---
title: "വാളയാറിൽ കാർ നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് ഇടിച്ചു കയറി അപകടം; രണ്ട് മരണം"
english_title: "Two dead after tanker hits parked car in Walayar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309086/two-dead-after-tanker-hits-parked-car-in-walayar"
published_at: "2025-08-17T08:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a149da96ab5_d.jpg"
keywords: []
---

# വാളയാറിൽ കാർ നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് ഇടിച്ചു കയറി അപകടം; രണ്ട് മരണം

> **Lead Summary:** പാലക്കാട് വാളയാറിൽ കാറും ലോറിയും കൂട്ടിയിടിട്ട് രണ്ട് തമിഴ്നാട് സ്വദേശികൾക്ക് ദാരുണാന്ത്യം. ലാവണ്യ, മലർ എന്നീ യുവതികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ​ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്.

## Article Content

പാലക്കാട് വാളയാറിൽ കാറും ലോറിയും കൂട്ടിയിടിട്ട് രണ്ട് തമിഴ്നാട് സ്വദേശികൾക്ക് ദാരുണാന്ത്യം. ലാവണ്യ, മലർ എന്നീ യുവതികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ​ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്.

വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. കാറിന്റെ ഇടതുഭാ​ഗത്തുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഏഴ് പേരടങ്ങുന്ന സംഘം കുട്ടികളുടെ സം​ഗീതപരിപാടിയിൽ പങ്കെടുത്ത് മടങ്ങിപ്പോകുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലർ എന്ന യുവതിയുടെ മൂന്ന് വയസുള്ള മകന്റെ നില ​ഗുരുതരമാണ്. കുഞ്ഞിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂരിലേക്ക് മാറ്റിയിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ നിന്നും പരിക്കേറ്റവരെ പുറത്തെടുത്തത്.

അതെ സമയം കുന്നംകുളം കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുനംമൂച്ചി കൂത്തൂര്‍ കൊച്ചപ്പന്‍ മകന്‍ ആന്റണി (59)യാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് അമല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഈ അപകടത്തിലെ മരണം മൂന്നായി. ആൻ്റണിയുടെ ഭാര്യ പുഷ്പ (56) യും ആംബുലന്‍സിലുണ്ടായിരുന്ന രോഗി കണ്ണുര്‍ സ്വദേശി കുഞ്ഞിരാമനും (86) മരിച്ചിരുന്നു.

കുന്നംകുളം ഭാഗത്ത് നിന്ന് വന്ന ആന്റണിയും ഭാര്യ പുഷ്പയും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് റോഡില്‍ മറിഞ്ഞാണ് രോഗിയായ കുഞ്ഞിരാമന്‍ മരിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും നഴ്‌സിനും രോഗിയുടെ ബന്ധുക്കള്‍ക്കും പരുക്കേറ്റിരുന്നു. ആന്റണിയുടെ സംസ്‌കാരം ഇന്ന് രാവിലെ കൂനംമൂച്ചി സെന്റ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309086/two-dead-after-tanker-hits-parked-car-in-walayar)