---
title: "'സദ്യയുടെ രാജാവ്'; ഓണസദ്യ പൂർണമാക്കാൻ ഉണ്ടാക്കാം അവിയൽ, ഏറ്റവും എളുപ്പത്തിൽ"
english_title: "onam sadhya special dish aviyal recipie cookery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307857/onam-sadhya-special-dish-aviyal-recipie-cookery"
published_at: "2025-08-11T16:17:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899caf72124f_aviyyal.jpg"
keywords: []
---

# 'സദ്യയുടെ രാജാവ്'; ഓണസദ്യ പൂർണമാക്കാൻ ഉണ്ടാക്കാം അവിയൽ, ഏറ്റവും എളുപ്പത്തിൽ

> **Lead Summary:** എല്ലാ വിശേഷ ദിവസങ്ങളിലും ഒരു സദ്യ തയ്യാറാക്കുക എന്നത് എല്ലാവരും ആസ്വദിച്ച് ചെയ്യുന്ന കാര്യമാണ്. സദ്യയിലെ പ്രധാനിയാണ് അവിയൽ.ധാരാളം പച്ചക്കറികള്‍ ചേര്‍ന്ന പോഷക ഭക്ഷണം. അതിനാൽ സദ്യയിൽ ഒഴിച്ചുകൂടാനാവാത്തതാണ് അവിയൽ. ഓണമൊക്കെ അടുക്കാറായില്ലേ? സദ്യക്ക് നല്ല ഉഗ്രൻ അവിയൽ ഉണ്ടാക്കി നോക്കിയാലോ?

## Article Content

എല്ലാ വിശേഷ ദിവസങ്ങളിലും ഒരു സദ്യ തയ്യാറാക്കുക എന്നത് എല്ലാവരും ആസ്വദിച്ച് ചെയ്യുന്ന കാര്യമാണ്. സദ്യയിലെ പ്രധാനിയാണ് അവിയൽ.ധാരാളം പച്ചക്കറികള്‍ ചേര്‍ന്ന പോഷക ഭക്ഷണം. അതിനാൽ സദ്യയിൽ ഒഴിച്ചുകൂടാനാവാത്തതാണ് അവിയൽ. ഓണമൊക്കെ അടുക്കാറായില്ലേ? സദ്യക്ക് നല്ല ഉഗ്രൻ അവിയൽ ഉണ്ടാക്കി നോക്കിയാലോ?

**ചേരുവകൾ**

***മഞ്ഞൾപൊടി – 1/4 ടീസ്പൂൺ***

***മുളകുപൊടി – 1/2 ടീസ്പൂൺ***

***ക്യാരറ്റ് – ഒന്ന് ***

***പയർ – നാലു മുതൽ അഞ്ചെണ്ണം വരെ***

***പടവലങ്ങ – ഒരു ചെറിയ കഷ്ണം***

***ചേന – ഒരു ചെറിയ കഷ്ണം***

***പച്ചക്കായ – ഒരു ചെറിയ കഷ്ണം***

***മുരിങ്ങക്കായ – രണ്ട് എണ്ണം***

***പച്ചമുളക് – നാലെണ്ണം ***

***ചെറിയ ഉള്ളി – രണ്ടെണ്ണം***

***ജീരകം – 1 പിഞ്ച്***

***തേങ്ങ – ഒരു കപ്പ്***

***തൈര് – 1/4 കപ്പ്***

***കറിവേപ്പില – ഒരു തണ്ട്***

**തയാറാക്കും വിധം**

അവിയലിനായി കഷണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് ഏതു വേണമെങ്കിലും അതോടൊപ്പം ചേർക്കാവുന്നതാണ്. കഷ്ണങ്ങൾ നന്നായി കഴുകിയെടുക്കുക. ശേഷം നീളത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. അടി കട്ടിയുള്ള ഒരു ഉരുളി എടുത്ത് ചൂടാക്കുക. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ എടുത്തുവച്ച കഷണങ്ങളെല്ലാം അതിന് മുകളിലായി ഇട്ടു കൊടുക്കാവുന്നതാണ്. ആവശ്യമായ ഉപ്പും, കുറച്ച് മഞ്ഞൾ പൊടിയും മുളകുപൊടിയും ഇട്ടു കൊടുക്കാം.

അവിയലിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാനായി തേങ്ങ, ചെറിയ ഉള്ളി, ജീരകം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഈ അരപ്പ് കഷ്ണത്തിന്റെ ഏറ്റവും മുകൾഭാഗത്തായി ചേർത്തുകൊടുത്ത് അടച്ചുവെച്ച് 15 മിനിറ്റ് നേരം വേവിക്കുക. കഷ്ണങ്ങൾ വേവിച്ചെടുക്കാനായി കുറച്ച് വെള്ളം കൂടി ഒഴിച്ച് കൊടുക്കാനായി മറക്കരുത്. എല്ലാ കഷ്ണങ്ങളും നല്ലതുപോലെ വെന്ത് വന്നു കഴിഞ്ഞാൽ പുളിക്ക് ആവശ്യമായ തൈര് അവിയലിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.

ഓരോരുത്തരുടെയും പുളിയുടെ അളവ് അനുസരിച്ച് തൈരിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. തൈര് കഷ്ണത്തിലേക്ക് നല്ലതുപോലെ പിടിച്ച് വെള്ളമെല്ലാം വലിഞ്ഞു കഴിഞ്ഞാൽ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ചൂട് പോകുന്നതിനു മുൻപായി കുറച്ച് പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും മുകളിലായി തൂവി കൊടുക്കാം.കുറച്ചുനേരം അവിയൽ ഇതേ രീതിയിൽ വച്ചശേഷം എടുക്കുകയാണെങ്കിൽ നല്ല രുചി കിട്ടുന്നതാണ്. ഇനി ചൂടോടെ സദ്യയ്‌ക്കൊപ്പം വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307857/onam-sadhya-special-dish-aviyal-recipie-cookery)