---
title: "ഡല്‍ഹി മുഖ്യമന്ത്രിക്ക് നേരെയുള്ള ആക്രമണം: വധശ്രമത്തിന് കേസെടുത്തു, മൃഗസ്നേഹത്താലെന്ന് പ്രതിയുടെ അമ്മ"
english_title: "Attack on Delhi Chief Minister Case registered for attempt to murder accused mother says it was out of love for animals"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309849/attack-on-delhi-chief-minister-case-registered-for-attempt-to-murder-accused-mother-says-it-was-out-of-love-for-animals"
published_at: "2025-08-20T16:23:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5a9602bdb0_yuytu.jpg"
keywords: []
---

# ഡല്‍ഹി മുഖ്യമന്ത്രിക്ക് നേരെയുള്ള ആക്രമണം: വധശ്രമത്തിന് കേസെടുത്തു, മൃഗസ്നേഹത്താലെന്ന് പ്രതിയുടെ അമ്മ

> **Lead Summary:** ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് പൊലീസ് നിഗമനം. പ്രതിയായ രാജേഷ് ഖിംജിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇന്നലെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെത്തിയ ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

## Article Content

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് പൊലീസ് നിഗമനം. പ്രതിയായ രാജേഷ് ഖിംജിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇന്നലെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെത്തിയ ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ പരാതിക്കാരൻ എന്ന വ്യാജേനയെത്തിയ രാജേഷ് ഖിംജി മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു.

അതേസമയം, ആക്രമണത്തിൽ ഖിംജിയുടെ അമ്മ മാപ്പ് പറഞ്ഞു.

''എന്റെ മകന് നായകളെ വലിയ ഇഷ്ടമാണ്. ഡൽഹിയിലെ തെരുവുനായകളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്ന് ഈയിടെ സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയിൽ അവന് നല്ല വിരോധമുണ്ടായിരുന്നു. അതിനുശേഷം അവൻ ഡൽഹിയിലേക്ക് പോയി. അതിന് ശേഷം ഞങ്ങൾക്ക് അവനെക്കുറിച്ച് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല'' - ഭാനു പറയുന്നു.

ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്രിയ (41)ആണ് ഇന്ന് രാവിലെ ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ചത്. ദൃക്സാക്ഷികളുടെ മൊഴിയനുസരിച്ച്, ചില രേഖകളുമായി മുഖ്യമന്ത്രിയെ സമീപിച്ച സക്രിയ പെട്ടെന്ന് ബഹളംവെക്കുകയും ആക്രമിക്കുകയുമായിരുന്നു. പ്രതി മദ്യപിച്ചിരുന്നതായി ആരോപണമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. തന്റെ ബന്ധുവിനെ അറസ്റ്റ് ചെയ്ത വിഷയത്തിൽ സഹായമഭ്യർഥിച്ച് മുഖ്യമന്ത്രിയെ കാണാൻ വന്നതായിരുന്നു സക്രിയ എന്നും റിപ്പോർട്ടുകളുണ്ട്.

പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി ആക്രമണത്തെ അപലപിച്ചു. രേഖ ഗുപ്തക്കെതിരായ അക്രമം അപലപനീയമാണ്. ജനാധിപത്യത്തിൽ പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ട്. എന്നാൽ, അവിടെ അക്രമത്തിന് സ്ഥാനമില്ല. കുറ്റവാളികൾക്കെതിരേ പൊലീസ് കർശനമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതിഷി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309849/attack-on-delhi-chief-minister-case-registered-for-attempt-to-murder-accused-mother-says-it-was-out-of-love-for-animals)