---
title: "സുരേഷേട്ടാ... മടങ്ങിവരൂ....! 'കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ല, തിരോധാനത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം'; പരാതിയുമായി കെഎസ്‍യു"
english_title: "Union Minister and MP from Thrissur Suresh Gopi missing, complaint filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307600/union-minister-and-mp-from-thrissur-suresh-gopi-missing-complaint-filed"
published_at: "2025-08-10T10:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68982f8fb0a14_WhatsApp_Image_2025-08-10_at_11.04.59_AM.jpeg"
keywords: []
---

# സുരേഷേട്ടാ... മടങ്ങിവരൂ....! 'കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ല, തിരോധാനത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം'; പരാതിയുമായി കെഎസ്‍യു

> **Lead Summary:** **തൃശൂര്‍: ** കേന്ദ്രമന്ത്രിയും തൃശൂരിൽ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‍യു നേതാവ്. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു തൃശൂര്‍ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂര്‍ പൊലീസിൽ പരാതി നൽകി.

## Article Content

**തൃശൂര്‍: ** കേന്ദ്രമന്ത്രിയും തൃശൂരിൽ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‍യു നേതാവ്. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു തൃശൂര്‍ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂര്‍ പൊലീസിൽ പരാതി നൽകി.

ഗുരുവായൂര്‍ ഈസ്റ്റ് പൊലീസിലാണ് ഗോകുൽ പരാതി നൽകിയത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു മുന്നിൽ ആരാണെന്നും അവരെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

സുരേഷ് ഗോപിയെ കാണാനില്ലെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി കെ ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു. കന്യാസ്ത്രീകളുടെ വിഷയമടക്കം ഉണ്ടായപ്പോഴും സുരേഷ് ഗോപിയെ എവിടെയും കണ്ടില്ലെന്നും അദ്ദേഹം ഒളിവുജീവിതത്തിലാണോയെന്നും കെ ശിവൻകുട്ടി പരിഹസിച്ചിരുന്നു. 

'തൃശ്ശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു', എന്നായിരുന്നു പരിഹാസം. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ യൂഹനോന്‍ മാര്‍ മിലിത്തിയോസ് സുരേഷ് ഗോപിയെ കാണ്മാനില്ലെന്ന് പരിഹസിച്ചിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

'ഞങ്ങള്‍ തൃശ്ശൂരുകാര്‍ തെരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസില്‍ അറിയിക്കണമോ എന്നാശങ്ക', എന്നായിരുന്നു മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചത്. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിലോ ഒഡീഷയില്‍ കന്യാസ്ത്രീകളും മലയാളി വൈദികനും ആക്രമിക്കപ്പെട്ടതിലും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് പരിഹാസവുമായി യൂഹാനോന്‍ മാര്‍ മിലിത്തിയോസ് രംഗത്ത് വന്നത്. ദിവസങ്ങള്‍ക്ക് മുന്‍പേ ഛത്തീസ്ഗഡ് വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ പരിഹസിച്ചും അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരുന്നു.

എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും അടുത്ത പെരുന്നാളിന് ഒന്നൂടെ ഡല്‍ഹിയില്‍ വിളിച്ച് ആദരിച്ചാല്‍ പോരെ എന്നുമാണ് അന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചത്. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം എന്ന പത്രവാര്‍ത്ത പങ്കുവെച്ചായിരുന്നു പ്രതികരണം. അതിനു ശേഷവും കേന്ദ്രത്തെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. നടക്കുന്നതെല്ലാം പുതിയകാര്യമല്ലെന്നും ആര്‍എസ്എസിന്റെയും അനുബന്ധസംഘടനകളുടെയും പ്രകടമായ പ്രവര്‍ത്തിയാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് അന്ന് പ്രതികരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307600/union-minister-and-mp-from-thrissur-suresh-gopi-missing-complaint-filed)