---
title: "ഉറക്കം ഉണർന്നാൽ അടി, റിട്ട. ജഡ്ജിയുടെ വീട്ടില്‍ ഞെട്ടിക്കുന്ന കവര്‍ച്ച; മോഷണം നടത്തിയത് മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയ മൂന്നംഗസംഘം"
english_title: "Shocking robbery at retired judge house Three masked armed gang commits robbery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308496/shocking-robbery-at-retired-judge-house-three-masked-armed-gang-commits-robbery"
published_at: "2025-08-14T14:44:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689da965ae07a_jhkhjkhj.jpg"
keywords: []
---

# ഉറക്കം ഉണർന്നാൽ അടി, റിട്ട. ജഡ്ജിയുടെ വീട്ടില്‍ ഞെട്ടിക്കുന്ന കവര്‍ച്ച; മോഷണം നടത്തിയത് മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയ മൂന്നംഗസംഘം

> **Lead Summary:** **ഇന്ദോര്‍: ( **[www.truevisionnews.com]** )** റിട്ട. ജഡ്ജിയുടെ വീട്ടില്‍ ഞെട്ടിക്കുന്ന കവര്‍ച്ച. മധ്യപ്രദേശിലെ റിട്ട. ജസ്റ്റിസ് രമേഷ് ഗാര്‍ഗിന്റെ ഇന്ദോറിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയ മൂന്നംഗസംഘം അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവുമാണ് കവര്‍ന്നത്. കവര്‍ച്ചയുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

## Article Content

**ഇന്ദോര്‍: ( **[www.truevisionnews.com]** )** റിട്ട. ജഡ്ജിയുടെ വീട്ടില്‍ ഞെട്ടിക്കുന്ന കവര്‍ച്ച. മധ്യപ്രദേശിലെ റിട്ട. ജസ്റ്റിസ് രമേഷ് ഗാര്‍ഗിന്റെ ഇന്ദോറിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയ മൂന്നംഗസംഘം അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവുമാണ് കവര്‍ന്നത്. കവര്‍ച്ചയുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഇന്ദോര്‍ വിജയ്‌നഗറിലെ വീട്ടില്‍ മോഷണം നടന്നത്. വീട്ടില്‍ക്കയറിയ മോഷ്ടാക്കള്‍ നാലുമിനിറ്റും പത്തുസെക്കന്‍ഡും സമയമെടുത്ത് കവര്‍ച്ച നടത്തി മടങ്ങിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സുരക്ഷാജീവനക്കാരനും അലാം സംവിധാനവുമുള്ള വീട്ടിലാണ് ആയുധങ്ങളുമായെത്തിയ സംഘം നിഷ്പ്രയാസം മോഷണം നടത്തി മടങ്ങിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

രമേഷ് ഗാര്‍ഗിന്റെ മകന്‍ റിതിക് കിടന്നുറങ്ങിയിരുന്ന മുറിയില്‍നിന്നാണ് മോഷ്ടാക്കള്‍ പണവും ആഭരണങ്ങളും കവര്‍ന്നത്. വീടിന്റെ പ്രധാന ഗേറ്റ് കടന്ന് വീട്ടിലെ ജനല്‍ക്കമ്പികള്‍ മുറിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. സുരക്ഷാജീവനക്കാരന്‍ വീടിന് പുറത്ത് ഉണ്ടായിരിക്കെയാണ് മൂന്നംഗസംഘം ഇതെല്ലാംചെയ്തത്. തുടര്‍ന്ന് റിതിക്കിന്റെ കിടപ്പുമുറിയിലെത്തി.

രണ്ടുപേര്‍ മുറിക്കുള്ളില്‍ കയറിയപ്പോള്‍ മറ്റൊരാള്‍ മുറിക്ക് പുറത്ത് കാവല്‍നിന്നു. മുറിക്കുള്ളില്‍ പ്രവേശിച്ചവരില്‍ ഒരാളാണ് അലമാരയില്‍നിന്ന് പണവും ആഭരണങ്ങളും കവര്‍ന്നത്. ഈസമയം വലിയ ഇരുമ്പുവടി കൈയിലേന്തിയ രണ്ടാമന്‍ റിതിക്കിന് സമീപം നിലയുറപ്പിച്ചു. റിതിക് എഴുന്നേല്‍ക്കുകയാണെങ്കില്‍ ആ നിമിഷം അയാളെ ആക്രമിക്കാന്‍ തയ്യാറെടുത്തായിരുന്നു മോഷ്ടാവിന്റെ നില്‍പ്പ്.

ഈ സമയം വീട്ടിലെ സുരക്ഷാ അലാം മുഴങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കേള്‍ക്കാം. എന്നാല്‍, അലാം കേട്ടിട്ടും റിതിക് ഉറക്കമുണരാതിരുന്നതാണോ അതോ മോഷ്ടാക്കളെ ഭയന്ന് ഉറക്കംനടിച്ച് കിടന്നതാണോ എന്ന് വ്യക്തമല്ല. എന്തായാലും മിനിറ്റുകള്‍ക്കുള്ളില്‍ മോഷ്ടാക്കള്‍ പണവും ആഭരണവും കവര്‍ന്ന് സ്ഥലംവിടുകയായിരുന്നു.

സംഭവസമയത്ത് റിതിക്കിന്റെ ഭാര്യയും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു. ഇവരും മോഷണവിവരം അറിഞ്ഞിരുന്നില്ല. സംഭവത്തില്‍ വിജയ്‌നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308496/shocking-robbery-at-retired-judge-house-three-masked-armed-gang-commits-robbery)