---
title: "കരയിൽ പേഴ്‌സും മൊബൈലും ചെരിപ്പും; കാണാതായ വീട്ടമ്മയെ കരമനയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Missing housewife found dead in Karamanayat in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309916/missing-housewife-found-dead-in-karamanayat-in-thiruvananthapuram"
published_at: "2025-08-20T22:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5fffd40956_body_found.jpg"
keywords: []
---

# കരയിൽ പേഴ്‌സും മൊബൈലും ചെരിപ്പും; കാണാതായ വീട്ടമ്മയെ കരമനയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** തിരുവനന്തപുരത്ത് കാണാതായ വീട്ടമ്മയെ കരമനയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പേയാട് ചീലപ്പാറ സ്വദേശിനിയായ കെഎസ് ഷാജിയുടെ മൃതദേഹമാണ് പേയാട് അരുവിപ്പുറം കരമനയാറ്റിൽ നിന്നും കണ്ടെത്തിയത്. കാട്ടാക്കട ഫയർഫോഴ്സും സ്കൂബ സംഘവും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ എട്ട് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

## Article Content

തിരുവനന്തപുരത്ത് കാണാതായ വീട്ടമ്മയെ കരമനയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പേയാട് ചീലപ്പാറ സ്വദേശിനിയായ കെഎസ് ഷാജിയുടെ മൃതദേഹമാണ് പേയാട് അരുവിപ്പുറം കരമനയാറ്റിൽ നിന്നും കണ്ടെത്തിയത്. കാട്ടാക്കട ഫയർഫോഴ്സും സ്കൂബ സംഘവും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെ എട്ട് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കെഎസ് ഷാജിയെ കാണാതായത്. തുടർന്ന് വിളപ്പിൽശാല പൊലീസ് ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പേഴ്‌സും മൊബൈലും ചെരിപ്പും അരുവിപ്പുറം കുളിക്കടവ് വട്ടത്തിനുസമീപം കരമനയാറിന്‍റെ കരയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ആറ്റിലെ മുളകളുടെ ഇടയിൽ മൃതദേഹം കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു .

മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽകോളെജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി മാറനല്ലൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.ഭർത്താവിന്‍റെ മരണ ശേഷം ഇവർ മാനസിക പ്രയാസത്തിലായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മറ്റൊരു സംഭവത്തിൽ, കാലടി കുറ്റിലക്കരയിൽ മധ്യവയസ്കൻ കിണറ്റിൽ മരിച്ച നിലയിൽ. കുറ്റിലക്കര തൂമ്പാലൻ വീട്ടീൽ പരേതനായ ദേവസിയുടെ മകൻ ടി.ഡി. ജോസ് (55) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മുതൽ ജോസിനെ കാണാനില്ലായിരുന്നു. അന്വേഷണത്തിൽ വീടിന്റെ എതിർ വശത്തെ പറമ്പിലെ കിണറിന് സമീപം ജോസ് ഉപയോഗിക്കുന്ന മുണ്ട് കണ്ടെത്തി. കിണറ്റിൽ മൃതദേഹവും കണ്ടെത്തി.

തുടർന്ന് കാലടി പൊലീസും അങ്കമാലി അഗ്നി രക്ഷസേനയും ചേർന്ന് മൃതദേഹം കിണറ്റിൽ നിന്നു പുറത്തെത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ജാൻസി. മക്കൾ: ആൻ മരിയ, ആൽബിൻ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309916/missing-housewife-found-dead-in-karamanayat-in-thiruvananthapuram)