---
title: "ശമ്പളമില്ല പക്ഷെ കേസുണ്ട്;  ആരോഗ്യ  മന്ത്രിയെ കാണാൻ ശ്രമിച്ച താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്"
english_title: "Police have registered a case against temporary employees of Manjeri Medical College Malappuram who tried to meet the Health Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308655/police-have-registered-a-case-against-temporary-employees-of-manjeri-medical-college-malappuram-who-tried-to-meet-the-health-minister"
published_at: "2025-08-15T11:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ed151be802_dfgdgdzhgdshdh.jpg"
keywords: []
---

# ശമ്പളമില്ല പക്ഷെ കേസുണ്ട്;  ആരോഗ്യ  മന്ത്രിയെ കാണാൻ ശ്രമിച്ച താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

> **Lead Summary:** **മലപ്പുറം: ** മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. ശമ്പള പ്രതിസന്ധിയെക്കുറിച്ച്, മന്ത്രി വീണാ ജോർജ്ജിനോട് പരാതി പറയാൻ വന്നവർക്കെതിരെ സംഘം ചേർന്ന് കലാപശ്രമം നടത്തി എന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കെ കെ അനിൽരാജ് നൽകിയ പരാതി കാണിക്കാൻ വന്ന ജീവനക്കാരെ സിപിഎം പ്രവർത്തകർ ഇടപ്പെട്ട് തടയാൻ ശ്രമിച്ചത് ബഹളത്തിനിടയാക്കിയിരുന്നു. ശമ്പളം ഇല്ലെങ്കിലും കേസ് ഉണ്ടെന്നതാണ് മഞ്ചേരി മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരുടെ അവസ്ഥ.

## Article Content

**മലപ്പുറം: ** മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. ശമ്പള പ്രതിസന്ധിയെക്കുറിച്ച്, മന്ത്രി വീണാ ജോർജ്ജിനോട് പരാതി പറയാൻ വന്നവർക്കെതിരെ സംഘം ചേർന്ന് കലാപശ്രമം നടത്തി എന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കെ കെ അനിൽരാജ് നൽകിയ പരാതി കാണിക്കാൻ വന്ന ജീവനക്കാരെ സിപിഎം പ്രവർത്തകർ ഇടപ്പെട്ട് തടയാൻ ശ്രമിച്ചത് ബഹളത്തിനിടയാക്കിയിരുന്നു. ശമ്പളം ഇല്ലെങ്കിലും കേസ് ഉണ്ടെന്നതാണ് മഞ്ചേരി മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരുടെ അവസ്ഥ.

സംഘർഷം ഉണ്ടാക്കുക, കലാപാഹ്വാനം, ദേഹോപദ്രവം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ആരോഗ്യമന്ത്രി വീണാ ജോർജ് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിയത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനുശേഷം മെഡിക്കൽ കോളേജ് സന്ദർശിക്കുകയും നിപ്പ രോഗവിമുക്തയായ രോഗിയെയടക്കം സന്ദർശിച്ചതിനുശേഷം മടങ്ങുന്ന സമയത്താണ് രണ്ടുമാസമായി ശമ്പളം ലഭിക്കാത്ത മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാർ പരാതി പറയാൻ മന്ത്രിയുടെ അടുക്കലേക്ക് എത്തുന്നത്.

ശുചീകരണ തൊഴിലാളികൾ, സ്റ്റാഫ് നഴ്സുമാർ, സെക്യൂരിറ്റി ഗാർഡൻമാർ ഇത്തരത്തിലുള്ള സാധാരണക്കാരായ താൽക്കാലിക ജീവനക്കാരാണ് പരാതി പറയാൻ എത്തിയത്. എന്നാൽ അവിടെ ഉണ്ടായിരുന്ന സിപിഎം പ്രവർത്തകർ അടക്കമുള്ളവർ ജീവനക്കാരെ തടയുന്ന സമീപനമാണ് ഉണ്ടായത്. മന്ത്രിയെ തടയാനോ മന്ത്രിക്ക് നേരെയോ, സുരക്ഷാ ജീവനക്കാർക്ക് നേരെയോ ഒരുതരത്തിലുള്ള ആക്രമവും താൽക്കാലിക ജീവനക്കാർ നടത്തിയിട്ടില്ല. എന്നാൽ കണ്ടാൽ അറിയുന്ന താൽക്കാലിക ജീവനക്കാർ എന്ന പേരിൽ പ്രതിചേർത്തുകൊണ്ടാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഘർഷ സാധ്യതയ്ക്ക് വഴിയൊരുക്കി എന്ന രീതിയിലാണ് എഫ് ഐ ആർ. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308655/police-have-registered-a-case-against-temporary-employees-of-manjeri-medical-college-malappuram-who-tried-to-meet-the-health-minister)