---
title: "ജൈനമ്മയെ തട്ടിക്കൊണ്ടുപോയതിന് വ്യക്തമായ തെളിവ് ലഭിച്ചു, പ്രതി സെബാസ്റ്റ്യൻ റിമാൻഡിൽ; അന്വേഷണം നിർണായക ഘട്ടത്തിലേക്ക്"
english_title: "Cherthala Jainamma disappearance case, accused Sebastian remanded"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308327/cherthala-jainamma-disappearance-case-accused-sebastian-remanded"
published_at: "2025-08-13T18:07:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c871da0554_7.jpg"
keywords: []
---

# ജൈനമ്മയെ തട്ടിക്കൊണ്ടുപോയതിന് വ്യക്തമായ തെളിവ് ലഭിച്ചു, പ്രതി സെബാസ്റ്റ്യൻ റിമാൻഡിൽ; അന്വേഷണം നിർണായക ഘട്ടത്തിലേക്ക്

> **Lead Summary:** ആലപ്പുഴ: ചേർത്തല ജൈനമ്മ തിരോധാനക്കേസിലെ പ്രതിയായ സെബാസ്റ്റ്യനെ റിമാൻഡ് ചെയ്തു. ഈ മാസം 26 വരെയാണ് റിമാൻഡ് കാലാവധി. ഇയാളെ ആലപ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റും. ജൈനമ്മയെ തട്ടിക്കൊണ്ടുപോയതിന് വ്യക്തമായ തെളിവ് ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ടുപോകൽ കുറ്റവും ചുമത്തിയിട്ടുണ്ട്. കേസിൻ്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നതായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കി.

## Article Content

ആലപ്പുഴ: ചേർത്തല ജൈനമ്മ തിരോധാനക്കേസിലെ പ്രതിയായ സെബാസ്റ്റ്യനെ റിമാൻഡ് ചെയ്തു. ഈ മാസം 26 വരെയാണ് റിമാൻഡ് കാലാവധി. ഇയാളെ ആലപ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റും. ജൈനമ്മയെ തട്ടിക്കൊണ്ടുപോയതിന് വ്യക്തമായ തെളിവ് ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ടുപോകൽ കുറ്റവും ചുമത്തിയിട്ടുണ്ട്. കേസിൻ്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നതായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കി.

പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെങ്കിലും മറ്റ് തെളിവുകളെല്ലാം ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കാന്‍ സാധിച്ചതായും സംഘം വ്യക്തമാക്കി. ഡിഎന്‍എ പരിശോധനാ ഫലവും ജൈനമ്മയുടെ മൊബൈല്‍ ഫോണ്‍ എവിടെ എന്നതിന്റെ ഉത്തരവുമാണ് ഇനി ലഭിക്കേണ്ടത്. നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ട് പോകല്‍ വകുപ്പ് കൂടി സെബാസ്റ്റ്യനെതിരെ ചുമത്തിയിട്ടുണ്ട്.

നേരത്തെ കൊലപാതകവും തെളിവ് നശിപ്പിക്കലുമായിരുന്നു സെബാസ്റ്റ്യനെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍. കഴിഞ്ഞ വർഷം ഡിസംബർ 23-നാണ് ജൈനമ്മയെ കാണാതായത്. അന്വേഷണത്തിൽ ജൈനമ്മയുടെ ഫോൺ അവസാനമായി ഓണായത് പളളിപ്പുറത്തുവെച്ചാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് അസ്തികൂടം ലഭിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ് ജൈനമ്മ.

ജൈനമ്മ ധ്യാന കേന്ദ്രങ്ങളില്‍ പോവാറുണ്ടായിരുന്നു. ഇത്തരത്തിൽ ഏതെങ്കിലും ധ്യാന കേന്ദ്രങ്ങളില്‍ ജൈനമ്മ പോയതായിരിക്കുമെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാല്‍ നാല് ദിവസമായിട്ടും കാണാത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് ജൈനമ്മയുടെ ഫോണിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പള്ളിപ്പുറത്താണ് അവസാനമായി എത്തിയതെന്ന് വിവരം മനസിലാക്കുന്നത്.

സ്ഥലത്തുള്ള ആളുകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സമയത്താണ് സെബാസ്റ്റ്യനെയും ചോദ്യം ചെയ്തത്. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യം പൊലീസ് കണക്കിലെടുത്തിരുന്നു. 2013 ല്‍ കാണാതായ ബിന്ദു പത്മനാഭന്റെ കേസിലും ഇയാള്‍ ആരോപണ വിധേയനാണ്.ഡിഎന്‍എ പരിശോധന വഴി ബിന്ദുവിന്റെയോ ജൈനമ്മയുടെയോ കേസിലെ നിര്‍ണായക വിവരം പുറത്ത് വരുമെന്നാണ് പൊലീസ് കരുതുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308327/cherthala-jainamma-disappearance-case-accused-sebastian-remanded)