---
title: "105-ാo വയസ്സിൽ ഡിജിറ്റൽ സാക്ഷരത കൈവരിച്ച  അബ്ദുല്ലയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല - മന്ത്രി എം.ബി. രാജേഷ്"
english_title: "Minister M.B. Rajesh congratulates M.A. Abdullah Maulavi for achieving digital literacy through the state government's digital literacy project"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309437/minister-mb-rajesh-congratulates-ma-abdullah-maulavi-for-achieving-digital-literacy-through-the-state-governments-digital-literacy-project"
published_at: "2025-08-18T20:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a33e86abd89_4735.jpg"
keywords: []
---

# 105-ാo വയസ്സിൽ ഡിജിറ്റൽ സാക്ഷരത കൈവരിച്ച  അബ്ദുല്ലയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല - മന്ത്രി എം.ബി. രാജേഷ്

> **Lead Summary:** **കൊച്ചി: ** പുതിയ സാങ്കേതിക വിദ്യകൾ പഠിക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 105 വയസ്സുള്ള എം.എ. അബ്ദുല്ല മൗലവി. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, അശമന്നൂർ സ്വദേശിയായ ഇദ്ദേഹം സംസ്ഥാന സർക്കാറിൻ്റെ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയിലൂടെയാണ് മൊബൈൽ ഫോൺ ഉപയോഗിക്കാൻ പഠിച്ചത്. ഈ നേട്ടത്തിന് അദ്ദേഹത്തെ അഭിനന്ദിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നേരിട്ടെത്തി.

## Article Content

**കൊച്ചി: ** പുതിയ സാങ്കേതിക വിദ്യകൾ പഠിക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 105 വയസ്സുള്ള എം.എ. അബ്ദുല്ല മൗലവി. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, അശമന്നൂർ സ്വദേശിയായ ഇദ്ദേഹം സംസ്ഥാന സർക്കാറിൻ്റെ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയിലൂടെയാണ് മൊബൈൽ ഫോൺ ഉപയോഗിക്കാൻ പഠിച്ചത്. ഈ നേട്ടത്തിന് അദ്ദേഹത്തെ അഭിനന്ദിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നേരിട്ടെത്തി.

അബ്ദുല്ല മൗലവി കേരളത്തിന്റെ യഥാർത്ഥ നായകനാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളം മാറുമ്പോൾ, അതിൻ്റെ ചരിത്രത്തിലെ ഒരു പ്രധാന കണ്ണിയായി അബ്ദുല്ല മൗലവി മാറുന്നു. കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് 65 വയസ്സുവരെ ഉള്ളവർക്കാണ് സാധാരണയായി ഡിജിറ്റൽ സാക്ഷരതാ പരിശീലനം നൽകുന്നത്. എന്നാൽ പ്രായം പരിഗണിക്കാതെ 105 വയസ്സുള്ള അബ്ദുല്ല മൗലവിക്കും പഠനത്തിനുള്ള അവസരം നൽകിയ കേരളത്തിൻ്റെ മാതൃകാപരമായ സമീപനത്തെ മന്ത്രി പ്രശംസിച്ചു. ഇത് കേരളത്തിൻ്റെ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​അബ്ദുല്ല മൗലവിയുടെ നിശ്ചയദാർഢ്യത്തെയും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹത്തെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. സമ്മാനമായി ഒരു പുതിയ സ്മാർട്ട് ഫോണും അദ്ദേഹം മൗലവിക്ക് നൽകി. മൊബൈൽ ഫോൺ ഉപയോഗിച്ച് യൂട്യൂബ് കാണുന്നതും, വിദേശത്തുള്ള കൊച്ചുമകനുമായി വീഡിയോ കോൾ ചെയ്യുന്നതും അബ്ദുല്ല മൗലവി മന്ത്രിയെ കാണിച്ചു. പുതിയ ഫോണിൽ മന്ത്രിയെ തിരിച്ചു വിളിക്കാമെന്ന് മൗലവി സന്തോഷത്തോടെ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309437/minister-mb-rajesh-congratulates-ma-abdullah-maulavi-for-achieving-digital-literacy-through-the-state-governments-digital-literacy-project)