---
title: "'എന്നെ രക്ഷിക്കൂ...അല്ലെങ്കിൽ വീട്ടുകാർ എന്നെ കൊല്ലും... '; കൊല്ലപ്പെടുംമുൻപ് ചന്ദ്രിക പട്ടേൽ കാമുകന് അയച്ച സന്ദേശം; നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്"
english_title: "murdercase Police release crucial information about Chandrika Patel's message to her boyfriend before she was murdered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308501/murdercase-police-release-crucial-information-about-chandrika-patels-message-to-her-boyfriend-before-she-was-murdered"
published_at: "2025-08-14T15:06:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689dae4e18497_chandrika.jpg"
keywords: []
---

# 'എന്നെ രക്ഷിക്കൂ...അല്ലെങ്കിൽ വീട്ടുകാർ എന്നെ കൊല്ലും... '; കൊല്ലപ്പെടുംമുൻപ് ചന്ദ്രിക പട്ടേൽ കാമുകന് അയച്ച സന്ദേശം; നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്

> **Lead Summary:** **അഹമ്മദാബാദ്: **ഗുജറാത്തിലെ ബനസ്കന്ധയിൽ ചന്ദ്രിക പട്ടേൽ എന്ന 18-കാരി ദുരഭിമാനക്കൊലയ്ക്കിരയായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പെൺകുട്ടി ആൺസുഹൃത്തിന് അയച്ച 'തന്നെ വീട്ടുകാർ കൊലപ്പെടുത്തുമെന്ന' സൂചന നൽകുന്ന സന്ദേശം പോലീസ് കണ്ടെടുത്തു. ഈ സന്ദേശമയച്ചതിന് ശേഷമാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽനിന്ന് കണ്ടെത്തിയതെന്നും പോലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

## Article Content

**അഹമ്മദാബാദ്: **ഗുജറാത്തിലെ ബനസ്കന്ധയിൽ ചന്ദ്രിക പട്ടേൽ എന്ന 18-കാരി ദുരഭിമാനക്കൊലയ്ക്കിരയായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പെൺകുട്ടി ആൺസുഹൃത്തിന് അയച്ച 'തന്നെ വീട്ടുകാർ കൊലപ്പെടുത്തുമെന്ന' സൂചന നൽകുന്ന സന്ദേശം പോലീസ് കണ്ടെടുത്തു. ഈ സന്ദേശമയച്ചതിന് ശേഷമാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽനിന്ന് കണ്ടെത്തിയതെന്നും പോലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ജൂൺ 24-നാണ് തരാഡിലുള്ള വീട്ടിൽ ചന്ദ്രിക കൊല്ലപ്പെട്ടത്. പാലിൽ മയക്കുമരുന്നു കലർത്തി കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നെന്നാണ് കേസ്. ഹൃദയാഘാതം കാരണം മരിച്ചതായി പ്രചരിപ്പിച്ച് ജഡം അടുത്തദിവസം സംസ്കരിക്കുകയായിരുന്നു. പെൺകുട്ടി മരിച്ചുവെന്ന കാര്യം സ്വന്തം സഹോദരനോട് പോലും പിതാവോ ബന്ധുക്കളോ അറിയിച്ചിരുന്നില്ല. ധൃതിപ്പെട്ട് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചെന്നും പോലീസ് പറയുന്നു. സംഭവത്തിൽ ചന്ദ്രിക പട്ടേലിന്റെ അമ്മാവൻ ശിവഭായ് പട്ടേലിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. അച്ഛൻ സന്ത് ഭായി പട്ടേലും മറ്റൊരു ബന്ധുവും നിലവിൽ ഒളിവിലാണ്.

ഹരേഷ് ചൗധരി എന്ന യുവാവുമായി പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നു. ഇരുവരും ലിവ് ഇൻ ബന്ധത്തിലായിരുന്നു. എന്നാൽ, ഈ ബന്ധം കുടുംബം എതിർത്തിരുന്നു. മറ്റൊരാളെ വിവാഹം കഴിക്കാൻ പെൺകുട്ടിയെ വീട്ടുകാർ നിർബന്ധിച്ചു. എന്നാൽ, പെൺകുട്ടി വഴങ്ങിയില്ല. വീട്ടുകാരുടെ ആഗ്രഹത്തിനൊത്ത് നിന്നില്ലെങ്കിൽ തന്നെ ഇല്ലാതാക്കുമെന്ന് ഉറപ്പായ പെൺകുട്ടി, ആൺ സുഹൃത്ത് ഹരേഷിന് ജൂൺ 24-ന് രാത്രിയിൽ ഇൻസ്റ്റഗ്രാമിൽ സന്ദേശം അയച്ചു. തന്റെ ജീവൻ അപകടത്തിലാണെന്നും കൂട്ടിക്കൊണ്ട് പോകണമെന്നുമായിരുന്നു സന്ദേശം.

'വന്ന് എന്നെ കൂട്ടിക്കൊണ്ട് പോകൂ... അല്ലെങ്കിൽ എന്റെ വീട്ടുകാർ എന്നെ ആർക്കെങ്കിലും വിവാഹം ചെയ്ത് നൽകും. അതിന് തയ്യാറായില്ലെങ്കിൽ അവർ എന്നെ കൊല്ലും... എന്നെ രക്ഷിക്കൂ...'- എന്നായിരുന്നു സന്ദേശം. സന്ദേശം ലഭിച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽനിന്ന് കണ്ടെത്തുകയായിരുന്നുവെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ ഹരേഷ് പോലീസിൽ പരാതിയുമായെത്തിയതോടെയാണ് കൊലപാതകത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്.

പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ആൺസുഹൃത്ത് ഹരേഷ് ചൗധരി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ഇതേത്തുടർന്ന് തരാഡ് പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകമാണെന്ന് തെളിയിച്ചത്.

നീറ്റ് പരീക്ഷയെഴുതാൻ പാലൻപുരിൽ പഠിക്കുന്നതിനിടെയാണ് വിദ്യാർഥിനി ഹരേഷുമായി അടുത്തത്. ഇരുവരും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഈ വിവരമറിഞ്ഞ ബന്ധുക്കൾ ചന്ദ്രികയെ വീട്ടിലേക്കു മാറ്റിയെങ്കിലും ബന്ധം ഉപേക്ഷിക്കാൻ പെൺകുട്ടി തയ്യാറായില്ല. അതേസമയം, നീറ്റ് പ്രവേശന പരീക്ഷയിൽ ഗുജറാത്തിൽ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിക്കത്തക്ക മാർക്ക് ചന്ദ്രിക നേടിയതായി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308501/murdercase-police-release-crucial-information-about-chandrika-patels-message-to-her-boyfriend-before-she-was-murdered)