---
title: "'അതിരില്ലാത്ത ആവിഷ്കാരം', പേരാമ്പ്രയിലെ ചിത്രകാരന്മാർ ഒന്നിച്ചു; 'ദി ക്യാമ്പ് പേരാമ്പ്ര'യുടെ പന്ത്രണ്ടാമത് ചിത്രപ്രദർശന ക്യാമ്പിന് തുടക്കമായി"
english_title: "'Endless Expression painters from Perambra come together The Camp Perambras 12th painting exhibition camp begins kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308329/endless-expression-painters-from-perambra-come-together-the-camp-perambras-12th-painting-exhibition-camp-begins-kozhikode"
published_at: "2025-08-13T18:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c90389c8b6_fgfg.jpg"
keywords: []
---

# 'അതിരില്ലാത്ത ആവിഷ്കാരം', പേരാമ്പ്രയിലെ ചിത്രകാരന്മാർ ഒന്നിച്ചു; 'ദി ക്യാമ്പ് പേരാമ്പ്ര'യുടെ പന്ത്രണ്ടാമത് ചിത്രപ്രദർശന ക്യാമ്പിന് തുടക്കമായി

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** ) **ചിത്രകലയിൽ നമ്മൾ നമ്മളെ തന്നെ കണ്ടെത്താനും അനുഭവിക്കാനും പരിശ്രമിക്കണമെന്ന് ലളിതകല അക്കാദമി മെമ്പർ സുനിൽ അശോകപുരം. കോഴിക്കോട് മാനാഞ്ചിറ ലളിതകല അക്കാദമി ഹാളിൽ നടന്ന 'ദി ക്യാമ്പ് പേരാമ്പ്ര'യുടെ പന്ത്രണ്ടാമത് ചിത്രപ്രദർശന ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** ) **ചിത്രകലയിൽ നമ്മൾ നമ്മളെ തന്നെ കണ്ടെത്താനും അനുഭവിക്കാനും പരിശ്രമിക്കണമെന്ന് ലളിതകല അക്കാദമി മെമ്പർ സുനിൽ അശോകപുരം. കോഴിക്കോട് മാനാഞ്ചിറ ലളിതകല അക്കാദമി ഹാളിൽ നടന്ന 'ദി ക്യാമ്പ് പേരാമ്പ്ര'യുടെ പന്ത്രണ്ടാമത് ചിത്രപ്രദർശന ക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ പ്രായ വിഭാഗക്കാരുടെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന വ്യത്യസ്ത വ്യക്തികളുടെ വ്യത്യസ്ത ആശയ പ്രദർശനം കൂടിയാണ് 'ദി ക്യാമ്പ് പേരാമ്പ്ര' ചിത്രപ്രദർശനം എന്ന് അദ്ദേഹം പറഞ്ഞു. ചിത്രം വലിയ വിലയിൽ വിൽക്കുന്നു എന്നതിലുപരി കലയെ നിലനിർത്തികൊണ്ട് കഴിവുകളെ തെളിയിച്ചു കൊണ്ട് മുന്നോട്ട് പോകണം എന്നും അത് ഒരുപാട് ആളുകൾക്ക് ഊർജം പകരുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രാദേശികമായി വീട്ടുമുറ്റങ്ങളിൽ ചിത്രരചനയും ചർച്ചകളും സംഘടിപ്പിച്ചു കൊണ്ട് ചിത്രകലയെ ജനകീയമാക്കാൻ പര്യാപ്തമായ 'വരേം വാർത്താനോം' പ്രോഗ്രാമുകൾ കൂടാതെ അയൽ ജില്ലയിലടക്കം വിവിധ കേന്ദ്രങ്ങളിൽ ഇരുപതോളം ചിത്രകല ക്യാമ്പുകൾ നടത്തുവാനും ഓൺലൈനായും അല്ലാതെയും നിരവധി പ്രഭാഷണ പരിപാടികൾ സംഘടിപ്പിക്കുവാനും മുൻകൈ എടുത്ത ദി ക്യാമ്പ് പേരാമ്പ്രയുടെ പന്ത്രണ്ടാമത് ചിത്രപ്രദർശനമാണ് ആഗസ്റ്റ് 13 മുതൽ 19 വരെ കോഴിക്കോട് ലളിത അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്നത്.

