---
title: "പെണ്ണായി ജനിച്ചതിന് .....! ആണ്‍കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചു; ബിസ്കറ്റിൽ വിഷം കലർത്തി നൽകി പിതാവ് മകളെ കൊലപ്പെടുത്തിയെന്ന് പരാതി"
english_title: "Father allegedly killed daughter by poisoning biscuits in Tripura"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307926/father-allegedly-killed-daughter-by-poisoning-biscuits-in-tripura"
published_at: "2025-08-11T22:25:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689a20a1267bb_crime.jpg"
keywords: []
---

# പെണ്ണായി ജനിച്ചതിന് .....! ആണ്‍കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചു; ബിസ്കറ്റിൽ വിഷം കലർത്തി നൽകി പിതാവ് മകളെ കൊലപ്പെടുത്തിയെന്ന് പരാതി

> **Lead Summary:** ത്രിപുരയിൽ പിതാവ് ഒരു വയസ്സുകാരിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന് പരാതി. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് (ടിഎസ്ആര്‍) ഉദ്യോഗസ്ഥനായ രതീന്ദ്ര ദേബ്ബര്‍മയാണ് മകള്‍ സുഹാനിക്ക് വിഷം നല്‍കിയതെന്നാണ് ഇയാളുടെ ഭാര്യ മിതാലിയുടെ ആരോപണം. ആണ്‍കുഞ്ഞ് വേണം എന്ന ആഗ്രഹം സാധിക്കാഞ്ഞതിനാലാണ് രതീന്ദ്രയുടെ ക്രൂരകൃത്യമെന്ന് മിതാലി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

## Article Content

ത്രിപുരയിൽ പിതാവ് ഒരു വയസ്സുകാരിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന് പരാതി. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് (ടിഎസ്ആര്‍) ഉദ്യോഗസ്ഥനായ രതീന്ദ്ര ദേബ്ബര്‍മയാണ് മകള്‍ സുഹാനിക്ക് വിഷം നല്‍കിയതെന്നാണ് ഇയാളുടെ ഭാര്യ മിതാലിയുടെ ആരോപണം. ആണ്‍കുഞ്ഞ് വേണം എന്ന ആഗ്രഹം സാധിക്കാഞ്ഞതിനാലാണ് രതീന്ദ്രയുടെ ക്രൂരകൃത്യമെന്ന് മിതാലി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

ത്രിപുരയിലെ ഖോവായ് ജില്ലയിലുള്ള ബെഹലബാരി ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. വിഷം ഉള്ളിൽ ചെന്ന കുട്ടിയെ ആദ്യം ഖോവായ് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തലസ്ഥാനമായ അഗർത്തലയിലെ ജിബി ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബിസ്‌ക്കറ്റിലാണ് രതീന്ദ്ര മകൾക്ക് വിഷം കലർത്തി നൽകിയതെന്ന് മിതാലി പറയുന്നു. ‘‘ഭർത്താവ് എപ്പോഴും ഒരു മകനെ ആഗ്രഹിച്ചിരുന്നു. രണ്ടു പെൺമക്കളെ പ്രസവിച്ചതിൽ എന്നോട് വെറുപ്പ് പ്രകടിപ്പിച്ചിരുന്നു. എന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു ക്രൂരകൃത്യം നടന്നത്. മകളെയും സഹോദരിയുടെ മകനെയും കടയിലേക്ക് ബിസ്‌ക്കറ്റ് വാങ്ങാൻ രതീന്ദ്ര കൊണ്ടുപോയി. ബിസ്ക്കറ്റ് കഴിച്ച ശേഷം മകൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടാൻ തുടങ്ങി.

അവളുടെ വായിൽ നിന്ന് മരുന്നിന്റെ രൂക്ഷഗന്ധം വന്നു. അവൾക്ക് ഇത്രയധികം അസുഖം വരാൻ എന്താണ് കഴിച്ചതെന്ന് ചോദിച്ചുകൊണ്ട് ഞാൻ ഭർത്താവിനെ ചോദ്യം ചെയ്തു. വിഷം കൊടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എന്റെ മകൾ ജീവനോടെയില്ല.’’ – മിതാലി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത രതീന്ദ്രയെ കോടതി മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307926/father-allegedly-killed-daughter-by-poisoning-biscuits-in-tripura)