---
title: "തൊട്ടിൽപ്പാലത്തെ ബസ് കണ്ടക്ടർക്ക്‌ മർദ്ദനമേറ്റ സംഭവം; ഒരാൾകൂടി അറസ്റ്റിൽ, പിടിയിലായത് കുറ്റ്യാടി വേളം സ്വദേശി, പ്രധാന പ്രതികൾ ഒളിവിൽ"
english_title: "One more person arrested in connection with the assault of a private bus driver from Thottilpalam in Peringathur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309270/one-more-person-arrested-in-connection-with-the-assault-of-a-private-bus-driver-from-thottilpalam-in-peringathur"
published_at: "2025-08-18T09:11:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2a0d699dc6_thottilppalam.jpg"
keywords: []
---

# തൊട്ടിൽപ്പാലത്തെ ബസ് കണ്ടക്ടർക്ക്‌ മർദ്ദനമേറ്റ സംഭവം; ഒരാൾകൂടി അറസ്റ്റിൽ, പിടിയിലായത് കുറ്റ്യാടി വേളം സ്വദേശി, പ്രധാന പ്രതികൾ ഒളിവിൽ

> **Lead Summary:** **കോഴിക്കോട് : ** തൊട്ടിൽപ്പാലത്തെ സ്വകാര്യ ബസ് ഡ്രൈവറെ പെരിങ്ങത്തൂരിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. തലശ്ശേരി - പെരിങ്ങത്തൂർ - തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസ് കണ്ടക്ടർ ഇരിങ്ങണ്ണൂരിലെ കെ.വിഷ്ണുവിനെ ബസിൽ കയറി ക്രൂരമായി ആക്രമിച്ച സംഭവത്തിലാണ് ഒരാൾ കൂടി അറസ്റ്റിലായത്.

## Article Content

**കോഴിക്കോട് : ** തൊട്ടിൽപ്പാലത്തെ സ്വകാര്യ ബസ് ഡ്രൈവറെ പെരിങ്ങത്തൂരിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. തലശ്ശേരി - പെരിങ്ങത്തൂർ - തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസ് കണ്ടക്ടർ ഇരിങ്ങണ്ണൂരിലെ കെ.വിഷ്ണുവിനെ ബസിൽ കയറി ക്രൂരമായി ആക്രമിച്ച സംഭവത്തിലാണ് ഒരാൾ കൂടി അറസ്റ്റിലായത്.

കുറ്റ്യാടി വേളം സ്വദേശി കുഞ്ഞിപ്പറമ്പിൽ കെ.പി ശ്വേതിനെ (34) ആണ് ചൊക്ലി ഇൻസ്പെക്ടർ കെ.വി മഹേഷും സംഘവും പിടികൂടിയത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

കേസിൽ ഇതുവരെ നാല് പേർ അറസ്റ്റിലായി. വാണിമേൽ കൊടിയൂറ സ്വദേശി കുഞ്ഞിപ്പറമ്പത്ത് സൂരജ്, നടുവണ്ണൂരിൽ താഴെപ്പാറയുള്ള പറമ്പത്ത് കെ.സി ബിനീഷ്, തൂണേരി കുഞ്ഞിത്തയ്യുള്ളതിൽ കെ.ടി സിജേഷ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളായ നാദാപുരം വെള്ളൂരിലെ വിശ്വജിത്ത്, പെരിങ്ങത്തൂർ വട്ടക്കണ്ടി സവാദ് എന്നിവരടക്കമുള്ള പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി 19 ന് പരിഗണിക്കുന്നുണ്ട്. വധശ്രമമടക്കം ഒമ്പതോളം വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

പാസിനെ ചൊല്ലി വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ചായിരുന്നു തർക്കം. തുടർന്ന് ബസിലെത്തിയ ഏഴംഗ അക്രമി സംഘമാണ് ബസ് കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചത്. ബസിൽ വച്ച് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന് ഏഴംഗ സംഘത്തിന്‍റെ ക്രൂരമർദ്ദനമേറ്റ ബസ് കണ്ടക്ടർ വിഷ്ണു പറഞ്ഞു.

ബസ് പാസ് മാത്രമാണ് വിദ്യാർത്ഥിനിയോട് ചോദിച്ചതെന്നും പാസ് ഇല്ലാതിരുന്നിട്ടും കൺസഷൻ അനുവദിച്ചുവെന്നും വിഷ്ണു പറഞ്ഞു. പ്രതികൾ ഇന്നോവ കാറിൽ പിന്തുടർന്നെത്തിയാണ് ബസിൽ കയറിയത്. തുടർന്ന് ഇടിവളയും വാഹനത്തിന്റെ താക്കോലും ഉപയോഗിച്ച് തലയ്ക്കും മൂക്കിനും ഇടിച്ചു.

ബസ്സിലെ യാത്രക്കാർ കരഞ്ഞു പറഞ്ഞിട്ടും അക്രമികൾ വെറുതെ വിട്ടില്ല. പ്രതികൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും വിഷ്ണു വ്യക്തമാക്കി. അതേസമയം വിദ്യാർഥിനിയും സുഹൃത്തുക്കളും ബസ്സിൽ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളും ബസ് ജീവനക്കാർ പുറത്ത് വിട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309270/one-more-person-arrested-in-connection-with-the-assault-of-a-private-bus-driver-from-thottilpalam-in-peringathur)