---
title: "രക്തത്തില്‍ കുളിച്ചനിലയില്‍....! നേമത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയിൽ"
english_title: "Husband hacks wife to death in Nemom Kalliyur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308471/husband-hacks-wife-to-death-in-nemom-kalliyur"
published_at: "2025-08-14T13:17:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d94b41a800_tvm.jpg"
keywords: []
---

# രക്തത്തില്‍ കുളിച്ചനിലയില്‍....! നേമത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയിൽ

> **Lead Summary:** **തിരുവനന്തപുരം: **നേമം കല്ലിയൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുരുട്ടുവിക്കട്ടുവിളയ്ക്ക് സമീപം ബിന്‍സി ആണ് മരിച്ചത്. ഭര്‍ത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

## Article Content

**തിരുവനന്തപുരം: **നേമം കല്ലിയൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുരുട്ടുവിക്കട്ടുവിളയ്ക്ക് സമീപം ബിന്‍സി ആണ് മരിച്ചത്. ഭര്‍ത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ അയല്‍വാസികളാണ് കഴുത്തിന് വെട്ടേറ്റ് രക്തത്തില്‍ കുളിച്ചനിലയില്‍ ബിന്‍സിയെ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ശാന്തിവിളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രി സുനില്‍ മദ്യപിച്ചെത്തുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇയാള്‍ വീട്ടിലെത്തുമ്പോൾ ഭാര്യ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും ഇതാണ് വഴക്കിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ നേമം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

അതിനിടെ , പെണ്‍കുട്ടിയുമായി സംസാരിച്ചെന്നാരോപിച്ച് 20-കാരനെ പത്തംഗസംഘം മർദ്ദിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് സംഭവം. പോലീസ് റിക്രൂട്ട്മെന്‍റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന സുലൈമാന്‍ ഖാന്‍ ആണ് ആള്‍ക്കൂട്ട മർദ്ദനത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

പോലീസ് തിരഞ്ഞെടുപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാനായി ജാംനറിലെ ഒരു ഓണ്‍ലൈന്‍ കഫേയില്‍ പോയതായിരുന്നു സുലൈമാന്‍ ഖാന്‍. കഫേയിലെ പെണ്‍കുട്ടിയുമായി സംസാരിക്കുന്നതു കണ്ട് ചിലര്‍ ഇത് ചോദ്യം ചെയ്തു. തുടര്‍ന്നാണ് സംഘം സുലൈമാന്‍ ഖാനെ മർദ്ദിക്കാന്‍ ആരംഭിച്ചത്. അക്രമികള്‍ നിര്‍ബന്ധിച്ച് സുലൈമാനെ സ്വന്തം ഗ്രാമത്തിലേക്ക് കൂട്ടികൊണ്ടുപോവുകയും ബസ് സ്റ്റാന്‍ഡില്‍വെച്ച് വടിയും മറ്റും ഉപയോഗിച്ച് വീണ്ടും മർദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനം തടയാനെത്തിയ സുലൈമാന്റെ വീട്ടുകാര്‍ക്കും മർദ്ദിനമേറ്റു.

സുലൈമാനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ജാംനറില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷ സാധ്യതാ മേഖലകളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍തന്നെ അറസ്റ്റുചെയ്യണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സുലൈമാന്റെ ബന്ധുക്കളും പ്രദേശവാസികളും ജാംനര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

തട്ടികൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടുഗ്രൂപ്പുകള്‍ തമ്മില്‍ നേരത്തേ നിലനിന്നിരുന്ന തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308471/husband-hacks-wife-to-death-in-nemom-kalliyur)