---
title: "ചാലിയം കോട്ടയുടെ ചരിത്രമറിയാം ഡിജിറ്റല്‍ സൈന്‍ ബോര്‍ഡിലൂടെ; ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ് "
english_title: "Learn about the history of Chaliyam Fort through a digital signboard Minister Muhammad Riyaz inaugurated by scanning the QR code"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307653/learn-about-the-history-of-chaliyam-fort-through-a-digital-signboard-minister-muhammad-riyaz-inaugurated-by-scanning-the-qr-code"
published_at: "2025-08-10T15:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68986c07dc795_riaz.jpg"
keywords: []
---

# ചാലിയം കോട്ടയുടെ ചരിത്രമറിയാം ഡിജിറ്റല്‍ സൈന്‍ ബോര്‍ഡിലൂടെ; ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ് 

> **Lead Summary:** വൈദേശികാധിപത്യത്തിനെതിരായ പോരാട്ട വീര്യത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും പ്രതീകമായ ചാലിയം കോട്ടയുടെ ചരിത്രമറിയാന്‍ ഡിജിറ്റല്‍ സൈന്‍ബോര്‍ഡ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ടൂറിസം ക്ലബ്ബും സംയുക്തമായി രൂപകല്‍പ്പന ചെയ്ത ഡിജിറ്റല്‍ സൈന്‍ബോര്‍ഡ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഓഷ്യാനെസ് ചാലിയം ടൂറിസ്റ്റ് ബീച്ചില്‍ സ്ഥാപിച്ച സൈന്‍ബോര്‍ഡിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു കൊണ്ടായിരുന്നു ഉദ്ഘാടനം.

## Article Content

വൈദേശികാധിപത്യത്തിനെതിരായ പോരാട്ട വീര്യത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും പ്രതീകമായ ചാലിയം കോട്ടയുടെ ചരിത്രമറിയാന്‍ ഡിജിറ്റല്‍ സൈന്‍ബോര്‍ഡ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ടൂറിസം ക്ലബ്ബും സംയുക്തമായി രൂപകല്‍പ്പന ചെയ്ത ഡിജിറ്റല്‍ സൈന്‍ബോര്‍ഡ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഓഷ്യാനെസ് ചാലിയം ടൂറിസ്റ്റ് ബീച്ചില്‍ സ്ഥാപിച്ച സൈന്‍ബോര്‍ഡിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു കൊണ്ടായിരുന്നു ഉദ്ഘാടനം.

ഓന്മെന്റഡ് റിയാലിറ്റി (എആര്‍) സാങ്കേതികവിദ്യയിലൂടെ പുനരാവിഷ്‌കരിച്ച ചാലിയം കോട്ടയുടെ ചരിത്രം സൈന്‍ ബോര്‍ഡിലെ ക്യുആര്‍ കോഡിലൂടെ അറിയാനാവും. നഗരത്തിലെ വിവരണാത്മക ബോര്‍ഡുകള്‍ വിജ്ഞാനപ്രദവും ക്രിയാത്മകവുമായി രൂപകല്‍പന ചെയ്യണമെന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഓഗ്മന്റഡ് റിയാലിറ്റി, ത്രീഡി സാങ്കേതികവിദ്യ എന്നിവയിലൂടെ വിവരണാത്മകവും ഇന്ററാക്ടീവുമായ സൈനേജുകള്‍ ഉപയോഗിച്ചാണ് 450 വര്‍ഷം പഴക്കമുള്ള കോട്ടയുടെ ചരിത്രം പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

കോട്ടയുടെ ത്രീഡി മോഡല്‍, ചരിത്രവിവരണങ്ങള്‍ നല്‍കുന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വീഡിയോകള്‍, പുനരാവിഷ്‌കരിച്ച കോട്ടയിലൂടെയുള്ള വെര്‍ച്വല്‍ നടത്തം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത അനുഭവങ്ങള്‍ സന്ദര്‍ശകര്‍ക്ക് മൊബൈല്‍ ഫോണില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആസ്വദിക്കാം.

ചടങ്ങില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണന്‍, മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ടീച്ചര്‍, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍, എസ്എസ്‌കെ ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം , ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

1531- ല്‍ ചാലിയം പ്രദേശത്ത് സുഗന്ധവ്യഞ്ജന വ്യാപാരം നിയന്ത്രിക്കാനായി പോര്‍ച്ചുഗീസുകാര്‍ പണിതതാണ് ചാലിയം കോട്ട. വ്യാപാര മേല്‍ക്കോയ്മ ലക്ഷ്യമിട്ട് പണിത കോട്ട കോഴിക്കോട്ടെ ഭരണാധികാരിയായിരുന്ന സാമൂതിരിയുടെ അധികാരത്തിനു നേരെയുള്ള വെല്ലുവിളിയായി മാറുകയും സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തതോടെ, കോട്ട തകര്‍ക്കാന്‍ സാമൂതിരി തന്റെ നാവികസേന തലവന്‍ കുഞ്ഞാലിമരയ്ക്കാര്‍ മൂന്നാമനെ ചുമതലപ്പെടുത്തുകയായിരുന്നു. വര്‍ഷങ്ങളോളം നീണ്ട പ്രതിരോധത്തിനൊടുവില്‍, 1571-ല്‍ കര വഴിയും കടല്‍ മാര്‍ഗവുമുള്ള ശക്തമായ ആക്രമണത്തിലൂടെ സാമൂതിരി സേന കോട്ട പിടിച്ചടക്കി പൂര്‍ണമായി നശിപ്പിച്ചതായാണ് ചരിത്രം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307653/learn-about-the-history-of-chaliyam-fort-through-a-digital-signboard-minister-muhammad-riyaz-inaugurated-by-scanning-the-qr-code)