---
title: "പുനർജനിക്കുന്നത് രാജാരവിവർമ്മ ചിത്രങ്ങൾ; കൊല്ലത്തിന് ഇത് ഇതിഹാസം"
english_title: "Raja Ravi Varma's films are being reborn; this is a legend for Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309048/raja-ravi-varmas-films-are-being-reborn-this-is-a-legend-for-kollam"
published_at: "2025-08-16T20:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0a050a7525_artist.jpg"
keywords: []
---

# പുനർജനിക്കുന്നത് രാജാരവിവർമ്മ ചിത്രങ്ങൾ; കൊല്ലത്തിന് ഇത് ഇതിഹാസം

> **Lead Summary:** **കൊല്ലം: ** രാമായണ മാസം പടിയിറങ്ങുമ്പോൾ ഇടതൂർന്ന് പെയ്യുന്ന മഴയിൽ പാള തലപ്പാവ് തലയിൽ കെട്ടി ചെറു തോടുവെട്ടി കർഷക മിത്രങ്ങളോടു അൽപ്പം നർമ്മ സംഭാഷണത്തിൽ മുഴുകുകയാണ് ആർട്ടിസ്റ്റ് കെ. ഡി പിള്ള എന്ന കൊല്ലത്തുകാരുടെ സ്വന്തം കെ. ദാന കൃഷ്ണപ്പിള്ള .

## Article Content

**കൊല്ലം: ** രാമായണ മാസം പടിയിറങ്ങുമ്പോൾ ഇടതൂർന്ന് പെയ്യുന്ന മഴയിൽ പാള തലപ്പാവ് തലയിൽ കെട്ടി ചെറു തോടുവെട്ടി കർഷക മിത്രങ്ങളോടു അൽപ്പം നർമ്മ സംഭാഷണത്തിൽ മുഴുകുകയാണ് ആർട്ടിസ്റ്റ് കെ. ഡി പിള്ള എന്ന കൊല്ലത്തുകാരുടെ സ്വന്തം കെ. ദാന കൃഷ്ണപ്പിള്ള .

പ്രഭാതത്തിലെ പുല്ലരിയലും , പാക്കുവെട്ടിയിലെ വെറ്റില മുറുക്കും സംഭാഷണത്തിൽ ഇടയ്ക്കിടെ വന്നു പോകുന്നുണ്ടെങ്കിലും ആഢ്യത്വം ഒട്ടും ചോരാത്ത ചിത്ര ദീപ്തങ്ങളുടെ ആയിരം വർണ്ണങ്ങൾ ആ മുഖത്ത് വിരിയുന്ന പുഞ്ചിരിയിൽ കാണാം .

പക്ഷെ കൊല്ലത്തുകാർക്ക് അറിയാത്ത ഒരു സത്യം ഉണ്ട് . 45 ഓളം രവി വർമ്മ ചിത്രങ്ങൾ ഇദ്ദേഹം തൻ്റെ ചായ തൂലികയിൽ വരച്ചിട്ടുണ്ട് .സഹൃദയർക്ക് അപദാനം നൽകി രാമായണ മാസം തീരുമ്പോൾ കുന്നത്തൂരിലെ ഇടക്കുറ്റിയിലെ വീട്ടിലിരുന്ന് കലാജീവിതത്തിൻ്റെ ധന്യതയെ ഹൃദയത്തോട് തൊട്ട് ചേർത്ത് വെയ്ക്കുകയാണ് അദ്ദേഹം .

രവി വർമ്മ ചിത്രങ്ങളുടെ കളർ സ്‌കീമുകൾ അതേ പടി പടിച്ച് വിൻസർ ആൻഡ്‌ ന്യൂട്ടൺ എണ്ണ ചായങ്ങൾ ഉപയോഗിച്ചാണ് ചിത്ര രചന . വരയും , നിറമേകലും രാജാ രവി വർമ്മക്ക് സമാനം . അശോക വനിയിലെ സീത , ജഡായു മോക്ഷം , സീത ഭൂമിദേവിയുടെ അടുത്തേക്ക് മടങ്ങി പോകുന്ന സന്ദർഭം ഇവയെല്ലാം ആർട്ടിസ്റ്റ് പിള്ളയുടെ മുഖ്യ രചനകളാണ് .സീതയുടെ ലക്ഷണങ്ങൾ , മുഖഭാവങ്ങൾ , മുദ്രകൾ , ആംഗ്യം എന്നിവ അശോക വനിയിലെ സീത എന്ന ചിത്രത്തിൽ കാണാൻ സാധിക്കുന്നു .

പള്ളിക്കൽ മേടയിൽ രാമനുണ്ണിത്താൻ്റെ ശിക്ഷണത്തിലായിരുന്നു ചിത്രരചനയുടെ തുടക്കം .തുടർന്ന് ചിത്രകലാഭ്യാസം പൂർത്തിയാക്കി മലപ്പുറം സ്കൂളിൽ സ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു .തുടർന്ന് 1994 മുതൽ രവി വർമ്മ ചിത്രങ്ങളെ കുറിച്ച് പഠിക്കാൻ തുടങ്ങി .മൈസൂരു ജഗൻ മോഹൻ പാലസ്സിലുള്ള മുലയൂട്ടുന്ന അമ്മ എന്ന ചിത്രമാണ് ആദ്യം വരച്ചത് .

തുടർന്ന് വരകൾ ഒരു ശീലമാക്കി .ചിത്ര രചനയെന്ന കൂടാരത്തിൽ രവി വർമ്മയുടെ സ്വപ്നങ്ങൾ പൂർത്തികരിച്ച സന്തോഷത്തിലാണ് ആർട്ടിസ്റ്റ് പിള്ള . കുഴമ്പ് തേച്ച് ഒരു മഴ കുളിയും പാസ്സാക്കി രാമായണത്തിലെ സീതാമോക്ഷം എണ്ണ വിളക്കിൽ തിരിയിട്ട് പ്രാർത്ഥനയിൽ മുഴുകുകയാണ് കുട്ടികളുടെ വര മുത്തച്ഛൻ .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309048/raja-ravi-varmas-films-are-being-reborn-this-is-a-legend-for-kollam)