---
title: "തിരച്ചിലിനൊടുവിൽ ആശ്വാസം; മധ്യപ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ യുവതിയെ കണ്ടെത്തി"
english_title: "Woman missing during train journey in Madhya Pradesh found"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309676/woman-missing-during-train-journey-in-madhya-pradesh-found"
published_at: "2025-08-19T20:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a496f57afae_archana.jpg"
keywords: []
---

# തിരച്ചിലിനൊടുവിൽ ആശ്വാസം; മധ്യപ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ യുവതിയെ കണ്ടെത്തി

> **Lead Summary:** നീണ്ട തിരച്ചിലിനൊടുവിൽ ആശ്വാസമായി മധ്യപ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ യുവതിയെ കണ്ടെത്തി. സിവില്‍ ജഡ്ജ് ഉദ്യോഗാര്‍ത്ഥിയായ അര്‍ച്ചന തിവാരി യെയാണ് അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത്. കാണാതായ ദിവസം മുതൽ അര്‍ച്ചനയുടെ വീട്ടുകാര്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്നാണ് അര്‍ച്ചനയെ കണ്ടെത്തിയത്.

## Article Content

നീണ്ട തിരച്ചിലിനൊടുവിൽ ആശ്വാസമായി മധ്യപ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ യുവതിയെ കണ്ടെത്തി. സിവില്‍ ജഡ്ജ് ഉദ്യോഗാര്‍ത്ഥിയായ അര്‍ച്ചന തിവാരി യെയാണ് അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത്. കാണാതായ ദിവസം മുതൽ അര്‍ച്ചനയുടെ വീട്ടുകാര്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്നാണ് അര്‍ച്ചനയെ കണ്ടെത്തിയത്.

സഹോദരിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചുവെന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസ് തന്നെ പുറത്തുവിടുമെന്നും അര്‍ച്ചനയുടെ സഹോദരന്‍ ദിവ്യാന്‍ഷു മിശ്ര പ്രതികരിച്ചു. അര്‍ച്ചന അമ്മയോട് സംസാരിച്ചു. അര്‍ച്ചനയെ കൂട്ടികൊണ്ടുവരാനായി പ്രദേശത്തേക്ക് റെയില്‍വേ പോലീസ് സംഘം യാത്രതിരിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഏഴിനാണ് അര്‍ച്ചന തിവാരിയെ കാണാതായത്. അന്നേദിവസം ഇന്ദോറില്‍ ജുഡീഷ്യല്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന അര്‍ച്ചന സ്വദേശമായ കത്‌നിയിലേക്ക് ഇന്ദോര്‍-ബിലാസ്പുര്‍ നര്‍മദ എക്‌സ്പ്രസില്‍ യാത്രചെയ്യുകയായിരുന്നു.

രാത്രി പത്തേകാലിന് റാണി കമലാപതി റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് അര്‍ച്ചന അവസാനമായി അമ്മയോട് സംസാരിച്ചത്. അതിനുശേഷം അര്‍ച്ചനയേപ്പറ്റി യാതൊരു വിവരവുമില്ലായിരുന്നു. ഏറെ വൈകിയിട്ടും കത്‌നിയിൽ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഉമരിയ റെയില്‍വേ സ്റ്റേഷനില്‍ അര്‍ച്ചനയുടെ ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. മൊബൈല്‍ സിഗ്നലിന്റെ അവസാന ലൊക്കേഷന്‍ റാണി കമലാപതി റെയില്‍വേ സ്റ്റേഷൻ പരിസരത്തായിരുന്നു.

അര്‍ച്ചനയെ അവസാനമായി കണ്ട പ്രദേശത്തുള്ള വനമേഖലകളിലടക്കം ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ച് പരിശോധന നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. അര്‍ച്ചനയുടെ ഫോണിലെ കോള്‍വിവരങ്ങള്‍, സാമൂഹികമാധ്യമം എന്നിവയും പോലീസ് പരിശോധിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. അതേസമയം, കാണാതായ സമയത്ത് അര്‍ച്ചന ഗ്വാളിയാറിലുള്ള ഒരാളുമായി ബന്ധം പുലര്‍ത്തിയിരുന്നതായാണ് സൂചന. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309676/woman-missing-during-train-journey-in-madhya-pradesh-found)