---
title: "അമ്പലത്തിലെ രുചിയിൽ നെയ്പ്പായസം എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയാലോ ....?"
english_title: " easily make temple-style Neepawasam at home."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309396/easily-make-temple-style-neepawasam-at-home"
published_at: "2025-08-18T16:15:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a30457c897a_6.jpg"
keywords: []
---

# അമ്പലത്തിലെ രുചിയിൽ നെയ്പ്പായസം എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയാലോ ....?

> **Lead Summary:** **[** അമ്പലങ്ങളിൽ നിന്ന് പ്രസാദമായി ലഭിക്കുന്ന അതേ രുചിയിലും മണത്തിലും വളരെ എളുപ്പത്തിൽ വീട്ടിൽ നെയ്പ്പായസം തയ്യാറാക്കാം. പ്രഷർ കുക്കർ ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ പായസത്തിന് കടുംപായസം എന്നും പേരുണ്ട്.

## Article Content

**[** അമ്പലങ്ങളിൽ നിന്ന് പ്രസാദമായി ലഭിക്കുന്ന അതേ രുചിയിലും മണത്തിലും വളരെ എളുപ്പത്തിൽ വീട്ടിൽ നെയ്പ്പായസം തയ്യാറാക്കാം. പ്രഷർ കുക്കർ ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ പായസത്തിന് കടുംപായസം എന്നും പേരുണ്ട്.

ആദ്യം അരി വേവിക്കലാണ് ഒരു കപ്പ് പുഴുക്കലരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം പ്രഷർ കുക്കറിലേക്ക് ഇടുക. അരി വേവിക്കുന്നതിനായി ഏകദേശം മൂന്ന് കപ്പ് വെള്ളം ഒഴിച്ച് കുക്കർ അടച്ചുവെക്കുക ശേഷം മീഡിയം തീയിൽ മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക. തീ ഓഫ് ചെയ്ത് പ്രഷർ തനിയെ പോകാൻ അനുവദിക്കുക.

അരി വെന്തുടഞ്ഞു പോകാതെ ശ്രദ്ധിക്കണം. അടുത്തത് ശർക്കര പാനി തയ്യാറാക്കലാണ്. അരി വേവുന്ന സമയത്ത്, അര കിലോ ശർക്കര ഒരു പാത്രത്തിൽ എടുത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് ഉരുക്കിയെടുക്കുക. ഇനി പായസം തയ്യാറാക്കാം പ്രഷർ പോയ ശേഷം കുക്കർ തുറന്ന് വെന്ത അരിയിലേക്ക് തയ്യാറാക്കിവെച്ച ശർക്കരപ്പാനി അരിച്ച് ഒഴിക്കുക.

ഇത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വീണ്ടും മീഡിയം തീയിൽ വെച്ച് തിളപ്പിക്കുക. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. ശർക്കരയും അരിയും യോജിച്ച് പായസം കുറുകി വരുമ്പോൾ അതിന്റെ നിറം മാറിത്തുടങ്ങും. പായസം കുറുകി തുടങ്ങുമ്പോൾ ഇതിലേക്ക് ഘട്ടം ഘട്ടമായി നെയ്യ് ചേർത്തുകൊടുക്കുക. ഓരോ ടേബിൾസ്പൂൺ നെയ്യ് വീതം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.

പായസം പാകമായി വരുമ്പോൾ അര ടേബിൾസ്പൂൺ ഏലയ്ക്കാപ്പൊടിയും നാലോ അഞ്ചോ കൃഷ്ണതുളസിയിലയും ചേർത്ത് നന്നായി ഇളക്കുക. പായസം പാകത്തിന് കുറുകി കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം. ശേഷം, ചെറുതായി വട്ടത്തിൽ അരിഞ്ഞുവെച്ച രണ്ട് പാളയംകോടൻ പഴം ചേർത്ത് ഇളക്കുക. പായസത്തിന്റെ ചൂടിൽ പഴം ചെറുതായി വെന്തുകൊള്ളും.

ഒരു പാനിൽ കുറച്ച് നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് പായസത്തിന് മുകളിൽ ചേർക്കാം. ഇതോടെ അമ്പലത്തിലെ അതേ രുചിയുള്ള നെയ്പ്പായസം തയ്യാർ. ചൂടോടെ വാഴയിലയിൽ വിളമ്പാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309396/easily-make-temple-style-neepawasam-at-home)