---
title: "ഭക്ഷണപ്പെട്ടി തലയിൽ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം; ഗാസയിൽ നിന്നും പുറത്തുവരുന്നത് നടുക്കുന്ന ദൃശ്യങ്ങൾ"
english_title: "Fifteen year old dies after food box falls on his head Shocking footage emerges from Gaza"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307575/fifteen-year-old-dies-after-food-box-falls-on-his-head-shocking-footage-emerges-from-gaza"
published_at: "2025-08-10T08:42:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68980e3d13d2c_gaza.jpg"
keywords: []
---

# ഭക്ഷണപ്പെട്ടി തലയിൽ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം; ഗാസയിൽ നിന്നും പുറത്തുവരുന്നത് നടുക്കുന്ന ദൃശ്യങ്ങൾ

> **Lead Summary:** ഗാസയിൽ ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത് നടുക്കുന്ന ദൃശ്യങ്ങളാണ്. ഭക്ഷണപ്പെട്ടി തലയിൽ വീണ് 15കാരനായ പാലസ്തീൻ ബാലന് ദാരുണാന്ത്യം. മധ്യ ഗാസയിലെ നെറ്റ്സാരിം ഇടനാഴിക്ക് സമീപം മുഹന്നദ് സക്കറിയ ഈദാണ് മരിച്ചത്. ഭക്ഷണത്തിനായി നെട്ടോട്ടമോടുന്ന ആൾക്കൂട്ടങ്ങൾക്കുമേൽ സഹായപ്പെട്ടികൾ ഇട്ടുകൊടുക്കുമ്പോൾ അതിന് അടിയിൽപ്പെട്ടാണ് 15കാരൻ മരിച്ചത്.

## Article Content

ഗാസയിൽ ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത് നടുക്കുന്ന ദൃശ്യങ്ങളാണ്. ഭക്ഷണപ്പെട്ടി തലയിൽ വീണ് 15കാരനായ പാലസ്തീൻ ബാലന് ദാരുണാന്ത്യം. മധ്യ ഗാസയിലെ നെറ്റ്സാരിം ഇടനാഴിക്ക് സമീപം മുഹന്നദ് സക്കറിയ ഈദാണ് മരിച്ചത്. ഭക്ഷണത്തിനായി നെട്ടോട്ടമോടുന്ന ആൾക്കൂട്ടങ്ങൾക്കുമേൽ സഹായപ്പെട്ടികൾ ഇട്ടുകൊടുക്കുമ്പോൾ അതിന് അടിയിൽപ്പെട്ടാണ് 15കാരൻ മരിച്ചത്.

> "കഠിനമായ ക്ഷാമത്തിനിടെ എന്റെ സഹോദരൻ സഹായം വാങ്ങാൻ പോയതാണ്. വിമാനങ്ങൾ വഴി എറിഞ്ഞ ഒരു പെട്ടി നേരിട്ട് അവന് മേൽ വീണു"- മുഹന്നദ് സക്കറിയയുടെ സഹോദരൻ പറഞ്ഞു.

ഭക്ഷണം എയർ ഡ്രോപ്പ് ചെയ്യുന്നത് കാര്യക്ഷമമല്ലെന്നും ചെലവേറിയതുമാണെന്ന് ഐക്യരാഷ്ട്രസഭ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ഈ സംഭവം. പകരം കരമാർഗം ഗാസയിലേക്ക് മാനുഷിക സഹായം സ്ഥിരമായി വിതരണം ചെയ്യാൻ അനുവദിക്കണമെന്ന് ഇസ്രയേലിനോട് അഭ്യർത്ഥിച്ചു. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം, 23 പലസ്തീനികൾ ഭക്ഷണപ്പെട്ടി വീണ് കൊല്ലപ്പെടുകയും 124 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ഗവൺമെന്‍റ് മീഡിയ ഓഫീസ് അറിയിച്ചു.

ഗാസയിൽ പട്ടിണി മരണം 200 കടന്നു. 38 പേരെ കൂടി ഇസ്രയേൽ സൈന്യം വെടിവെച്ചുകൊന്നു. അതിനിടെ ഗാസ പിടിച്ചടക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീരുമാനത്തിനെതിരെ ഇസ്രയേലിൽ കനത്ത പ്രതിഷേധം. ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്ന നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടെൽ അവീവിൽ ആയിരങ്ങൾ പങ്കെടുത്ത റാലി നടന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307575/fifteen-year-old-dies-after-food-box-falls-on-his-head-shocking-footage-emerges-from-gaza)