---
title: "കണ്ണൂർ കേളകത്ത് ഇരുചക്രവാഹനം നിയന്ത്രണംവിട്ട് വൈദ്യുതി തുണിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം"
english_title: "young man died tragically after losing control of his two-wheeler and hitting an electric pole in Kelakat, Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307734/young-man-died-tragically-after-losing-control-of-his-two-wheeler-and-hitting-an-electric-pole-in-kelakat-kannur"
published_at: "2025-08-11T07:47:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/689952f4b0047_7.jpg"
keywords: []
---

# കണ്ണൂർ കേളകത്ത് ഇരുചക്രവാഹനം നിയന്ത്രണംവിട്ട് വൈദ്യുതി തുണിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കേളകം ( കണ്ണൂർ ): ക**ണ്ണൂർ കേളകത്ത് ഇരുചക്രവാഹനം നിയന്ത്രണംവിട്ട് വൈദ്യുതി തുണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചാണപ്പാറ സ്വദേശി കുന്നത്ത് അജേഷ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.

## Article Content

**കേളകം ( കണ്ണൂർ ): ക**ണ്ണൂർ കേളകത്ത് ഇരുചക്രവാഹനം നിയന്ത്രണംവിട്ട് വൈദ്യുതി തുണിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചാണപ്പാറ സ്വദേശി കുന്നത്ത് അജേഷ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.

കണിച്ചാർ ഭാഗത്ത് നിന്നും മണത്തണ ഭാഗത്തേക്ക് പോവുകയായിരുന്ന അജേഷ് സഞ്ചരിച്ച ബുള്ളറ്റ് മലയോര ഹൈവേയിലെ കണിച്ചാർ ടൗണിന് സമീപം ചാണപ്പാറ ഇറക്കത്തിലെ വളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റ അജേഷിനെ പേരാവൂർ സെറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ അമിത വേഗത്തിൽ നടപ്പാതയിൽ കാർ കയറി പരിക്കേറ്റ നാലു പേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. വഴിയാത്രക്കാരായ ശ്രീപ്രീയ, ആഞ്ജനേയൻ, ഓട്ടോ ഡ്രൈവര്‍മാരായ ഷാഫി, സുരേന്ദ്രൻ എന്നിവർ വെന്റിലേറ്ററിലാണ്. ഷാഫിക്ക് ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശാസ്ത്രക്രിയ നടത്തി. വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥ് ഡ്രൈവിങ്ങ് പരിശീലിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബ്രേക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്നാണ് കാര്‍ നടപ്പാതയിലേയ്ക്ക് ഇടിച്ചു കയറിയത്. സംഭവത്തിൽ പോലിസ് കേസ് എടുത്തിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ജനറൽ ആശുപത്രിക്ക് മുന്നിൽ അപകടമുണ്ടായത്. തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും സ്ത്രീയെയും ഇടിച്ചു തെറിപ്പിച്ച കാർ മറ്റുള്ളവരെയും ഇടിച്ചിട്ടു. വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥും അമ്മാവനുമാണ് കാറിലുണ്ടായിരുന്നത്. കാറിന് യന്ത്രത്തകരാർ ഒന്നുമില്ലെന്നും ​ആർടിഒ വ്യക്തമാക്കിയിട്ടുണ്ട്. വിഷ്ണുനാഥിന് 2019 ൽ ലൈസൻസ് ലഭിച്ചിട്ടുണ്ട്. ​ഗതാ​ഗത കമ്മീഷണർ ആശുപത്രിയിൽ ഉണ്ടായിരുന്ന സമയത്താണ് അപകടം ഉണ്ടായത്.

വാഹനം ഓടിച്ച വിഷ്ണുനാഥ്, ഒപ്പമുണ്ടായിരുന്ന വിജയൻ എന്നിവരുടെ ലൈസൻസ് റദ്ദാക്കും. കാർ ഓടിച്ചു പഠിക്കുന്നതിന് വേണ്ടിയാണ് തിരക്കുള്ള ന​ഗരത്തിലേക്ക് വിഷ്ണുനാഥ് കാറുമായി എത്തിയതും ദുരന്തത്തിൽ കലാശിച്ചതും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307734/young-man-died-tragically-after-losing-control-of-his-two-wheeler-and-hitting-an-electric-pole-in-kelakat-kannur)