---
title: "കാണാൻ കാത്തിരുന്നോളൂ ....;  അത് ഉറപ്പായും നടപ്പാക്കും; വീണ്ടും മെസ്സി വരുമോ എന്ന് ചോദ്യത്തിന് മറുപടി നൽകി വി.അബ്ദുറഹിമാന്‍  "
english_title: "V. Abdurahman answered the question of whether Lionel Messi will come again."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308659/v-abdurahman-answered-the-question-of-whether-lionel-messi-will-come-again"
published_at: "2025-08-15T11:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ed35092d35_messi.jpg"
keywords: []
---

# കാണാൻ കാത്തിരുന്നോളൂ ....;  അത് ഉറപ്പായും നടപ്പാക്കും; വീണ്ടും മെസ്സി വരുമോ എന്ന് ചോദ്യത്തിന് മറുപടി നൽകി വി.അബ്ദുറഹിമാന്‍  

> **Lead Summary:** ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് വീണ്ടും മന്ത്രി വി.അബ്ദുറഹിമാന്‍. വൈക്കത്തെ രണ്ട് ഗവ. സ്‌കൂളുകളില്‍ നിര്‍മിക്കുന്ന കളിക്കളങ്ങളുടെ നിര്‍മാണോദ്ഘാടനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

## Article Content

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് വീണ്ടും മന്ത്രി വി.അബ്ദുറഹിമാന്‍. വൈക്കത്തെ രണ്ട് ഗവ. സ്‌കൂളുകളില്‍ നിര്‍മിക്കുന്ന കളിക്കളങ്ങളുടെ നിര്‍മാണോദ്ഘാടനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ എവിടെ പോയാലും തന്നോട് കുട്ടികള്‍ അടക്കം, മെസ്സി വരുമോ എന്നാണ് ചോദിക്കുന്നത്. സര്‍ക്കാരും കായികവകുപ്പും ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടുണ്ടെങ്കില്‍ അത് ഉറപ്പായും നടപ്പാക്കും. മറിച്ചുള്ള ആരോപണങ്ങളും വിവാദങ്ങളും അനാവശ്യമാണ്. അത് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചുനാള്‍മുമ്പുവരെ മന്ത്രി വീണാജോര്‍ജിനെതിരേയായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നത്. പിന്നെ തനിക്ക് നേരെയായി. സര്‍ക്കാര്‍ നടത്തുന്ന ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ മറയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ പ്രതിപക്ഷമടക്കമുള്ളവര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരളസന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കരാര്‍ ലംഘിച്ചെന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) മാര്‍ക്കറ്റിങ് മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സന്‍ ആരോപിച്ചതിനു പിന്നാലെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. ഇതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും സ്പോണ്‍സര്‍മാരാണ് അര്‍ജന്റീന ടീമുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞിരുന്നു. കരാറിലുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കരാറില്‍ തന്നെയുണ്ട്. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അതാണ് ഏറ്റവു വലിയ കരാര്‍ ലംഘനം. കേരളം കരാര്‍ ലംഘിച്ചു എന്ന് എങ്ങനെയാണ് അദ്ദേഹം പറയുകയെന്നും മന്ത്രി ചോദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308659/v-abdurahman-answered-the-question-of-whether-lionel-messi-will-come-again)