---
title: "'റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ല, സംഭവിച്ചത് ​ഗോ എറൗണ്ട്'; ചെന്നൈയിലെ അടിയന്തര ലാന്റിം​ഗിൽ വിശദീകരണവുമായി എയർ ഇന്ത്യ"
english_title: "Air India explains why Air India flight 2455 made emergency landing in Chennai"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307733/air-india-explains-why-air-india-flight-2455-made-emergency-landing-in-chennai"
published_at: "2025-08-11T07:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689951ae10764_chennai.jpg"
keywords: []
---

# 'റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ല, സംഭവിച്ചത് ​ഗോ എറൗണ്ട്'; ചെന്നൈയിലെ അടിയന്തര ലാന്റിം​ഗിൽ വിശദീകരണവുമായി എയർ ഇന്ത്യ

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിൽ വിശദീകരണവുമായി എയർ ഇന്ത്യ. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും സംഭവിച്ചത് ​ഗോ എറൗണ്ട് എന്നും എയർ ഇന്ത്യ വിശദീകരിച്ചു. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർ സജ്ജരാണ്. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നെന്ന വാദവും എയർ ഇന്ത്യ തള്ളി.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിൽ വിശദീകരണവുമായി എയർ ഇന്ത്യ. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും സംഭവിച്ചത് ​ഗോ എറൗണ്ട് എന്നും എയർ ഇന്ത്യ വിശദീകരിച്ചു. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർ സജ്ജരാണ്. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നെന്ന വാദവും എയർ ഇന്ത്യ തള്ളി.

ചെന്നൈ എറ്റിഎസ് നിർദേശിച്ചതിനാലാണ് വീണ്ടും വിമാനം ഉയർത്തിയത്. റൺവേയിൽ മറ്റൊരു വിമാനം കാരണം ലാൻഡിംഗ് ശ്രമം അവസാന നിമിഷം ഉപേക്ഷിച്ചെന്ന് വിമാനത്തിലെ ജീവനക്കാർ അറിയിച്ചെന്നാണ് എംപിമാർ പറഞ്ഞത്. അഞ്ച് എംപിമാർ ഉൾപ്പെടെ 160 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ചെന്നൈയിലാണ് അടിയന്തര ലാന്റിം​ഗ് നടത്തിയത്. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ദില്ലിയിൽ എത്തിച്ചു.

അതേസമയം തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നതിൽ രാഷ്ട്രീയ വിവാദം കനക്കുന്നു. എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും യു ഡി എഫ് കൺവീനർ അടൂർ പ്രകാശും കൊടിക്കുന്നിൽ സുരേഷും സി പി എം നേതാവായ കെ രാധാകൃഷ്ണനും തമിഴ്നാട്ടിൽ നിന്നുള്ള റോബർട്ട് ബ്രൂസുമടക്കമുള്ള എം പിമാരടക്കം മൊത്തം 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

സാങ്കേതിക തകരാർ കാരണം അടിയന്തര ലാൻഡിംഗിന് ശ്രമിക്കവെ റൺവേയിൽ മറ്റൊരു വിമാനം എത്തിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. ആകാശത്ത് വട്ടമിട്ട് കറങ്ങിയ എയർ ഇന്ത്യ വിമാനം മണിക്കൂറുകൾക്ക് ശേഷമാണ് ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. വൻ ദുരന്തമാണ് ഒഴിവായതെന്ന് സാരം.

വിമാനം അടിയന്തരമായ ലാൻഡ് ചെയ്ത സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ചാണ് കെ സി വേണുഗോപാലും അടൂർ പ്രകാശുമടക്കമുള്ള എം പിമാർ രംഗത്തെത്തിയത്. അടിയന്തര ലാൻഡിംഗിനിടെ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെന്നാണ് കെ സി വേണുഗോപാൽ പറഞ്ഞത്. അടിയന്തര ലാൻഡിംഗിൽ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് മണിക്കൂറോളം സമയം ചെന്നൈയ്ക്ക് മുകളിൽ പറന്നെന്നാണ് അടൂർ പ്രകാശ് വിവരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307733/air-india-explains-why-air-india-flight-2455-made-emergency-landing-in-chennai)