---
title: "ക്രിമിനൽ കേസുകളിൽ പ്രതി; മാര്‍വാടിയില്‍ 70 ലക്ഷം രൂപ കവര്‍ന്ന കേസിൽ കൊയിലാണ്ടി സ്വദേശി പിടിയിൽ"
english_title: "Koyilandy native arrested in case of theft of Rs 70 lakh in Marwadi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309900/koyilandy-native-arrested-in-case-of-theft-of-rs-70-lakh-in-marwadi"
published_at: "2025-08-20T21:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5ee3373d45_541561.jpg"
keywords: []
---

# ക്രിമിനൽ കേസുകളിൽ പ്രതി; മാര്‍വാടിയില്‍ 70 ലക്ഷം രൂപ കവര്‍ന്ന കേസിൽ കൊയിലാണ്ടി സ്വദേശി പിടിയിൽ

> **Lead Summary:** **കോഴിക്കോട്: ** മുംബൈയിലെ മാര്‍വാടിയില്‍ നിന്ന് 70ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശി പുളിയഞ്ചേരി അട്ടവയലില്‍ സുജിന്‍രാജിനെ മുംബൈയില്‍ നിന്നെത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. അതേസമയം കൊയിലാണ്ടി സ്വദേശിയായ മറ്റൊരാളെയും കേസില്‍ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്.

## Article Content

**കോഴിക്കോട്: ** മുംബൈയിലെ മാര്‍വാടിയില്‍ നിന്ന് 70ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയായ കൊയിലാണ്ടി സ്വദേശി പുളിയഞ്ചേരി അട്ടവയലില്‍ സുജിന്‍രാജിനെ മുംബൈയില്‍ നിന്നെത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. അതേസമയം കൊയിലാണ്ടി സ്വദേശിയായ മറ്റൊരാളെയും കേസില്‍ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്.

സുജിന്‍ രാജിനെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് സംഘം മുംബൈയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കൊയിലാണ്ടിയില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സുജിന്‍. ഇയാള്‍ പിന്നീട് മുംബൈയിലേക്ക് കടക്കുകയായിരുന്നു. പാലക്കാട് മുതല്‍ മംഗളൂരു വരെയുള്ള നിരവധി പേര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മറ്റ് പ്രതികളെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘം.

മറ്റൊരു സംഭവത്തിൽ, നാദാപുരം ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ മോഷണം. വീട്ടിൽ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷണം പോയി. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു. ഇരിങ്ങണ്ണൂരിലെ മുടവന്തേരി കീഴില്ലത്ത് ടി.പി.അബൂബക്കറിന്റെ വീട്ടിലാണ് മോഷണം. ഇക്കഴിഞ്ഞ 17-ാം തിയ്യതി ഞായറാഴ്ച വൈകിട്ട് 5.30നും രാത്രി 1.30നും ഇടയിലുള്ള സമയത്താണ് വീടിന്റെ മുകളിലത്തെ നിലയിലെ അലമാരയിൽ നിന്ന് ഏഴ് ലക്ഷത്തിൽപരം രൂപയുടെ സ്വർണവും പണവും നഷ്ടപ്പെട്ടത്.

50,000 രൂപയുടെ കെട്ടിൽ നിന്ന് 6,000 രൂപ മാത്രം എടുത്ത് ബാക്കി അലമാരയിൽ തന്നെ വച്ചു. സ്വർണവും 6,000 രൂപയുമെടുത്താണ് മോഷ്ടാവ് മുങ്ങിയത്. അബൂബക്കറുടെ മകൻ അബ്ദുൽ സഹലിന്റെ വിവാഹമായിരുന്നു ഞായറാഴ്ച. അലമാരയുടെ താക്കോൽ സമീപത്തു തന്നെ സൂക്ഷിച്ചതായിരുന്നു. ഈ താക്കോൽ ഉപയോഗിച്ചാണ് അലമാര തുറന്നതും മോഷണം നടത്തിയതും. നാദാപുരം അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309900/koyilandy-native-arrested-in-case-of-theft-of-rs-70-lakh-in-marwadi)