---
title: "ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയിൽ പാഴ്സൽ‌ വാൻ ഇടിച്ചുകയറി; പാഴ്സൽ വാന്‍ ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "Parcel van collides with gas cylinder lorry in Kollam; Parcel van driver dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308862/parcel-van-collides-with-gas-cylinder-lorry-in-kollam-parcel-van-driver-dies-tragically"
published_at: "2025-08-16T09:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689fffebb5ae3_kollam.jpg"
keywords: []
---

# ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയിൽ പാഴ്സൽ‌ വാൻ ഇടിച്ചുകയറി; പാഴ്സൽ വാന്‍ ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** **കൊല്ലം: **ദേശീയപാതയിൽ നിയന്ത്രണം വിട്ട പാഴ്സൽ വാൻ, ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയിലിടിച്ച് അപകടം. അപകടത്തിൽ എറണാകുളം സ്വദേശിയായ പാഴ്സൽ വാന്‍ ഡ്രൈവർ മരിച്ചു. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയുടെ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട് സിലിണ്ടർ കയറ്റിയ ലോറി മറിയാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

## Article Content

**കൊല്ലം: **ദേശീയപാതയിൽ നിയന്ത്രണം വിട്ട പാഴ്സൽ വാൻ, ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയിലിടിച്ച് അപകടം. അപകടത്തിൽ എറണാകുളം സ്വദേശിയായ പാഴ്സൽ വാന്‍ ഡ്രൈവർ മരിച്ചു. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയുടെ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട് സിലിണ്ടർ കയറ്റിയ ലോറി മറിയാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

ഇന്നു പുലർച്ചെ അഞ്ചരയോടെ ദേശീയപാതയിൽ തട്ടാമല സ്കൂളിനടുത്തായിരുന്നു അപകടം. പാഴ്സൽ വാനിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് സംഘമെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കഴക്കൂട്ടത്തെ പ്ലാന്റിൽ നിന്നും ആലപ്പുഴയിലേക്ക് സിലിണ്ടർ കയറ്റിപ്പോകുകയായിരുന്ന ലോറിയിൽ എതിർദിശയിൽ വന്ന പാഴ്സൽ വാൻ ഇടിച്ചു കയറുകയായിരുന്നു.

മറ്റൊരു സംഭവത്തിൽ, കണിമംഗലം പാലത്തിന് സമീപം പാചകവാതക സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീപിടിച്ചു. ഇന്ന് വൈകീട്ട് 7.30 ഓടുകൂടിയായിരുന്നു അപകടം. ഔദ്യോഗിക ആവശ്യത്തിനായി കണിമംഗലം പാലം വഴി യാത്ര ചെയ്തിരുന്ന റവന്യൂ മന്ത്രി കെ. രാജൻ അടിയന്തരമായി സംഭവസ്ഥലത്ത് എത്തുകയും അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തീ പടർന്നു പിടിക്കാതിരിക്കാനുള്ള നടപടികൾ എടുക്കുകയും ചെയ്തു.

അഗ്നിശമന സേനാംഗങ്ങൾ തീപിടിത്തത്തിന് കാരണമായ ഗ്യാസ് സിലിണ്ടർ സുരക്ഷിതമായി പുറത്തെത്തിച്ച് അപകടം ഒഴിവാക്കി. സംഭവത്തിൽ ആളപായമില്ല.

മറ്റൊരു സംഭവത്തിൽ, ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഏലപ്പാറ ചെമ്മണ്ണിലാണ് സംഭവം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. തീപിടുത്തമുണ്ടായപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാർ പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308862/parcel-van-collides-with-gas-cylinder-lorry-in-kollam-parcel-van-driver-dies-tragically)