---
title: "കോഴിക്കോട് എംഡിഎംഎ വേട്ട; ഒരാൾ അറസ്റ്റിൽ, ഓടി രക്ഷപെട്ട സഹായിക്കായി തിരച്ചിൽ "
english_title: "Massive MDMA bust in Kozhikode, Mathottam native Muhammad Sahad arrested by Dansaf"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308852/massive-mdma-bust-in-kozhikode-mathottam-native-muhammad-sahad-arrested-by-dansaf"
published_at: "2025-08-16T08:18:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ff18fc38c2_8.jpg"
keywords: []
---

# കോഴിക്കോട് എംഡിഎംഎ വേട്ട; ഒരാൾ അറസ്റ്റിൽ, ഓടി രക്ഷപെട്ട സഹായിക്കായി തിരച്ചിൽ 

> **Lead Summary:** കോഴിക്കോട് വൻ എംഡിഎംഎ വേട്ട. 236 ഗ്രാം എംഡിഎംഎയുമായി മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദ് ഡാൻസാഫിന്റെ പിടിയിലായി. ഇയാളുടെ സഹായിയായ മുഹമ്മദ് ഫായിസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഓണം വിപണി ലക്ഷ്യമാക്കി ബെംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

## Article Content

കോഴിക്കോട് വൻ എംഡിഎംഎ വേട്ട. 236 ഗ്രാം എംഡിഎംഎയുമായി മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദ് ഡാൻസാഫിന്റെ പിടിയിലായി. ഇയാളുടെ സഹായിയായ മുഹമ്മദ് ഫായിസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഓണം വിപണി ലക്ഷ്യമാക്കി ബെംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

നിരവധി നാളുകളായി പൊലീസിന്റെയും ഡാൻസാഫിന്റെയും നിരീക്ഷണത്തിലായിരുന്നു ഇവർ. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ബേപ്പൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

​മുഹമ്മദ് സഹദ് മുമ്പ് എംഡിഎംഎ കേസിൽ ഡൽഹിയിൽ ഒന്നര വർഷത്തോളം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായത്. ഇയാളുടെ കൂട്ടാളിയായ മുഹമ്മദ് ഫായിസിനായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.

അതിനിടെ , കോഴിക്കോട് ചെറുവണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചെറുവണ്ണൂർ സ്വദേശി അൽഹുദ വീട്ടിൽ അൽതാഫ് മുഹമ്മദ് എന്നയാളാണ് 160 മില്ലിഗ്രാം എംഡിഎംഎയുമായി പിടിയിലായത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജുവിൻ്റെ കീഴിലെ ജില്ലാ നാർകോട്ടിക് സ്ക്വാഡും പേരാമ്പ്ര ഡിവൈഎസ്പി എൻ സുനിൽ കുമാറിൻ്റെ കീഴിലെ സ്ക്വാഡും മേപ്പയ്യൂർ എസ് ഐ. ഗിരീഷിൻ്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി അൽതാഫിനെ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308852/massive-mdma-bust-in-kozhikode-mathottam-native-muhammad-sahad-arrested-by-dansaf)