---
title: "ആരോഗ്യമേഖലയിൽ പുത്തൻ മാറ്റങ്ങൾ....! അപൂർവ രോഗം തിരിച്ചറിയാൻ എ.ഐ. സഹായം; ഒമ്പതു വയസ്സുകാരന് ജീവിതം തിരികെ കിട്ടി"
english_title: "AI helps identify rare disease gives nine year old his life back"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308546/ai-helps-identify-rare-disease-gives-nine-year-old-his-life-back"
published_at: "2025-08-14T18:19:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ddc3392b99_cvcvcvcv.jpg"
keywords: []
---

# ആരോഗ്യമേഖലയിൽ പുത്തൻ മാറ്റങ്ങൾ....! അപൂർവ രോഗം തിരിച്ചറിയാൻ എ.ഐ. സഹായം; ഒമ്പതു വയസ്സുകാരന് ജീവിതം തിരികെ കിട്ടി

> **Lead Summary:** **** നിർമിത ബുദ്ധിയുടെ കടന്നുവരവോടെ ആരോഗ്യമേഖല വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഗുരുഗ്രാമിൽ നിന്ന് വരുന്ന ഒരു വാർത്ത ആധുനിക വൈദ്യശാസ്ത്രത്തിൽ നിർമിത ബുദ്ധിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കുന്നു.

## Article Content

**** നിർമിത ബുദ്ധിയുടെ കടന്നുവരവോടെ ആരോഗ്യമേഖല വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഗുരുഗ്രാമിൽ നിന്ന് വരുന്ന ഒരു വാർത്ത ആധുനിക വൈദ്യശാസ്ത്രത്തിൽ നിർമിത ബുദ്ധിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കുന്നു.

അപൂർവമായ ന്യൂറോളജിക്കൽ രോഗാവസ്ഥ തിരിച്ചറിയാൻ അഞ്ച് മാസത്തിലേറെയായി ബുദ്ധിമുട്ടിയ ഒമ്പത് വയസുകാരന് തുണയായത് പെർപ്ലെക്‌സിറ്റി പോലുള്ള എ.ഐ. ഉപകരണങ്ങളാണ്. നാലാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിക്ക് ഇടയ്ക്കിടെ ബോധക്ഷയവും കാഴ്ചക്കുറവും അനുഭവപ്പെട്ടിരുന്നു. നിരവധി ആശുപത്രികൾ സന്ദർശിച്ചിട്ടും പല ചികിത്സകൾ ചെയ്തിട്ടും രോഗം എന്താണെന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. ഒടുവിൽ ഗുരുഗ്രാമിലെ ആർട്ടെമിസ് ആശുപത്രിയിലെ ഡോക്ടർമാർ രോഗനിർണയ പ്രക്രിയയിൽ നിർമിത ബുദ്ധി സംയോജിപ്പിച്ചപ്പോഴാണ് രോഗം കണ്ടെത്താനായത്.

ഗ്ലാസ് ഹെൽത്ത്, പെർപ്ലെക്‌സിറ്റി എ.ഐ. പോലുള്ള നൂതന എ.ഐ. ഡയഗ്നോസ്റ്റിക് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് കുട്ടിയുടെ രോഗലക്ഷണങ്ങളെ ആഗോള മെഡിക്കൽ ഡാറ്റയുമായി താരതമ്യം ചെയ്താണ് എ.ഐ. രോഗം കണ്ടെത്തിയത്. 'അപൂർവ ബേസിലർ ആർട്ടറി മൈഗ്രെയ്ൻ' എന്ന രോഗമാണ് കുട്ടിക്കുള്ളതെന്ന് ഇതോടെ തിരിച്ചറിഞ്ഞു. പിന്നീട് ക്ലിനിക്കൽ പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കുകയും ചികിത്സ നൽകി ഭേദമാക്കുകയും ചെയ്തു.

ഈ സംഭവം, അപൂർവ രോഗങ്ങൾ വേഗത്തിൽ കണ്ടെത്താൻ ഡോക്ടർമാരെ സഹായിക്കുന്നതിൽ നിർമിത ബുദ്ധി പോലുള്ള സാങ്കേതികവിദ്യയുടെ പ്രാധാന്യം എത്ര വലുതാണെന്ന് തെളിയിക്കുന്നു. ഇപ്പോൾ ആ ഒമ്പത് വയസ്സുകാരൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308546/ai-helps-identify-rare-disease-gives-nine-year-old-his-life-back)