---
title: "കണ്ണൂരിൽ വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, മരിച്ചത് തലശ്ശേരി സ്വദേശി"
english_title: "Body of youth who jumped into river during vehicle inspection found in Kannur deceased hails from Thalassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308015/body-of-youth-who-jumped-into-river-during-vehicle-inspection-found-in-kannur-deceased-hails-from-thalassery"
published_at: "2025-08-12T12:13:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/689ae2cb01ab7_oi.jpg"
keywords: []
---

# കണ്ണൂരിൽ വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, മരിച്ചത് തലശ്ശേരി സ്വദേശി

> **Lead Summary:** കൂട്ടുപുഴ പൊലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നിരവധി കേസുകളിൽ പ്രതിയായ കണ്ണൂർ പൊതുവാച്ചേരി സ്വദേശി റഹീമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കിളിയന്തറ മുപ്പത്തിരണ്ടാം മൈൽ മുടിയരഞ്ഞി കടവിൽനിന്ന് ഇന്നു രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. റഹീം ചാടിയ സ്ഥലത്തുനിന്നു നാലു കിലോമീറ്ററോളം മാറിയാണ് മൃതദേഹം പുഴയുടെ തീരത്തടിഞ്ഞത്. വെള്ളിയാഴ്ച രാത്രിയാണ് റഹീം പുഴയിൽ ചാടിയത്.

## Article Content

കൂട്ടുപുഴ പൊലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നിരവധി കേസുകളിൽ പ്രതിയായ കണ്ണൂർ പൊതുവാച്ചേരി സ്വദേശി റഹീമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കിളിയന്തറ മുപ്പത്തിരണ്ടാം മൈൽ മുടിയരഞ്ഞി കടവിൽനിന്ന് ഇന്നു രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. റഹീം ചാടിയ സ്ഥലത്തുനിന്നു നാലു കിലോമീറ്ററോളം മാറിയാണ് മൃതദേഹം പുഴയുടെ തീരത്തടിഞ്ഞത്. വെള്ളിയാഴ്ച രാത്രിയാണ് റഹീം പുഴയിൽ ചാടിയത്.

കർണാടകയിൽനിന്നു കേരളത്തിലേക്ക് ആഡംബര വാഹനത്തിൽ വരികയായിരുന്നു റഹീമും സംഘവും. പൊലീസ് കൈ കാണിച്ചതോടെ വാഹനം നിർത്തി പുറത്തിറങ്ങിയ റഹീം ചെക്പോസ്റ്റിനു സമീപത്തെ ഊടുവഴിയിലൂടെ ഓടി പുഴയിൽ ചാടുകയായിരുന്നു. പേരട്ട പുഴയും ബാരാപോൾ പുഴയും കൂടിച്ചേരുന്ന സ്ഥലത്താണ് ഇയാൾ ചാടിയത്.

പുഴയിൽ ചാടിയ റഹീമിനെ 100 മീറ്റർ താഴെ കച്ചേരിക്കടവ് പാലത്തിനു സമീപം വരെ പ്രദേശവാസികൾ കണ്ടിരുന്നു. അഗ്നിരക്ഷാ സേനയും നാട്ടുകാരും പൊലീസും ചേർന്ന് അന്ന് രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നു രാവിലെ തിരച്ചിൽ നടത്താൻ തുടങ്ങുന്നതിനിടെയാണ് മൃതദേഹം കണ്ടത്.

അതേസമയം തലശ്ശേരി പുല്ലായി പുഴയിൽ നിന്നും അറുപത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ്. ഇത് തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കൊലപ്പെടുത്തിയ പ്രമോദിൻ്റേതെന്നാണ് സംശയം. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം തലശ്ശേരിയിലേക്ക് തിരിച്ചു.

മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കൾ തിരിച്ചറിഞ്ഞുവെന്നും ഇനി മൃതദേഹം നേരിൽകണ്ട് തിരിച്ചറിയണമെന്നും പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ പ്രമോദിനെ പൊലീസ് തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി പ്രമോദിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന തടമ്പാട്ടുതാഴത്തെ വീട്ടിലാണ് സഹോദരിമാരായ ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിമാരിൽ ഒരാൾ മരിച്ചു എന്ന് ഇവർക്കൊപ്പം താമസിച്ചിരുന്ന പ്രമോദ് തന്നെയാണ് പുലർച്ചെ 5 മണിയോടെ ബന്ധുക്കളെ അറിയിച്ചത്.

ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോൾ രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. സഹോദരൻ പ്രമോദിനേ കാണാതായത് ദുരൂഹത വർധിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308015/body-of-youth-who-jumped-into-river-during-vehicle-inspection-found-in-kannur-deceased-hails-from-thalassery)