---
title: " അംഗീകാരമില്ലാത്ത കോഴ്‌സുകൾക്ക്  നടത്തി വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി, ചോദ്യംചെയ്യാൻ വിളിപ്പിച്ച വിദ്യാഭ്യാസസ്ഥാപന ഉടമ ജീവനൊടുക്കി "
english_title: "Courses not accredited; Educational institution owner who was summoned for questioning commits suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309469/courses-not-accredited-educational-institution-owner-who-was-summoned-for-questioning-commits-suicide"
published_at: "2025-08-19T07:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a3d5a19f030_dead.jpg"
keywords: []
---

#  അംഗീകാരമില്ലാത്ത കോഴ്‌സുകൾക്ക്  നടത്തി വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി, ചോദ്യംചെയ്യാൻ വിളിപ്പിച്ച വിദ്യാഭ്യാസസ്ഥാപന ഉടമ ജീവനൊടുക്കി 

> **Lead Summary:** അംഗീകാരമില്ലാത്ത പാരാമെഡിക്കൽ കോഴ്‌സുകൾ നടത്തി വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകിയിരുന്ന സ്ഥാപനത്തിന്റെ ഉടമ പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനെത്തുടർന്ന് ജീവനൊടുക്കി. കൊല്ലം കോളേജ് ജങ്ഷനിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽസ് എന്ന സ്ഥാപനം നടത്തുന്ന അമൽ ശങ്കറാണ്‌ ജീവനൊടുക്കിയത്.

## Article Content

അംഗീകാരമില്ലാത്ത പാരാമെഡിക്കൽ കോഴ്‌സുകൾ നടത്തി വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകിയിരുന്ന സ്ഥാപനത്തിന്റെ ഉടമ പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനെത്തുടർന്ന് ജീവനൊടുക്കി. കൊല്ലം കോളേജ് ജങ്ഷനിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽസ് എന്ന സ്ഥാപനം നടത്തുന്ന അമൽ ശങ്കറാണ്‌ ജീവനൊടുക്കിയത്.

കോളേജ് ജങ്ഷനിൽ വർഷങ്ങളായി വിദ്യാഭ്യാസസ്ഥാപനം നടത്തിവരികയാണ് അമൽ ശങ്കറും ഭാര്യ രേഖാകുമാരിയും. ഭാരത് സേവക് സമാജിന്റെ പരിശീലനകേന്ദ്രമാണ് ഇതെന്നാണ് ഇവർ കുട്ടികളോട് പറഞ്ഞിരുന്നത്. ലാബ് ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്‌നീഷ്യൻ തുടങ്ങിയ കോഴ്‌സുകളാണ് പ്രധാനമായും സ്ഥാപനത്തിൽ നടത്തിയിരുന്നത്. ഇവിടെനിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥികൾ ഇന്റേൺഷിപ്പിനും ജോലിക്കും ശ്രമിക്കുമ്പോഴാണ് കോഴ്‌സുകൾക്ക് അംഗീകാരമില്ലെന്ന് അറിയുന്നത്.

സർട്ടിഫിക്കറ്റുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ചെന്നൈയിലുള്ള മറ്റ് വിദ്യാർഥികളുടെ വിവരങ്ങളും കിട്ടിയിരുന്നു. ഇതേത്തുടർന്ന് കുട്ടികൾ സ്ഥാപനത്തിലെത്തി ബഹളംവെച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച പരാതിയും നൽകി.

വിദ്യാർഥികളെയും സ്ഥാപന ഉടമകളെയും തിങ്കളാഴ്ച സ്റ്റേഷനിൽ ചർച്ചയ്ക്കായി വിളിപ്പിച്ചെങ്കിലും അമൽ ശങ്കർ എത്തിയില്ല. രേഖയെയും സ്ഥാപനത്തിന്റെ കൊച്ചിയിൽനിന്നുള്ള പ്രതിനിധികളെയും ചോദ്യംചെയ്യുന്നതിനിടെ അമലിനോട് സ്റ്റേഷനിൽ എത്താൻ ഈസ്റ്റ് പോലീസ് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇയാളുടെ ഫോൺ സ്വിച്ച് ഓഫായി. വൈകീട്ട് നാലരയോടെയാണ് വാളകം അറയ്ക്കലിൽ ഭാര്യയുടെ വീടായ രേഖാമന്ദിരത്തിൽ അമലിനെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം. ഹൈദരാബാദിൽ എൽഎൽബി വിദ്യാർഥിയായ അഭിറാം ശങ്കറാണ് മകൻ.

***(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ്‌ ലൈനിൽ ബന്ധപ്പെടാം. നമ്പർ: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309469/courses-not-accredited-educational-institution-owner-who-was-summoned-for-questioning-commits-suicide)