'ENDLESS EXPRESSION' എന്ന് പേരിട്ടിരിക്കുന്ന ഈ ഷോയിൽ 22 ചിത്രകൃത്തുക്കളുടെ ചിത്രാവിഷ്കാരങ്ങളാണ് പ്രദർശിപ്പിക്കുന്നത്. തികച്ചും വ്യക്തിപരമായ സ്വതന്ത്ര ആത്മാവിഷ്കാരങ്ങൾ എന്ന നിലയിലാണ് ഈ പ്രദർശനത്തിലെ ചിത്രങ്ങൾ നിലകൊള്ളുന്നത്.

ചിത്ര-ശില്പകല മേഖലകൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് കലാ-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന ചിത്രകാരുടെ സ്വതന്ത്ര കൂട്ടായ്മയാണ് 'ദി ക്യാമ്പ് പേരാമ്പ്ര'. ചിത്രകലയെ ജനകീയമാക്കുന്നതിനോടൊപ്പം സമൂഹത്തിലെ സർവ്വ വ്യക്തികളിലും പ്രായഭേദമന്യേ ഉൾച്ചേർന്നിരിക്കുന്ന കലാഭിരുചിയും ആസ്വാദനക്ഷമതയും സർഗാത്മകതയും ഉണർത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്തുകൊണ്ട് കൂടുതൽ അനായാസവും ആഹ്ലാദകരവുമായ സമൂഹജീവിതം സാധ്യമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുക എന്നതാണ് 2021ൽ രൂപീകരിക്കപ്പെട്ട ഈ കൂട്ടായ്മയുടെ പ്രഥമ ലക്ഷ്യം.

ചിത്രകലാസാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സാമൂഹ്യ സേവനരംഗത്തും ഇടപെടാൻ പ്രതിജ്ഞാബദ്ധമാണ് ഈ കൂട്ടായ്മ. കഴിഞ്ഞ വയനാട് ദുരന്തത്തിൽ സാമ്പത്തിക സഹായം നൽകുന്നതിന് വേണ്ടി സ്വന്തം പെയിന്റിംഗുകൾ വിറ്റ് ധനസമാഹരണം നടത്തി മുഖ്യമന്ത്രിയുടെ ഫബിലേക്ക് സംഭാവന ചെയ്യാനും പൊതുവിദ്യാലയത്തിൽ സൗജന്യമായി ചിത്രങ്ങൾ വരച്ച് മോടികൂട്ടാനും ക്യാമ്പ് അംഗങ്ങൾ മുന്നോട്ട് വന്നത് മാതൃകയാണ് .

ആർ.ബാലകൃഷ്‌ണൻ, അഭിലാഷ് തിരുവോത്ത്, അനുപമ അവിട്ടം, അസ്സൽ മേപ്പയൂർ, ബാബു പുറ്റംപൊയിൽ, ബഷീർ ചിത്രകൂടം, ബിജു ഇടത്തിൽ, ദേവരാജ് കന്നാട്ടി, ജെസ്സി ജോസ്, ലിതേഷ് കരുണാകരൻ, നന്ദന രശ്മി സുരേഷ്, നിതേഷ് തെക്കേലത്ത്, പ്രജീഷ് പേരാമ്പ്ര, രാജീവൻ കെ. സി, രമേശ് കോവുമ്മൽ, കെ.റജി കുമാർ, രഞ്ജിത്ത് പട്ടാണിപ്പാറ, ഋതുപർണ രാജീവ്, സിനോജ് ജോസ്, ഡോ.സോമനാഥൻ പി, ശ്രീജേഷ് പി എം, സുരേഷ് കുമാർ പി.കെ എന്നിവരുടെ സൃഷ്ടികളാണ് എക്സിബിഷനിൽ ഉൾകൊള്ളിച്ചിട്ടുള്ളത് .

ചടങ്ങിന് എക്സിബിഷൻ കോർഡിനേറ്റർ ശ്രീജേഷ് പി എം സ്വാഗതം പറഞ്ഞു. 'ദി ക്യാമ്പ് പേരാമ്പ്ര' പ്രസിഡന്റ് പ്രേംരാജ് അധ്യക്ഷത വഹിച്ചു. ചിത്രകാരന്മാരായ രാജേന്ദ്രൻ പുല്ലൂർ, സുധീഷ് കെ എന്നിവർ ചടങ്ങിന് സ്വാഗതം പറഞ്ഞു. 'ദി ക്യാമ്പ് പേരാമ്പ്ര' ജോയിന്റ് സെക്രട്ടറി കെ സി രാജീവൻ നന്ദിയും പറഞ്ഞു. പ്രദർശനം 19 ന് സമാപിക്കും

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308329/endless-expression-painters-from-perambra-come-together-the-camp-perambras-12th-painting-exhibition-camp-begins-kozhikode)