---
title: "ശക്തമായ മഴയും കാറ്റും; മൂന്നാറിൽ മണ്ണിടിച്ചിൽ"
english_title: "Heavy rain and wind; Landslide in Munnar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309322/heavy-rain-and-wind-landslide-in-munnar"
published_at: "2025-08-18T12:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2ca2f77204_landslide.jpg"
keywords: []
---

# ശക്തമായ മഴയും കാറ്റും; മൂന്നാറിൽ മണ്ണിടിച്ചിൽ

> **Lead Summary:** ശക്തമായ മഴയെ തുടർന്ന് മൂന്നാറിൽ മണ്ണിടിച്ചിൽ. വഴിയോര കടകൾക്ക് മുകളിലാണ് മണ്ണ് പതിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്ത് കനത്ത മഴയും കാറ്റുമാണ്.

## Article Content

ശക്തമായ മഴയെ തുടർന്ന് മൂന്നാറിൽ മണ്ണിടിച്ചിൽ. വഴിയോര കടകൾക്ക് മുകളിലാണ് മണ്ണ് പതിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്ത് കനത്ത മഴയും കാറ്റുമാണ്.

ജൂലൈ 27ന് ശക്തമായ കാറ്റിലും മഴയിലും മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. മൂന്നാർ ടൗണിലെ ആർ.ഒ ജങ്ഷനിൽ മണ്ണിടിഞ്ഞ് കമ്പിളി വസ്ത്രങ്ങൾ വിൽക്കുന്ന കടകൾക്ക് മുകളിൽ പതിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 3 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 2 ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമായി നിലനിർത്തുന്നത്. ഇത് കാരണം കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ അറബിക്കടലിൽ ന്യുന മർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ന് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു.

സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. സ്കൂൾ തലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. ഇന്ന് നടക്കേണ്ട ഓണപ്പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. മുൻകൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.

ന്യൂനമർദ്ദം സംബന്ധിച്ച അറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു. വിദർഭക്ക് മുകളിൽ മറ്റൊരു ന്യൂന മർദ്ദവും രൂപപ്പെട്ടിട്ടുണ്ട്. ഇത് കാരണം കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ അറബിക്കടലിൽ ന്യുന മർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് 20 -ാം തിയതി വരെ നിലവിലെ മഴ / കാറ്റ് / മൂടി കെട്ടിയ അന്തരീക്ഷ സ്ഥിതി തുടരാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309322/heavy-rain-and-wind-landslide-in-munnar)