---
title: "തോട്ടപ്പള്ളിയിലെ സ്ത്രീയുടെ  കൊലപാതകം; പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ടതാണോയെന്ന് സംശയം, അന്വേഷണം ഊർജിതം   "
english_title: "Murder of a woman in Thottappally; Suspicion that she was killed during an attempted rape,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309721/murder-of-a-woman-in-thottappally-suspicion-that-she-was-killed-during-an-attempted-rape"
published_at: "2025-08-20T09:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a546fcf2057_crime.jpg"
keywords: []
---

# തോട്ടപ്പള്ളിയിലെ സ്ത്രീയുടെ  കൊലപാതകം; പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ടതാണോയെന്ന് സംശയം, അന്വേഷണം ഊർജിതം   

> **Lead Summary:** തോട്ടപ്പള്ളിക്കടുത്ത് ഒറ്റപ്പനയിൽ തനിച്ചു താമസിക്കുന്ന സ്ത്രീയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോഷണമല്ല പിന്നിലെന്നു വ്യക്തമായ സാഹചര്യത്തിൽ പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ടതാണോയെന്നും അന്വേഷണസംഘം സംശയിക്കുന്നു.

## Article Content

തോട്ടപ്പള്ളിക്കടുത്ത് ഒറ്റപ്പനയിൽ തനിച്ചു താമസിക്കുന്ന സ്ത്രീയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോഷണമല്ല പിന്നിലെന്നു വ്യക്തമായ സാഹചര്യത്തിൽ പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ടതാണോയെന്നും അന്വേഷണസംഘം സംശയിക്കുന്നു.

ഈ വഴിക്കും പോലീസ് അന്വേഷണം തുടങ്ങി. മരിച്ച സ്ത്രീയുടെ ഫോണിലേക്കുവന്ന വിളികൾ സംബന്ധിച്ച പരിശോധനയ്ക്കായി പോലീസ് സൈബർ വിഭാഗത്തിന്റെ സേവനവും അന്വേഷണസംഘം തേടിയിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നു. ഒറ്റപ്പന ചെമ്പകപ്പള്ളിൽ ഹംലത്തി(62)നെയാണ് ഞായറാഴ്ച വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണംനടന്ന് മണിക്കൂറുകൾ കഴിഞ്ഞുമാത്രം മൃതദേഹം കണ്ടെത്തിയത് പരിശോധനയെ ബാധിച്ചു. ദേഹത്ത് ആന്തരികമോ ബാഹ്യമോ ആയ ഗുരുതരപരിക്കുകളും കണ്ടെത്താനായില്ല.

ഉപദ്രവിച്ചതിന്റെ ഒരു സൂചനയുമില്ല. പോസ്റ്റ്‌മോർട്ടം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കിട്ടാൻ ദിവസങ്ങളെടുക്കും. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയപരിശോധനാഫലവും ലഭിക്കാനുണ്ട്. ഇതു രണ്ടും അന്വേഷണത്തിനു നിർണായകമാണ്. അമ്പലപ്പുഴ ഡിവൈഎസ്‌പി കെ.എൻ. രാജേഷിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എം. പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കേസന്വേഷിക്കുന്നത്.

ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ചൊവ്വാഴ്ച വൈകുന്നേരം അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ അന്വേഷണസംഘത്തിന്റെ യോഗംവിളിച്ച് അന്വേഷണപുരോഗതി വിലയിരുത്തി. കേസുമായി ബന്ധപ്പെട്ട് ഇനിയും വ്യക്തത വരാനുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309721/murder-of-a-woman-in-thottappally-suspicion-that-she-was-killed-during-an-attempted-rape)