---
title: "മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു, ഒരാള്‍ക്കായി തെരച്ചിൽ തുടരുന്നു"
english_title: "Another boat capsizes in Muthalapozhi Two dead search continues for one"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307914/another-boat-capsizes-in-muthalapozhi-two-dead-search-continues-for-one"
published_at: "2025-08-11T20:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689a08b249460_muthalappozhi.jpg"
keywords: []
---

# മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു, ഒരാള്‍ക്കായി തെരച്ചിൽ തുടരുന്നു

> **Lead Summary:** വീണ്ടും ജീവനെടുത്തത് മുതലപ്പൊഴി. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. വള്ളത്തിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. കാണാതായവരിൽ ഒരാൾ രക്ഷപ്പെട്ടു. മറ്റൊരു വള്ളത്തിൽ കയറിയാണ് രക്ഷപ്പെട്ടത്. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.

## Article Content

വീണ്ടും ജീവനെടുത്തത് മുതലപ്പൊഴി. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. വള്ളത്തിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. കാണാതായവരിൽ ഒരാൾ രക്ഷപ്പെട്ടു. മറ്റൊരു വള്ളത്തിൽ കയറിയാണ് രക്ഷപ്പെട്ടത്. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.

അഞ്ചുതെങ്ങ് സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള കർമ്മല മാതാ എന്ന ചെറിയ വള്ളമാണ് മറിഞ്ഞത്. ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർ മരിച്ചതായി ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ നേരത്തെ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു.

അപകടങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ പുലിമുട്ട് നിർമ്മാണത്തിലെ അപാകതകൾ കണ്ടെത്തി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ പൂനെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷന് നിർദ്ദേശം നൽകിയിരുന്നു.

മറ്റൊരു സംഭവത്തിൽ പാലക്കാട് വാഹനാപകടത്തില്‍ പതിമൂന്നുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് മെഡിക്കല്‍ കോളേജിന് മുന്നില്‍ ബൈക്കും തമിഴ്‌നാട് സര്‍ക്കാരിന്റെ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊട്ടേക്കാട് ആനപ്പാറ സ്വദേശി ആരതിയാണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ മറ്റൊരു ബന്ധുവിനൊപ്പം ബൈക്കില്‍ വരുന്നതിനിടെയായിരുന്നു അപകടം.

ബൈക്ക് ഓടിച്ചിരുന്ന യുവതിക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരതിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണുളളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307914/another-boat-capsizes-in-muthalapozhi-two-dead-search-continues-for-one)