---
title: "'ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കണം; വോട്ട് മോഷണത്തിനെതിരെ പുതിയ യാത്ര ബീഹാറിൽ തുടങ്ങുന്നു' - രാഹുൽ ഗാന്ധി"
english_title: "Rahul Gandhi starts new journey against vote theft in Bihar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308494/rahul-gandhi-starts-new-journey-against-vote-theft-in-bihar"
published_at: "2025-08-14T14:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689da7cbe04fc_gdfgdfg.jpg"
keywords: []
---

# 'ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കണം; വോട്ട് മോഷണത്തിനെതിരെ പുതിയ യാത്ര ബീഹാറിൽ തുടങ്ങുന്നു' - രാഹുൽ ഗാന്ധി

> **Lead Summary:** ന്യൂഡൽഹി: **** വോട്ട് മോഷണം തടയാൻ ബിഹാറിൽ നിന്ന് പുതിയ യാത്രയ്ക്ക് ഓഗസ്റ്റ് 17 ന് തുടക്കമെന്ന് രാഹുൽ ഗാന്ധി. ഇത് കേവലം ഒരു തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും, മറിച്ച് ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഒരു വലിയ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയുള്ള രാഹുൽ ഗാന്ധിയുടെ പ്രസന്റേഷനു ശേഷം ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നു വന്നത്.

## Article Content

ന്യൂഡൽഹി: **** വോട്ട് മോഷണം തടയാൻ ബിഹാറിൽ നിന്ന് പുതിയ യാത്രയ്ക്ക് ഓഗസ്റ്റ് 17 ന് തുടക്കമെന്ന് രാഹുൽ ഗാന്ധി. ഇത് കേവലം ഒരു തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും, മറിച്ച് ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഒരു വലിയ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയുള്ള രാഹുൽ ഗാന്ധിയുടെ പ്രസന്റേഷനു ശേഷം ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നു വന്നത്.

പ്രതിപക്ഷ എംപിമാരും നേതാക്കളും ഇതിനോടകം തന്നെ പ്രതിഷേധവുമായി തെരുവിലിറങ്ങി കഴിഞ്ഞു. നിലവിൽ ഈ വിഷയത്തിൽ രാജ്യവ്യാപകമായി റാലികളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്നും, മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് വ്യക്തമായി കാണാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

സാധാരണയായി അഞ്ചു വർഷം കൊണ്ട് വോട്ടർപട്ടികയിൽ ചേർത്തതിനേക്കാൾ കൂടുതൽ ആളുകളെ അഞ്ചു മാസം കൊണ്ട് മഹാരാഷ്ട്രയിൽ ചേർത്തു. മഹാരാഷ്ട്രയിൽ വൈകുന്നേരം 5 മണിക്ക് ശേഷം പോളിംഗ് നിരക്ക് കുത്തനെ ഉയർന്നു. മഹാരാഷ്ട്രയിൽ ഏകദേശം 40 ലക്ഷം ദുരൂഹ വോട്ടർമാരെ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ ലഭിക്കുന്നത് തടയാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങൾ മാറ്റി. 45 ദിവസം കഴിയുമ്പോൾ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞതായി രാഹുൽ ഗാന്ധി ആരോപിച്ചു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ടുകൾ മോഷ്ടിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇലക്ട്രോണിക് വോട്ടർപട്ടികയുടെ കണക്കുകൾ നൽകാതിരുന്നത് പരിശോധനകൾക്ക് തടസ്സമുണ്ടാക്കി. ഈ വിഷയം പഠിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. പേപ്പർ രേഖകൾ പരിശോധിക്കേണ്ടി വന്നതിനാൽ, മണിക്കൂറുകൾ കൊണ്ട് പൂർത്തിയാക്കാമായിരുന്ന കാര്യങ്ങൾ മാസങ്ങളെടുത്തു. ഓരോ വോട്ടറുടെയും ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചതായും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308494/rahul-gandhi-starts-new-journey-against-vote-theft-in-bihar)