---
title: "'രാത്രി പെൺകുട്ടികളും വിളിച്ചു,  യുവ നേതാവിന്റെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല'; പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നെന്ന് റിനി ആന്‍ ജോര്‍ജ്"
english_title: "the name of the accused will not be released rini george reacts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309936/the-name-of-the-accused-will-not-be-released-rini-george-reacts"
published_at: "2025-08-21T07:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6836576eb9_rini.jpg"
keywords: []
---

# 'രാത്രി പെൺകുട്ടികളും വിളിച്ചു,  യുവ നേതാവിന്റെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല'; പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നെന്ന് റിനി ആന്‍ ജോര്‍ജ്

> **Lead Summary:** **തിരുവനന്തപുരം: **യുവ നേതാവിനെതിരെ നടത്തിയ ആരോപണങ്ങൾക്കു ശേഷം വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുന്നുവെന്ന് നടി റിനി ആൻ‌ ജോർജ്. തനിക്ക് ഭയമില്ല. സൈബർ ആക്രമണം ഉണ്ടാകുന്നുവെന്ന് അറിഞ്ഞാണ് വെളിപ്പെടുത്തൽ നടത്തിയത്. താൻ ആരോപണം ഉന്നയിച്ച വ്യക്തിയുടെ ഭാഗത്തു നിന്നാണ് സൈബർ ആക്രമണം ഉണ്ടാകുന്നത്. തന്റെ ഭാഗത്താണ് ശരി. സൈബർ ആക്രമണം കാരണം പിന്മാറില്ലെന്ന് റിനി ആന്‍ ജോര്‍ജ് പറഞ്ഞു. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു എന്നും റിനി ആന്‍ ജോര്‍ജ്.

## Article Content

**തിരുവനന്തപുരം: **യുവ നേതാവിനെതിരെ നടത്തിയ ആരോപണങ്ങൾക്കു ശേഷം വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുന്നുവെന്ന് നടി റിനി ആൻ‌ ജോർജ്. തനിക്ക് ഭയമില്ല. സൈബർ ആക്രമണം ഉണ്ടാകുന്നുവെന്ന് അറിഞ്ഞാണ് വെളിപ്പെടുത്തൽ നടത്തിയത്. താൻ ആരോപണം ഉന്നയിച്ച വ്യക്തിയുടെ ഭാഗത്തു നിന്നാണ് സൈബർ ആക്രമണം ഉണ്ടാകുന്നത്. തന്റെ ഭാഗത്താണ് ശരി. സൈബർ ആക്രമണം കാരണം പിന്മാറില്ലെന്ന് റിനി ആന്‍ ജോര്‍ജ് പറഞ്ഞു. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു എന്നും റിനി ആന്‍ ജോര്‍ജ്.

തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. സമാന അനുഭവം നേരിട്ട പരലും തന്നെ ബന്ധപ്പെട്ടു. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല, എത്ര ആക്രമിച്ചാലും ഈ വ്യക്തി രക്ഷപ്പെടില്ല. എതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. ഇതൊന്നും ഒരു തിരഞ്ഞെടുപ്പ് ഗിമ്മിക്കല്ല. ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നാണ് റിനിയുടെ പ്രതികരണം.

ഇന്നലെ രാത്രി തന്നെ പല പെൺകുട്ടികളും വിളിച്ചു. ഇതേ പ്രശ്നങ്ങളാണ് പറഞ്ഞത്. ഇയാൾ വലിയ ക്രിമിനലാണെന്നും ഇയാളെ ഒന്നും ചെയ്യാൻ പറ്റില്ലെന്നും ഒരു പെൺകുട്ടി പറഞ്ഞു. വീട്ടിലെ സാഹചര്യമൊക്കെ കാരണമാണ് പലരും തുറന്നുപറച്ചിൽ നടത്താത്തത്. തുറന്നുപറയാനായതിൽ അഭിമാനമുണ്ട്. ഇത് തന്റെ മാത്രം വിഷയമല്ല. ഈ ക്രിമിനലിനെ മുന്നോട്ടു കൊണ്ടുവരണമെന്നും റിനി പറഞ്ഞു.

തെളിവുകളുണ്ടെന്ന് തന്നോട് സംസാരിച്ച പല പെൺകുട്ടികളും പറഞ്ഞു. പല പെൺകുട്ടികളെയും ഇയാൾ ഉപയോഗിച്ചിട്ടുണ്ട്. അവരുടെയൊന്നും വീട്ടുകാർക്കു പോലും അറിയില്ല. എന്നാൽ തന്നെ സംബന്ധിച്ച് അത്തരം കാര്യങ്ങളില്ല. ഈ ആരോപണങ്ങളെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ട. ഞാൻ ഒറ്റയ്ക്കു നിന്നാണ് സംസാരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായി കാണരുത്. അയാൾക്കെതിരെ നടപടിയെടുക്കണോ എന്ന് ആ പ്രസ്ഥാനം തീരുമാനിക്കണമെന്നും റിനി ആൻ ജോർജ് പറഞ്ഞു.

അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് യുവനേതാവിനെതിരെ പുതുമുഖ നടി റിനി ആൻ ജോര്‍ജ് ഇന്നലെ വെളിപ്പെടുത്തല്‍ നടത്തിയത്.നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് ഇയാളുമായി പരിചയമുള്ളത്. തുടക്കം മുതൽ മോശം മെസേജുകൾ അയച്ചു.

ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാൾ അത് തുടർന്നു. മൂന്നര വർഷം മുൻപാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാൾ ജനപ്രതിനിധിയായത്. അയാൾ കാരണം മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. പരാതിയുള്ളവർ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും യുവ നടി വെളിപ്പെടുത്തി.

ഇയാളെ പറ്റി പാർട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പോയി പറയുവെന്നായിരുന്നു മറുപടി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളിൽ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആൻ ജോര്‍ജ് ഇന്നലെ പറഞ്ഞു. നേതാവിന്‍റെ പേരോ ഏത് പ്രസ്ഥാനമാണെന്നോ വെളിപ്പെടുത്താൻ തയ്യാറല്ല.

ഇയാളെപ്പറ്റി പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെ. പറയേണ്ട സ്ഥലങ്ങളിൽ എല്ലാം പരാതി അറിയിച്ചിട്ടുണ്ട്. പക്ഷേ അതിനുശേഷവും അയാൾക്ക് സ്ഥാനമാനങ്ങൾ ലഭിച്ചു. പ്രമാദമായ പീഡനകേസുകളിൽ ഉൾപ്പെട്ട നേതാക്കൾക്ക് എന്തു സംഭവിച്ചുവെന്ന് ഈ നേതാവ് തന്നോട് ചോദിച്ചു. ഇയാൾ ഉൾപ്പെട്ട പ്രസ്ഥാനം ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണം.

ഹൂ കെയേഴ്സ് എന്ന് തന്നെയാണ് അയാളുടെ ഇപ്പോഴത്തെയും നിലപാടെന്നും പേര് പറഞ്ഞാലും ഒരു നീതിയും കിട്ടില്ലെന്ന് ഉറപ്പാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഇയാളുടെ പ്രസ്ഥാനത്തിന് ധാർമികതയുണ്ടെങ്കിൽ ഇനിയെങ്കിലും നിയന്ത്രിക്കണമെന്നും ഈ സംഭവത്തോടെ പല വിഗ്രഹങ്ങളും ഉടഞ്ഞുപോയെന്നും യുവ നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309936/the-name-of-the-accused-will-not-be-released-rini-george-reacts)