---
title: "കോഴിക്കോട് വീണ്ടും കുട്ടികളുടെ കയ്യാങ്കളി; കോടഞ്ചേരിയിൽ കൈകൊണ്ട് ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വളഞ്ഞിട്ട് ആക്രമിച്ചു,പരാതി "
english_title: "Plus One student at St. Joseph's Higher Secondary School in Kodanchery has been assaulted, a complaint has been filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308086/plus-one-student-at-st-josephs-higher-secondary-school-in-kodanchery-has-been-assaulted-a-complaint-has-been-filed"
published_at: "2025-08-12T16:06:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b19573804e_kodanchery.jpg"
keywords: []
---

# കോഴിക്കോട് വീണ്ടും കുട്ടികളുടെ കയ്യാങ്കളി; കോടഞ്ചേരിയിൽ കൈകൊണ്ട് ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വളഞ്ഞിട്ട് ആക്രമിച്ചു,പരാതി 

> **Lead Summary:** **കോഴിക്കോട്: ** കോടഞ്ചേരി സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റതായി പരാതി. പ്ലസ് വണ്‍ വിദ്യാർത്ഥിയായ അമലിനെയാണ് പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്. ആംഗ്യം കാണിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് കുട്ടിയുടെ പരാതിയിൽ പറയുന്നു.

## Article Content

**കോഴിക്കോട്: ** കോടഞ്ചേരി സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റതായി പരാതി. പ്ലസ് വണ്‍ വിദ്യാർത്ഥിയായ അമലിനെയാണ് പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്. ആംഗ്യം കാണിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് കുട്ടിയുടെ പരാതിയിൽ പറയുന്നു.

കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകി. സംഭവത്തിൽ മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. സ്കൂൾ ആൻറി റാഗിങ് കമ്മിറ്റിയും മർദനമേറ്റ കുട്ടിയുടെ രക്ഷിതാവും പൊലീസിൽ പരാതി നൽകി.

അതിനിടെ നാദാപുരം പുളിയാവ് കോളേജ് വിദ്യാർത്ഥിയെ സ്കൂൾ പരിസരത്ത് അതിക്രൂരമായി മർദ്ദിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ കേസ് എടുത്ത് വളയം പൊലീസ്. അഞ്ച് വിദ്യാർത്ഥികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സീനിയർ വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, ഇഷാം എന്നിവരെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. കുയ്തേരി സ്വദേശിയായ 19 കാരൻ്റെ പരാതിയിലാണ് പൊലീസ് നടപടി. കഴിഞ്ഞ മാസം 16-ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കുയ്തേരി സ്വദേശിയായ 19 കാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹെൽമറ്റ് കൊണ്ട് എറിയുകയും, മുഖവും ചുണ്ടും താടി ഭാഗവും സ്കൂട്ടറിൽ ഇടിപ്പിച്ച് പരുക്കേൽപ്പിക്കുകയും, പരാതിക്കാരനെ തടഞ്ഞ് വെച്ച് അതിക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ ഉള്ളത്. പരാതിക്കാരനെ മർദ്ദിക്കുന്ന മൊബൈൽ ഫോൺ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂരിലെ സ്കൂളിൽ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിൽ കലാശിച്ചത്. കഴിഞ്ഞ ജൂണിൽ പത്തനംതിട്ട എഴമറ്റൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ച സംഭവവും ഉണ്ടായിരുന്നു. ക്ലാസിലിരിക്കുമ്പോള്‍ ഷര്‍ട്ടിന് പുറകിൽ കുത്തിവരച്ചത് ചോദ്യം ചെയ്തതിനായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ബെസ്റ്റിയെ ചൊല്ലിയുളള തര്‍ക്കത്തിനൊടുവില്‍ സിനിമ സ്റ്റൈലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയ സംഭവവും ഉണ്ടായിരുന്നു.

എറണാകുളം ജില്ലയിലെ ഒരു എയഡ്ഡ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. ആരെയും ഭയപ്പെടുത്തും വിധം തമ്മിലടിക്കുന്ന വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിഷയത്തില്‍ പൊലീസ് ഇടപെടുകയായിരുന്നു. തമ്മിലടിച്ച വിദ്യാര്‍ഥികള്‍ രണ്ടു പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308086/plus-one-student-at-st-josephs-higher-secondary-school-in-kodanchery-has-been-assaulted-a-complaint-has-been-filed)