---
title: "വടകര ആയഞ്ചേരിയില്‍ ബൈക്ക് യാത്രക്കാരന്‍ റോഡിൽ പൊതി ഉപേക്ഷിച്ചു, പിന്നാലെ എത്തിയ കാർ നാട്ടുകാരെ കണ്ട് നിർത്താതെ പോയി; പരിശോധിച്ചപ്പോള്‍ 95 ഗ്രാം മെത്താഫിറ്റമിൻ"
english_title: "95 grams of methamphetamine seized from Ayancheri, Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308042/95-grams-of-methamphetamine-seized-from-Ayancheri-vadakara"
published_at: "2025-08-12T13:37:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689af6adbd65c_vatakara.jpg"
keywords: []
---

# വടകര ആയഞ്ചേരിയില്‍ ബൈക്ക് യാത്രക്കാരന്‍ റോഡിൽ പൊതി ഉപേക്ഷിച്ചു, പിന്നാലെ എത്തിയ കാർ നാട്ടുകാരെ കണ്ട് നിർത്താതെ പോയി; പരിശോധിച്ചപ്പോള്‍ 95 ഗ്രാം മെത്താഫിറ്റമിൻ

> **Lead Summary:** **കോഴിക്കോട്: വ**ടകര ആയഞ്ചേരിയില്‍ നിന്ന് 95 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടി. ബൈക്ക് യാത്രക്കാരന്‍ ഉപേക്ഷിച്ച പൊതി പരിശോധിച്ചപ്പോളാണ് രാസലഹരിയാണെന്ന് കണ്ടെത്തിയത്. രാസലഹരി കൈമാറാനായി പൊതി ഉപേക്ഷിച്ചതാണെന്നാണ് സൂചന. ബൈക്ക് യാത്രക്കാരന്‍ പൊതി ഉപേക്ഷിച്ച ഉടന്‍ സമീപത്തേക്ക് ഒരു കാര്‍ വന്നു. എന്നാല്‍ നാട്ടുകാരെ കണ്ട് നിര്‍ത്താതെ പോയി. എക്സൈസ് കേസ്സെടുത്തു. സംഭവത്തിൽ ആരേയും പിടികൂടിയിട്ടില്ല.

## Article Content

**കോഴിക്കോട്: വ**ടകര ആയഞ്ചേരിയില്‍ നിന്ന് 95 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടി. ബൈക്ക് യാത്രക്കാരന്‍ ഉപേക്ഷിച്ച പൊതി പരിശോധിച്ചപ്പോളാണ് രാസലഹരിയാണെന്ന് കണ്ടെത്തിയത്. രാസലഹരി കൈമാറാനായി പൊതി ഉപേക്ഷിച്ചതാണെന്നാണ് സൂചന. ബൈക്ക് യാത്രക്കാരന്‍ പൊതി ഉപേക്ഷിച്ച ഉടന്‍ സമീപത്തേക്ക് ഒരു കാര്‍ വന്നു. എന്നാല്‍ നാട്ടുകാരെ കണ്ട് നിര്‍ത്താതെ പോയി. എക്സൈസ് കേസ്സെടുത്തു. സംഭവത്തിൽ ആരേയും പിടികൂടിയിട്ടില്ല.

ബൈക്കിന്റെ വിവരങ്ങളും സിസിറ്റിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ബൈജു അറിയിച്ചു. മേത്തഫിറ്റാമിൻ ഇന്ന് കോടതിയിൽ ഹാജരാക്കും. സമാനമായ രീതിയിൽ കുറച്ചു മാസങ്ങൾക്കു മുൻപ് ആയഞ്ചേരി തിരുവള്ളൂർ റോഡിൽ നിന്നു എം ഡി എം എ തിരയുന്നതിനിടെ കണ്ണൂർ സ്വദേശികളായ രണ്ടു പേരെ നാട്ടുകാർ തടഞ്ഞു വെക്കുകയും പോലീസിൽ ഏല്പിക്കുകയും ചെയ്തിരുന്നു.

മറ്റൊരു സംഭവത്തിൽ ആലപ്പുഴ ഹരിപ്പാട് രണ്ട് കിലോഗ്രാമോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൽഡാ സ്വദേശി അമീർ (29) ആണ് പിടിയിലായത് . ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കരിയിലകുളങ്ങര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പശ്ചിമ ബംഗാളിൽ നിന്ന് ട്രെയിനിൽ ആലപ്പുഴയിൽ എത്തിയ ഇയാൾ ബസിൽ കാഞ്ഞൂർ ക്ഷേത്രത്തിന് സമീപത്ത് എത്തിയപ്പോഴാണ് പൊലീസിൻ്റെ മുന്നിൽപെട്ടത്.

സംശയം തോന്നിയ പൊലീസ് ഇയാളെ തടഞ്ഞുനിർത്തി ബാഗ് പരിശോധിച്ചപ്പോൾ ഇതിനകത്ത് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 1.963 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ കൈയ്യിലുണ്ടായിരുന്നത്. ചേപ്പാട്, ചിങ്ങോലി എന്നിവിടങ്ങൾ കേന്ദ്രമാക്കി കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കരിയിലകുളങ്ങര എസ് എച്ച് ഓ നിസാമുദ്ദീൻ, എസ് ഐ മാരായ ശ്രീകുമാരക്കുറുപ്പ്, നിരഞ്ജന ലാൽ, എ എസ് ഐ അനി, സിപിഓ അജീഷ്, ഹോം ഗാർഡ് ജയറാം എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308042/95-grams-of-methamphetamine-seized-from-Ayancheri-vadakara)