---
title: "പഴഞ്ചൊല്ല് പറമ്പിലെറിഞ്ഞേക്ക്.....! കഷണ്ടിക്ക് വിട പറയാൻ നേരമായി? മരുന്ന് പരീക്ഷണത്തിന് ലഭിച്ചത് മികച്ച ഫലം"
english_title: "new drug trial promising results baldness treatment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308547/new-drug-trial-promising-results-baldness-treatment"
published_at: "2025-08-14T18:24:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ddd1d1fd06_hjhjhj.jpg"
keywords: []
---

# പഴഞ്ചൊല്ല് പറമ്പിലെറിഞ്ഞേക്ക്.....! കഷണ്ടിക്ക് വിട പറയാൻ നേരമായി? മരുന്ന് പരീക്ഷണത്തിന് ലഭിച്ചത് മികച്ച ഫലം

> **Lead Summary:** **( **[www.truevisionnews.com]** )** അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ ? എന്നാൽ ഇതിൽ നിന്നും കഷണ്ടിയെ ഇനി എടുത്ത് മാറ്റിക്കോളൂ.. പലരും നേരിടുന്ന പ്രധാനപ്പെട്ട ആ വിഷയത്തിന് ഇനി പരിഹാരമായി.. കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചു എന്ന വാര്‍ത്ത പാശ്ചാത്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

## Article Content

**( **[www.truevisionnews.com]** )** അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ ? എന്നാൽ ഇതിൽ നിന്നും കഷണ്ടിയെ ഇനി എടുത്ത് മാറ്റിക്കോളൂ.. പലരും നേരിടുന്ന പ്രധാനപ്പെട്ട ആ വിഷയത്തിന് ഇനി പരിഹാരമായി.. കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചു എന്ന വാര്‍ത്ത പാശ്ചാത്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കഷണ്ടിയെ പൂർണമായി മാറ്റി മുടിവളരുന്ന അവസ്ഥയിലേക്ക് എത്തിക്കാനാവുമെന്നാണ് പുതിയ ഗവേഷണം. കാലിഫോർണിയ സർവകലാശാലയിലെ ഒരുസംഘം ഗവേഷകരാണ് ഇതിനുപിന്നിൽ. ഇവർ സൃഷ്ടിച്ച ‘പിപി 405 (PP405)’ എന്ന ചെറുതന്മാത്രയാണ് ഈ അത്ഭുതം കാണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മരുന്നുകൾ ഉപയോഗിക്കുമ്പോൾ സാധാരണ ഉണ്ടാവാറുള്ള പാർശ്വഫലങ്ങളൊന്നും പിപി 405 ഉപയോഗിച്ചുള്ള ചികിത്സയിൽ ഉണ്ടാവുന്നില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

മുടികൊഴിച്ചിലിന്റെ മൂലകാരണത്തെ ലക്ഷ്യം വയ്ക്കുന്ന ചികിത്സയാണ് പിപി405. ഡിഹൈഡ്രോടെസ്‌റ്റോസ്റ്റിറോണ്‍ എന്ന പേരിലുള്ള ഹോര്‍മോണ്‍ ഹെയര്‍ ഫോളിക്കിളുകള്‍ ചുരുക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. സാവധാനത്തില്‍ ഫോളിക്കിളുകള്‍ ദുര്‍ബലപ്പെടുമ്പോള്‍, പതിയെ ആ ഫോളിക്കിളുകളില്‍ നിന്ന് പിന്നെ പുതിയ മുടി കിളിര്‍ക്കില്ല. പിപി405 ചികിത്സ ഈ ഹോര്‍മോണുകളെ തടയുകയും മുടിയുടെ വേരുകളെ സംരക്ഷിക്കുന്നതിനുള്ള പരിചയായി പ്രവര്‍ത്തിക്കുകയും ചെയ്യും.

ഇത് ഫോളിക്കിളുകള്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു, പുതിയ മുടി കിളിര്‍ക്കാനും സഹായിക്കും. ഇത് തലയോട്ടിയില്‍ നേരിട്ട് തേച്ചുപിടിപ്പിക്കാം. ഗുളികകള്‍ കഴിക്കുന്നത് മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ഈ ചികിത്സയില്‍ അതിനാല്‍ പേടിക്കണ്ട. ഇതുവരെയുള്ള ഹെയര്‍ ട്രീറ്റുമെന്റുകളില്‍ ഏറ്റവും സുരക്ഷിതമായ ചികിത്സയായിരിക്കും ഇതെന്ന് ഡോ.സന്ദീപ് അഗ്നിഹോത്രി പറയുന്നു.

രണ്ടാംഘട്ട പരീക്ഷണത്തിലാണ് ഈ ചികിത്സ, മൂന്നും നാലും ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഈ ചികിത്സ എത്രത്തോളം ഫലവത്താണെന്ന് സ്ഥിരീകരിക്കാനാവൂ. ആദ്യപരീക്ഷങ്ങളിൽ വെറും എട്ടാഴ്ചകൊണ്ട് കഷണ്ടിക്കാരിൽ പുതിയ മുടിയിഴകൾ വളരുന്നതായി കണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

രണ്ടും മൂന്നുംവട്ട പരീക്ഷണങ്ങളിലൂടെ പാർശ്വഫലങ്ങളും കുറവാണെന്ന് കണ്ടെത്തി. മുടി വളർച്ച ത്വരിതപ്പെടുത്താനുള്ള കുത്തിവയ്‌പ്പുകളോ മരുന്നുകളോ പ്രയോഗിക്കുന്നത് ലൈംഗികപരമായ പാർശ്വഫലങ്ങൾ ഉൾപ്പെടെ സൃഷ്ടിക്കാൻ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്.

ഹെയര്‍ ട്രാന്‍സ്പ്ലാന്‍റ് ചെയ്താണ് പലരും തങ്ങളുടെ തലയിൽ മുടി നിലനിർത്തുന്നത്. എന്നാൽ ഈ പരീക്ഷണങ്ങൾ വിജയിച്ചാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കഷണ്ടിമരുന്ന് ഇന്ത്യയിൽ ഉൾപ്പെടെ വിപണിയിലെത്തും.

***ഈ ഉള്ളടക്കത്തിൽ നൽകിയിരിക്കുന്ന ഉപദേശങ്ങൾ ഉൾപ്പെടെ, പൊതുവായ വിവരങ്ങൾക്ക് മാത്രമാണ്. ഇത് ഒരു ആരോഗ്യ വിദഗ്ധന്റെ അഭിപ്രായത്തിനോ ചികിത്സയ്ക്കോ പകരമായുള്ളതല്ല. കൂടുതൽ വിവരങ്ങൾക്ക്, എപ്പോഴും യോഗ്യതയുള്ള ആരോഗ്യ വിദഗ്ധനെ സമീപിക്കുക.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308547/new-drug-trial-promising-results-baldness-treatment)