---
title: "തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിൽ തീയും പുകയും; ഒഴിവായത് വൻ അപകടം"
english_title: "Fire and smoke engulfed a KSRTC bus running in Thiruvananthapuram."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309722/fire-and-smoke-engulfed-a-ksrtc-bus-running-in-thiruvananthapuram"
published_at: "2025-08-20T09:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a548c30b859_fire.jpg"
keywords: []
---

# തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിൽ തീയും പുകയും; ഒഴിവായത് വൻ അപകടം

> **Lead Summary:** തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ തീയും പുകയും. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ആറ്റിങ്ങൽ മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാൻഡിന് സമീപം എത്തിയപ്പോഴാണ് തീയും പുകയും ഉയർന്നത്. പരിസരവാസികളുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.

## Article Content

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ തീയും പുകയും. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് ആറ്റിങ്ങൽ മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാൻഡിന് സമീപം എത്തിയപ്പോഴാണ് തീയും പുകയും ഉയർന്നത്. പരിസരവാസികളുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.

50 ഓളം യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസിലാണ് തീപിടുത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ട് ബസ് ദേശീയ പാതയിൽ മുനിസിപ്പൽ ബസ് സ്റ്റാൻ്റിന് സമീപത്ത് നിർത്തിയ ശേഷം യാത്രക്കാരെ പുറത്ത് ഇറക്കി. ഇതിനിടെ യാത്രക്കാരുടെ ബാഗുകളിലേയ്ക്കും തീ പടർന്നത് പരിഭ്രാന്തി പടർത്തി. ജീവനക്കാർക്കൊപ്പം സമീപവാസികളും കൂടി ചേർന്നതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി. സമീപത്തെ വ്യാപാര സ്ഥാപനത്തിനുളളിലെ അഗ്നി നിയന്ത്രണ സംവിധാനം എത്തിച്ചാണ് തീ കെടുത്തിയത്.

ഉച്ച കഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. ബസിന്റെ ഉൾവശത്തെ ചാർജിങ് സോക്കറ്റ് സമീപത്തു നിന്നാണ് തീയും പുകയുയർന്നത്. ഇതിനോട് ചേർന്ന് വച്ചിരുന്ന ബാഗുകളിലും തീ പടർന്നു. അപകട സമയത്ത് അൻപതോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തീയും പുകയും കണ്ട് ഉടൻ ബസ് റോഡ് അരികിലേക്ക് ഒതുക്കുകയും യാത്രക്കാരെ ബസ് ജീവനക്കാർ സുരക്ഷിതരായി പുറത്തിറക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309722/fire-and-smoke-engulfed-a-ksrtc-bus-running-in-thiruvananthapuram)