങിയ ചർച്ച ഇപ്പോഴും തുടരുകയാണ്. രാഹുലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി സ്നേഹയാണ്. സ്നേഹയുടെ വിമർശനത്തെ പിന്തുണച്ചു ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ രം​ഗത്തെത്തി. രാഹുലിനെതിരെ ചാണ്ടി ഉമ്മൻ പക്ഷവും രം​ഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ്‌ വിഷ്ണു സുനിൽ പന്തളവും രാജി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309983/a-child-like-my-daughter-filed-the-complaint-allegation-against-rahul-mangkootatil-action-will-be-taken-regardless-of-face-says-vd-satheesan)