---
title: "'രാഹുൽ ഗാന്ധിയുടേത് ആറ്റംബോംബല്ല,  ദീപാവലിക്ക് കത്തിച്ച നനഞ്ഞ പടക്കം പോലെ' -രാജീവ് ചന്ദ്രശേഖർ"
english_title: "Rahul Gandhi is not an atomic bomb, he is like a wet cracker lit for Diwali says Rajiv Chandrasekhar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307701/rahul-gandhi-is-not-an-atomic-bomb-he-is-like-a-wet-cracker-lit-for-diwali-says-rajiv-chandrasekhar"
published_at: "2025-08-10T20:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898bb5194934_rahulgandhi.jpg"
keywords: []
---

# 'രാഹുൽ ഗാന്ധിയുടേത് ആറ്റംബോംബല്ല,  ദീപാവലിക്ക് കത്തിച്ച നനഞ്ഞ പടക്കം പോലെ' -രാജീവ് ചന്ദ്രശേഖർ

> **Lead Summary:** ആറ്റംബോംബെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് കമ്മിഷന് എതിരെയുള്ള ആരോപണങ്ങൾ, ദീപാവലിക്ക് നനഞ്ഞ പടക്കം കത്തിച്ച പോലെ ആയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തോറ്റ് തോറ്റ് തൊപ്പിയിട്ട പാർട്ടിയെ പ്രവർത്തകർ മടുത്തു തുടങ്ങിയതാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ രാഹുൽഗാന്ധി ലക്ഷ്യമിടാൻ കാരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ തിരുവനന്തപുരം കാലടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

ആറ്റംബോംബെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് കമ്മിഷന് എതിരെയുള്ള ആരോപണങ്ങൾ, ദീപാവലിക്ക് നനഞ്ഞ പടക്കം കത്തിച്ച പോലെ ആയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തോറ്റ് തോറ്റ് തൊപ്പിയിട്ട പാർട്ടിയെ പ്രവർത്തകർ മടുത്തു തുടങ്ങിയതാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ രാഹുൽഗാന്ധി ലക്ഷ്യമിടാൻ കാരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ തിരുവനന്തപുരം കാലടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ആരോ കീ കൊടുത്ത പാവയെ പോലെയാണ് രാഹുലിൻ്റെ പ്രവൃത്തികളെല്ലാം. അതിർത്തിയിലെ ചൈനീസ് കയ്യേറ്റമെന്ന പ്രസ്താവനയിൽ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾ തിരിച്ചടിയായതോടെയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധി നടത്തുന്ന ആരോപണങ്ങൾ ഏറ്റെടുക്കാതിരിക്കുന്നതാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് നല്ലത്. വർഷത്തിൽ അഞ്ചും ആറും തവണ വിനോദസഞ്ചാരത്തിന് പോകുന്ന രാഹുൽഗാന്ധി രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ചുകൂടി പഠിക്കണം. - രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നേ വോട്ടർ പട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയതാണ്. അത് അന്ന് പരിശോധിക്കാതെ ഒരു വർഷം കഴിഞ്ഞ് പരാതി ഉന്നയിക്കുന്നത് നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറേഴ് ദിവസം കൂടുമ്പോൾ ഓരോ ആരോപണം വീതം കൊണ്ടുവരികയും പിന്നാലെ പൊളിയുകയും ചെയ്യുന്നു. മുംബൈ ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെ രാഹുലും കോൺ​ഗ്രസും നടത്തിയ വ്യാജ പ്രചാരണങ്ങൾ എല്ലാം പൊളിഞ്ഞു പോയി. അതുപോലെ വോട്ടർപട്ടിക ആരോപണവും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മറുപടി വരുന്നതോടെ പൊളിയും.

തൃശ്ശൂരിൽ സുരേഷ്ഗോപിയെ കാണാനില്ലെന്ന പരാതി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തള്ളിക്കളഞ്ഞു. എംപി കേന്ദ്ര മന്ത്രിയായാൽ കൂടുതൽ ചുമതലകൾ ഉണ്ടാകുമെന്ന് എല്ലാവർക്കുമറിയാം. പരാതി ഉന്നയിച്ച ഓർത്തഡോക്സ് സഭാ തൃശ്ശൂർ ഭദ്രാസേനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയോട് കാര്യങ്ങൾ വിശദീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307701/rahul-gandhi-is-not-an-atomic-bomb-he-is-like-a-wet-cracker-lit-for-diwali-says-rajiv-chandrasekhar)