---
title: "മോഹിപ്പിച്ച് ചതിച്ചല്ലേ...? പെണ്‍കുട്ടിയെന്ന വ്യാജേന ഡേറ്റിംഗ് ആപ്പിൽ സൗഹൃദം; യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി സ്വര്‍ണം കവര്‍ന്നു "
english_title: "Dating app Man pretends to be a girl, kidnaps young man, strips him naked, steals gold"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307596/dating-app-man-pretends-to-be-a-girl-kidnaps-young-man-strips-him-naked-steals-gold-new"
published_at: "2025-08-10T10:36:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68982bcc1b7de_dating.jpg"
keywords: []
---

# മോഹിപ്പിച്ച് ചതിച്ചല്ലേ...? പെണ്‍കുട്ടിയെന്ന വ്യാജേന ഡേറ്റിംഗ് ആപ്പിൽ സൗഹൃദം; യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി സ്വര്‍ണം കവര്‍ന്നു 

> **Lead Summary:** **വെഞ്ഞാറമൂട് (തിരുവനന്തപുരം): ** പെണ്‍കുട്ടിയാണെന്ന വ്യാജേന ഡേറ്റിങ് ആപ്പിലൂടെ യുവാവുമായി സൗഹൃദം സ്ഥാപിച്ചശേഷം തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നെന്ന കേസില്‍ നാലുപേര്‍ പിടിയില്‍. മടത്തറ സ്വദേശി മുഹമ്മദ് സല്‍മാന്‍ , കൊല്ലായില്‍ സ്വദേശി സുധീര്‍ , ചിതറ സ്വദേശി സജിത്ത് , കുളത്തൂപ്പുഴ സ്വദേശി ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. ആഷിഖിനെ കുളത്തൂപ്പുഴ ഭാഗത്തുനിന്ന് വെഞ്ഞാറമൂട് പോലീസും മറ്റു പ്രതികളെ ആലപ്പുഴയിലെ ഹോട്ടലില്‍നിന്ന് ആലപ്പുഴ പോലീസുമാണ് പിടികൂടിയത്.

## Article Content

**വെഞ്ഞാറമൂട് (തിരുവനന്തപുരം): ** പെണ്‍കുട്ടിയാണെന്ന വ്യാജേന ഡേറ്റിങ് ആപ്പിലൂടെ യുവാവുമായി സൗഹൃദം സ്ഥാപിച്ചശേഷം തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നെന്ന കേസില്‍ നാലുപേര്‍ പിടിയില്‍. മടത്തറ സ്വദേശി മുഹമ്മദ് സല്‍മാന്‍ , കൊല്ലായില്‍ സ്വദേശി സുധീര്‍ , ചിതറ സ്വദേശി സജിത്ത് , കുളത്തൂപ്പുഴ സ്വദേശി ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. ആഷിഖിനെ കുളത്തൂപ്പുഴ ഭാഗത്തുനിന്ന് വെഞ്ഞാറമൂട് പോലീസും മറ്റു പ്രതികളെ ആലപ്പുഴയിലെ ഹോട്ടലില്‍നിന്ന് ആലപ്പുഴ പോലീസുമാണ് പിടികൂടിയത്.

വെഞ്ഞാറമൂട് സ്വദേശിയാണ് ആക്രമണത്തിനിരയായത്. പരിചയം സ്ഥാപിച്ചശേഷം അക്രമികള്‍ മുക്കുന്നൂര്‍ ഭാഗത്ത് കാറിലെത്തി യുവാവിനെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വാഹനത്തില്‍വെച്ച് ഇയാളെ നഗ്‌നനാക്കി ഫോട്ടോയെടുത്തശേഷം മൂന്ന് പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല കൈക്കലാക്കി. ഇതിനിടെ ഇയാളെ മര്‍ദിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിനെ പാങ്ങോടിനടുത്ത് സുമതിവളവില്‍ ഉപേക്ഷിച്ചു. അവിടെനിന്ന് രക്ഷപ്പെട്ട യുവാവ് വെഞ്ഞാറമൂട് പോലീസിന് പരാതി നല്‍കി.

തട്ടിക്കൊണ്ട് പോയി പണം കവര്‍ന്നു എന്നു മാത്രമായിരുന്നു പരാതി. വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുല്‍കലാം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡേറ്റിങ് ആപ്പ് കുടുക്കിയതാണെന്ന് യുവാവ് വെളിപ്പെടുത്തിയത്. സംഘത്തിലെ പ്രധാനിയായ ആഷിഖാണ് ആദ്യം പിടിയിലായത്.

ഇയാളില്‍നിന്നാണ് മറ്റു പ്രതികള്‍ ആലപ്പുഴയിലുണ്ടെന്ന സൂചന ലഭിച്ചത്. ഇക്കാര്യം ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാല്‍ ആലപ്പുഴ പോലീസിനെ അറിയിച്ചു. പുന്നപ്രയിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവര്‍. നോര്‍ത്ത് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ മുറിയുടെ വാതില്‍ തകര്‍ത്താണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍നിന്ന് പണവും മൊബൈല്‍ ഫോണുകളും രണ്ട് ആഡംബര ബൈക്കുകളും പിടിച്ചെടുത്തു. മോഷ്ടിച്ച സ്വര്‍ണം വിറ്റതായി കണ്ടെത്തിയെന്നും വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307596/dating-app-man-pretends-to-be-a-girl-kidnaps-young-man-strips-him-naked-steals-gold-new)