---
title: "വോട്ടർപട്ടിക പരിഷ്കരണം ; ബിഹാർ മോഡൽ കേരളത്തിലും നടപ്പിലാക്കാൻ തീരുമാനം"
english_title: "Voter list revision; Decision to implement Bihar model in Kerala too"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307731/voter-list-revision-decision-to-implement-bihar-model-in-kerala-too"
published_at: "2025-08-11T07:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68994aacd8b1b_voter.jpg"
keywords: []
---

# വോട്ടർപട്ടിക പരിഷ്കരണം ; ബിഹാർ മോഡൽ കേരളത്തിലും നടപ്പിലാക്കാൻ തീരുമാനം

> **Lead Summary:** **തിരുവനന്തപുരം: **ബിഹാറില്‍ വിവാദമായ വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും ഉടന്‍ നടപ്പാക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ സംസ്ഥാനങ്ങളിലും പട്ടിക പരിഷ്‌കരിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പിലാക്കുക.

## Article Content

**തിരുവനന്തപുരം: **ബിഹാറില്‍ വിവാദമായ വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും ഉടന്‍ നടപ്പാക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ സംസ്ഥാനങ്ങളിലും പട്ടിക പരിഷ്‌കരിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പിലാക്കുക.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കാത്തിരിക്കുകയാണ് കേരളം. വീഴ്ച്ചകള്‍ ഒഴിവാക്കി കൂടുതല്‍ കരുതലോടെയായിരിക്കും കേരളത്തില്‍ പരിഷ്‌കരണം നടക്കുക. പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കമ്മീഷനില്‍ നിന്ന് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു. കൂടാതെ തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍പട്ടികയില്‍ പുതുക്കലുണ്ടാകുമെന്നും ഇതിനായി മാര്‍ഖരേഖയിറക്കുമെന്നും ഡോ. രത്തന്‍ വ്യക്തമാക്കി.

**വോട്ടർപട്ടിക സമഗ്രപരിഷ്കരണം; എന്യൂമറേഷനുള്ള അപേക്ഷാഫോറം വീടുകളിൽ എത്തിക്കും**

നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള വോട്ടർപട്ടിക പരിഷ്കരണത്തിന് അടിസ്ഥാനമാക്കുക 2002-ലെ പട്ടിക. കേരളത്തിൽ അവസാനമായി സമഗ്രപരിഷ്കരണം നടന്നത് ഈ വർഷമാണ്. പട്ടിക പുതുക്കാൻ എന്യൂമറേഷനുള്ള അപേക്ഷാഫോറം ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തിക്കും.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പൊതുമേഖലാജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന തിരിച്ചറിയൽകാർഡ്, 1987 ജൂലായ് ഒന്നിനുമുൻപ്‌ സർക്കാർ/ തദ്ദേശസ്ഥാപനങ്ങൾ, ബാങ്ക്, എൽഐസി, പൊതുമേഖലാസ്ഥാപനം നൽകിയ ഏതെങ്കിലും തിരിച്ചറിയൽകാർഡ്, ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, അംഗീകൃത ബോർഡുകളോ സർവകലാശാലകളോ നൽകിയ പത്താംതരം, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, സ്ഥിരതാമസക്കാരനാണെന്ന സംസ്ഥാനത്തെ ഉത്തരവാദപ്പെട്ട അതോറിറ്റിയുടെ സർട്ടിഫിക്കറ്റ്, വനാവകാശ സർട്ടിഫിക്കറ്റ്, ഒബിസി, എസ്‌സി/എസ്ടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജാതി സർട്ടിഫിക്കറ്റ്, ദേശീയ പൗരത്വപട്ടിക(എൻആർസി), സംസ്ഥാന സർക്കാരോ തദ്ദേശസ്ഥാപനങ്ങളോ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ, സർക്കാർ നൽകുന്ന ഭൂമി/ ഭവന കൈമാറ്റസർട്ടിഫിക്കറ്റ് എന്നിവയാണ് ബിഹാറിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റായി അംഗീകരിച്ച രേഖകൾ. കേരളത്തിലും ഇതെല്ലാം പരിഗണിക്കാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307731/voter-list-revision-decision-to-implement-bihar-model-in-kerala-too)