---
title: "ഗുപ്തനെ പോലെ ഊതി കുടിക്കാനാണോ ഇഷ്ടം? എങ്കിൽ നിർത്തിക്കോ...! നാക്ക് പൊള്ളുന്ന ചായയും കാപ്പിയും കുടിക്കുന്നവരിൽ അർബുദ സാധ്യത കൂടുതലെന്ന് പഠനം"
english_title: "Study finds that people who drink tea and coffee that burn their tongue are more likely to develop cancer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309934/study-finds-that-people-who-drink-tea-and-coffee-that-burn-their-tongue-are-more-likely-to-develop-cancer"
published_at: "2025-08-21T07:19:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a67b8284f47_cofeee.jpg"
keywords: []
---

# ഗുപ്തനെ പോലെ ഊതി കുടിക്കാനാണോ ഇഷ്ടം? എങ്കിൽ നിർത്തിക്കോ...! നാക്ക് പൊള്ളുന്ന ചായയും കാപ്പിയും കുടിക്കുന്നവരിൽ അർബുദ സാധ്യത കൂടുതലെന്ന് പഠനം

> **Lead Summary:** ** ചാ**യ, കാപ്പി തുടങ്ങിയ ചൂടുള്ള പാനീയങ്ങൾ പലർക്കും ആശ്വാസവും ശീലവുമാണ്. ഇവ ചൂടോടെ കുടിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വ്യക്തമാക്കുന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. അമിതമായി ചൂടുള്ള പാനീയങ്ങൾ അന്നനാളത്തെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. പാനീയങ്ങൾക്കുപരി ഇവയുടെ ചൂടാണ് അപകടകാരികളാകുന്നത്.

## Article Content

** ചാ**യ, കാപ്പി തുടങ്ങിയ ചൂടുള്ള പാനീയങ്ങൾ പലർക്കും ആശ്വാസവും ശീലവുമാണ്. ഇവ ചൂടോടെ കുടിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വ്യക്തമാക്കുന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. അമിതമായി ചൂടുള്ള പാനീയങ്ങൾ അന്നനാളത്തെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. പാനീയങ്ങൾക്കുപരി ഇവയുടെ ചൂടാണ് അപകടകാരികളാകുന്നത്.

**ചൂടുള്ള പാനീയങ്ങൾ അർബുദ സാധ്യത കൂട്ടുമോ?**

65 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനിലയുള്ള പാനീയങ്ങൾ ഈസോഫേജിയൽ കാൻസറിന് (അന്നനാളത്തിലുണ്ടാകുന്ന അർബുദം) കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) 2016-ൽ പുറത്തുവിട്ട റിപ്പോർട്ട് 65 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള പാനീയങ്ങളെ 'അർബുദ സാധ്യതയുള്ളവയെന്നാണ്' വിശേഷിപ്പിച്ചത്.

തെക്കേ അമേരിക്കയിൽ സാധാരണയായി കുടിക്കുന്ന 'മാറ്റേ' എന്ന പരമ്പരാഗത ഹെർബൽ പാനീയം 70 ഡിഗ്രി സെൽഷ്യസിൽ കൂടുതലായി കുടിച്ചാൽ ഈസോഫേജിയൽ കാൻസറിന് കാരണമാകുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൾ നടത്തിയ പല പഠനങ്ങളും ഇതിനെ പിന്തുണയ്ക്കുന്നവയാണ്. യുകെയിൽ അഞ്ച് ലക്ഷത്തോളം മുതിർന്നവരെ ഉൾപ്പെടുത്തി 2025-ൽ നടത്തിയ പഠനത്തിൽ ദിവസവും എട്ടോ അതിലധികമോ കപ്പ് വളരെ ചൂടുള്ള ചായയോ കാപ്പിയോ കുടിക്കുന്നവർക്ക്, ചൂടുള്ള പാനീയങ്ങൾ കുടിക്കാത്തവരെ അപേക്ഷിച്ച് ഈസോഫേജിയൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത ആറിരട്ടി കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

**ചൂടുള്ള പാനീയങ്ങൾ എങ്ങനെ അർബുദത്തിന് കാരണമാകുന്നു?**

വളരെ ചൂടുള്ള പാനീയങ്ങൾ അന്നനാളത്തിലെ കോശങ്ങളെ നശിപ്പിക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ ഇത് അർബുദത്തിന് കാരണമാകുകയും ചെയ്യും. ചൂട് പാനീയങ്ങൾ അന്നനാളത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള പല പഠനങ്ങളും മൃഗങ്ങളിൽ നടന്നിട്ടുണ്ട്. 2016-ലെ ഒരു പഠനത്തിൽ, 70 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള വെള്ളം നൽകിയ എലികളുടെ അന്നനാളത്തിൽ അർബുദത്തിന് മുമ്പായുണ്ടാകുന്ന വളർച്ച വേഗത്തിൽ പ്രത്യക്ഷപ്പെട്ടതായി പഠനങ്ങളുണ്ട്.

**കുടിക്കുന്ന അളവ് പ്രധാനമാണോ?**

ഒറ്റയടിക്ക് വലിയ അളവിൽ ചൂടുള്ള പാനീയം കുടിക്കുന്നതും അന്നനാളത്തിന് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്. 65 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള 20 മില്ലി ലിറ്റർ കാപ്പി ഒറ്റയടിക്ക് കുടിച്ചപ്പോൾ അന്നനാളത്തിനുള്ളിലെ താപനില 12 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായി പഠനങ്ങളുണ്ട്.

**സുരക്ഷിതമായ താപനില**

കാപ്പി പോലുള്ള പാനീയങ്ങൾ തിളനിലയ്ക്ക് സമാനമായ താപനിലയിൽ തയ്യാറാക്കപ്പെടുന്നവയാണ്. ടേക്‌ എവേ ആയി തയ്യാറാക്കുന്ന ചായയും കാപ്പിയും ചിലപ്പോൾ 90 ഡിഗ്രി സെൽഷ്യസ് വരെ ചൂടുള്ളതായിരിക്കും. രുചിയും ആരോഗ്യവും പരിഗണിച്ച് 57.8 ഡിഗ്രി സെൽഷ്യസ് ആണ് കാപ്പിക്ക് അനുയോജ്യമായ താപനില എന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ്റെ പഠനത്തിൽ വ്യക്തമാക്കുന്നു.

തയ്യാറാക്കി അഞ്ചു മിനിറ്റിനുള്ളിൽ പാനീയത്തിന്റെ താപനില 10-15 ഡിഗ്രി സെൽഷ്യസ് കുറയും. അതിനുശേഷം കുടിക്കാം. ടേക്‌എവേ പാനീയങ്ങളുടെ മൂടി തുറന്നാൽ രണ്ടിരട്ടി വേഗത്തിൽ തണുക്കും. ചൂടുള്ള പാനീയങ്ങൾ ആസ്വദിക്കുമ്പോൾ സാവധാനം കുടിക്കുകയും താപനില ശ്രദ്ധിക്കുകയും ചെയ്യുന്നത് ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309934/study-finds-that-people-who-drink-tea-and-coffee-that-burn-their-tongue-are-more-likely-to-develop-cancer)