---
title: " 'ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടു'; ധർമസ്ഥലയിൽ സ്ത്രീയുടെ നിർണ്ണായക വെളിപ്പെടുത്തൽ"
english_title: "woman decisive revelation in Dharmasthala case "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307569/woman-decisive-revelation-in-dharmasthala-case"
published_at: "2025-08-10T08:00:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898056d95bb6_darmmasthala_case.jpg"
keywords: []
---

#  'ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടു'; ധർമസ്ഥലയിൽ സ്ത്രീയുടെ നിർണ്ണായക വെളിപ്പെടുത്തൽ

> **Lead Summary:** കർണാടകയിലെ ധർമ്മസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന വെളിപ്പെടുത്തലിനെ തുടർന്നുള്ള തെരച്ചിലിനിടയിൽ മറ്റൊരു വെളിപ്പെടുത്തലുമായി ഒരു സ്ത്രീ പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നല്‍കി. ധർമ്മസ്ഥലയിൽ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായാണ് സ്ത്രീ പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നല്‍കിയത്. വെള്ളിയാഴ്ച പരിശോധന നടത്തിയ ബോളിയാര്‍ വനമേഖലക്കടുത്ത് മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്നാണ് ഇവര്‍ പറഞ്ഞത്.

## Article Content

കർണാടകയിലെ ധർമ്മസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന വെളിപ്പെടുത്തലിനെ തുടർന്നുള്ള തെരച്ചിലിനിടയിൽ മറ്റൊരു വെളിപ്പെടുത്തലുമായി ഒരു സ്ത്രീ പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നല്‍കി. ധർമ്മസ്ഥലയിൽ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായാണ് സ്ത്രീ പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നല്‍കിയത്. വെള്ളിയാഴ്ച പരിശോധന നടത്തിയ ബോളിയാര്‍ വനമേഖലക്കടുത്ത് മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്നാണ് ഇവര്‍ പറഞ്ഞത്.

മൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണത്തൊഴിലാളി ഇവരുടെ വീട്ടിലെത്തി വെള്ളം കുടിച്ചെന്നും കുഴിയെടുക്കാനായി ഉപയോഗിച്ച തൂമ്പ കഴുകിയെന്നും മൊഴി നല്‍കിയതായാണ് വിവരം. ശനിയാഴ്ച ധര്‍മസ്ഥല ക്ഷേത്രകവാടത്തിന് സമീപം മണ്ണുനീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇന്ന് പരിശോധന ഉണ്ടാകില്ല. നാളെ തുടരാനാണ് തീരുമാനം .

കഴിഞ്ഞമാസം ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയായ ഒരാൾ നടത്തിയ വെളിപ്പെടുത്തലുകളാണ് ധർമ്മസ്ഥല കേസിന് വഴിത്തിരിവായത്. 1995-നും 2014-നും ഇടയിൽ ക്ഷേത്രത്തിന്റെ പരിസരത്തും നേത്രാവതി നദിയുടെ തീരത്തും നൂറിലധികം സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ താൻ കുഴിച്ചിട്ടുവെന്നാണ് ഇയാൾ വെളിപ്പെടുത്തിയത്. ഇതിൽ പല മൃതദേഹങ്ങളിലും ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നെന്നും ഇയാൾ ആരോപിച്ചിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കർണാടക സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307569/woman-decisive-revelation-in-dharmasthala-case)