---
title: "'നേരിട്ട് ഞങ്ങൾക്ക് അറിയാവുന്നതാ , റോഡ് പണി പൂർത്തിയാക്കാതെ നിങ്ങൾക്ക് എങ്ങനെ ടോൾ പിരിക്കാനാകും';  പാലിയേക്കരയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്"
english_title: "Supreme Court has strongly criticized the National Highways Authority stopped toll collection at Paliyekkara Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308485/supreme-court-has-strongly-criticized-the-national-highways-authority-stopped-toll-collection-at-paliyekkara-thrissur"
published_at: "2025-08-14T14:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689da33023b38_paliyekkara.jpg"
keywords: []
---

# 'നേരിട്ട് ഞങ്ങൾക്ക് അറിയാവുന്നതാ , റോഡ് പണി പൂർത്തിയാക്കാതെ നിങ്ങൾക്ക് എങ്ങനെ ടോൾ പിരിക്കാനാകും';  പാലിയേക്കരയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

> **Lead Summary:** **ന്യൂഡൽഹി: **തൃശൂർ പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലിൽ ദേശീയപാത അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പാലിയേക്കര വഴി താനും യാത്രചെയ്തിട്ടുണ്ടെന്നും ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡിൽ എങ്ങനെയാണ് ടോൾ പിരിക്കുകയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. നാലാഴ്ചത്തേക്ക് ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ ആവശ്യം.

## Article Content

**ന്യൂഡൽഹി: **തൃശൂർ പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലിൽ ദേശീയപാത അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പാലിയേക്കര വഴി താനും യാത്രചെയ്തിട്ടുണ്ടെന്നും ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡിൽ എങ്ങനെയാണ് ടോൾ പിരിക്കുകയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. നാലാഴ്ചത്തേക്ക് ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ ആവശ്യം.

പാലിയേക്കരയിലെ റോഡിന്റെ മോശം അവസ്ഥ തങ്ങൾക്ക് നേരിട്ട് അറിയാമെന്ന് ബെഞ്ചിലെ രണ്ടു ജസ്റ്റിസുമാരും പറഞ്ഞു. ജനങ്ങളിൽനിന്ന് ടോൾ വാങ്ങി അവർക്ക് അതിന്റെ സേവനം നൽകാതിരിക്കലാണിത്. റോഡ് പണി പൂർത്തിയാക്കാതെ നിങ്ങൾക്ക് എങ്ങനെ ടോൾ പിരിക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന് അവിടുത്തെ സാഹചര്യം വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. റോഡ് നിർമാണത്തിലെ കാലതാമസം പരിഹരിക്കാനാണ് ഫെബ്രുവരി മുതൽ ഹൈക്കോടതി ശ്രമിച്ചതെന്നും അനുകൂല പ്രതികരണം ഇല്ലാത്തതിനെ തുടർന്നാണ് ടോൾപ്പിരിവി നിർത്തിവയ്ക്കാനുള്ള ഉത്തരവിട്ടതെന്നും കോടതി വ്യക്തമാക്കി.

ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതോടെ ഓഗസ്റ്റ് ആറിനാണ് പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി നാലാഴ്ചത്തേക്കു തടഞ്ഞത്. ഗതാഗത കുരുക്കിന് പരിഹാരം കാണാൻ സമയം അനുവദിച്ചിട്ടും ദേശീയപാത അതോറിറ്റി വീണ്ടും സമയം നീട്ടിച്ചോദിച്ചപ്പോഴായിരുന്നു ഹൈക്കോടതി ഉത്തരവ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308485/supreme-court-has-strongly-criticized-the-national-highways-authority-stopped-toll-collection-at-paliyekkara-thrissur)