---
title: "ഇതാണ്ടാ പോലീസ് ...! അന്ന് മൃതദേഹം വിട്ടുകിട്ടാൻ വളയൂരി കൊടുത്തു; ഇന്ന് ആംബുലൻസിന് മുന്നിലോടി വഴിയൊരുക്കി അതേ പോലീസുകാരി"
english_title: "woman si aparna secure way for ambulance in thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307696/woman-si-aparna-secure-way-for-ambulance-in-thrissur"
published_at: "2025-08-10T20:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898b302d97d6_4.jpg"
keywords: []
---

# ഇതാണ്ടാ പോലീസ് ...! അന്ന് മൃതദേഹം വിട്ടുകിട്ടാൻ വളയൂരി കൊടുത്തു; ഇന്ന് ആംബുലൻസിന് മുന്നിലോടി വഴിയൊരുക്കി അതേ പോലീസുകാരി

> **Lead Summary:** **തൃശൂര്‍: **അവസരോചിത ഇടപെടലിലൂടെ രോ​ഗിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസിന് വഴിയൊരുക്കിയ എസ്ഐ അപർണക്ക് അഭിനന്ദന പ്രവാഹം. തൃശൂര്‍ നഗരത്തിലെ ഏറ്റവും തിരക്കുള്ള അശ്വനി ജങ്ഷന്‍ റോഡിലെ ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിനാണ് അപർണ വഴിയൊരുക്കിയത്. വാഹനങ്ങളുടെ നീണ്ടനിരക്ക് പിന്നിലായാണ് സൈറണ്‍ മുഴക്കി ഒരു ആബുംലന്‍സ് പാഞ്ഞു വന്നത്. വഹനങ്ങളുടെ തിരക്കില്‍ ആ ആബുംലന്‍സും പെട്ടു.

## Article Content

**തൃശൂര്‍: **അവസരോചിത ഇടപെടലിലൂടെ രോ​ഗിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസിന് വഴിയൊരുക്കിയ എസ്ഐ അപർണക്ക് അഭിനന്ദന പ്രവാഹം. തൃശൂര്‍ നഗരത്തിലെ ഏറ്റവും തിരക്കുള്ള അശ്വനി ജങ്ഷന്‍ റോഡിലെ ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിനാണ് അപർണ വഴിയൊരുക്കിയത്. വാഹനങ്ങളുടെ നീണ്ടനിരക്ക് പിന്നിലായാണ് സൈറണ്‍ മുഴക്കി ഒരു ആബുംലന്‍സ് പാഞ്ഞു വന്നത്. വഹനങ്ങളുടെ തിരക്കില്‍ ആ ആബുംലന്‍സും പെട്ടു.

ഗുരുതര രോ​ഗിയായിരുന്നു ആംബുലൻസിൽ. സാഹചര്യത്തിന്റെ ​ഗൗരവും മനസ്സിലാക്കിയ അപർണ, വലിയ ബ്ലോക്കിൽ വാഹനങ്ങളുടെ ഇടയിലൂടെ ആംബുലൻസിന് വഴി തെളിച്ച് മുന്നില്‍ ഓടി. സ്വജീവൻ അപകടത്തിലാക്കിയായിരുന്നു അപർണയുടെ ഓട്ടം. എന്നാല്‍ അതൊന്നും ഓര്‍ക്കാതെ ആംബുലന്‍സിലുള്ള ജീവനെ മാത്രം ഓര്‍ത്ത് അവര്‍ മുന്‍പില്‍ ഓടി മറ്റ് വാഹനങ്ങളെ വശത്തേക്ക് മാറ്റി വഴിയൊരുക്കി.

ആംബുലന്‍സിന് പോകാനായി വഴി ഒരുങ്ങുന്നത് വരെ അപർണ ഓടി തടസമായി കിടന്ന വാഹനങ്ങള്‍ മാറ്റാന്‍ നിര്‍ദേശിച്ചു. ഒടുവിൽ ആംബുലൻസ് ബ്ലോക്ക് കടന്ന് പോയപ്പോഴാണ് അവർക്ക് ശ്വാസം നേരെ വീണത്. കേരള പൊലീസും ഇതിന്റെ വിഡിയോ അവരുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

2002-ൽ ആണ് അപർണ കേരള പോലീസിന്റെ ഭാ​ഗമായത്. 2009-ൽ ഒല്ലൂർ പോലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളായിരുന്നപ്പോഴാണ് അവർ ആദ്യമായി വാർത്തകളിൽ നിറഞ്ഞത്. ഒരു സ്ത്രീയുടെ മൃതദേഹം ബില്ലടയ്ക്കാതെ വിട്ടുനൽകാൻ വിസമ്മതിച്ച ആശുപത്രി അധികൃതർക്കു മുന്നിൽ വീട്ടുകാർ ബുദ്ധിമുട്ടുന്നതുകണ്ടാണ് അന്ന് അപർണ തന്റെ മൂന്നുസ്വർണവളകൾ ഊരി കൊടുത്തത്.

ഒരാളുടെ ക്രൂരമായ ആക്രമണത്തിനു വിധേയയായി കൊല്ലപ്പെട്ട നിരാലംബയായ സ്ത്രീയുടെ മൃതദേഹം മണിക്കൂറുകളോളം അനാഥമായി കിടക്കേണ്ടിവന്നത് ഒരു സ്ത്രീയായ തന്റെ മനസ്സിനെ വേദനിപ്പിച്ചുവെന്നും അതുകൊണ്ടാണ് അത്തരമൊരവസ്ഥയിൽ ഇങ്ങനെ ചെയ്തതെന്നുമായിരുന്നു അന്ന് അപർണ പറഞ്ഞത്. ഈ സംഭവം ആ കാലത്ത് ഏറെ ചർച്ചയായിരുന്നു.

പിന്നീട് 2019-ൽ, മുടി കൊഴിഞ്ഞ കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കി നൽകുന്നതിനായി തന്റെ മുടി മുഴുവനായി മുറിച്ചുനൽകിയതോടെ അപർണ വീണ്ടും വാർത്തയിലെ താരമായി. ഇരിങ്ങാലക്കുടയിലെ തൃശ്ശൂർ റൂറൽ വനിതാ പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു അന്ന് അപർണ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307696/woman-si-aparna-secure-way-for-ambulance-in-thrissur)