---
title: "സംസ്ഥാനത്ത് ഇടത്തരം മഴ തുടരും; മലയോര മേഖലകളില്‍ മഴ കനത്തേക്കും"
english_title: "The Central Meteorological Department has warned that moderate rains are likely to continue in the state."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309715/the-central-meteorological-department-has-warned-that-moderate-rains-are-likely-to-continue-in-the-state"
published_at: "2025-08-20T08:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a53f2c459c0_rain.jpg"
keywords: []
---

# സംസ്ഥാനത്ത് ഇടത്തരം മഴ തുടരും; മലയോര മേഖലകളില്‍ മഴ കനത്തേക്കും

> **Lead Summary:** സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

## Article Content

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന്, മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രാവിലെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം മുംബൈയിലെ സ്കൂളുകൾക്കും കോളേജുകൾക്കും ബുധനാഴ്ച മഴ കാരണം അവധിയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ബിഎംസി ഇക്കാര്യം അറിയിച്ചത്. സാമൂഹിക മാധ്യമങ്ങളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ച വ്യാജ സന്ദേശത്തെ ബിഎംസി പ്രത്യേകം എടുത്തുപറഞ്ഞു.

> "ഇതൊരു വ്യാജ സന്ദേശമാണ്. ബിഎംസി തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ ഇത്തരത്തിലുള്ള ഒരു വിവരവും പുറത്തുവിട്ടിട്ടില്ല," എന്ന് ബിഎംസി എക്സിൽ പോസ്റ്റ് ചെയ്തു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ഓഗസ്റ്റ് 20ന് മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്ന് വ്യാജ സന്ദേശത്തിൽ പറഞ്ഞിരുന്നു.

എന്നാൽ, യഥാർത്ഥത്തിൽ ഓഗസ്റ്റ് 20ന് മുംബൈ, താനെ, പാൽഘർ ജില്ലകളിൽ ഓറഞ്ച് അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചില സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ബിഎംസി വ്യക്തമാക്കി. സമീപ ജില്ലയായ റായ്ഗഡിൽ മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309715/the-central-meteorological-department-has-warned-that-moderate-rains-are-likely-to-continue-in-the-state)