---
title: "നഴ്‌സിന്റെ മൃതദേഹം ആശുപത്രിയിലെ ശൗചാലയത്തില്‍; ശരീരത്തില്‍ സിറിഞ്ച് കുത്തിയനിലയില്‍, ദുരൂഹത"
english_title: "The nurse finds herself dead in a hospital toilet, in a strange situation."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307547/the-nurse-finds-herself-dead-in-a-hospital-toilet-in-a-strange-situation"
published_at: "2025-08-09T22:53:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68978446cd33d_6.jpg"
keywords: []
---

# നഴ്‌സിന്റെ മൃതദേഹം ആശുപത്രിയിലെ ശൗചാലയത്തില്‍; ശരീരത്തില്‍ സിറിഞ്ച് കുത്തിയനിലയില്‍, ദുരൂഹത

> **Lead Summary:** **ഭുവനേശ്വര്‍: ** നഴ്‌സിനെ ആശുപത്രിയിലെ ശൗചാലയത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒഡിഷയിലെ ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ യുവതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും രണ്ടുമണിക്കൂറോളം വൈകിയാണ് ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.

## Article Content

**ഭുവനേശ്വര്‍: ** നഴ്‌സിനെ ആശുപത്രിയിലെ ശൗചാലയത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒഡിഷയിലെ ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ യുവതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും രണ്ടുമണിക്കൂറോളം വൈകിയാണ് ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.

ശരീരത്തില്‍ സൂചികുത്തിയ നിലയിലാണ് നഴ്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം. യുവതിയുടെ കൈയില്‍ പിറകിലായാണ് സിറിഞ്ച് ഉണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. ഏതെങ്കിലും മരുന്ന് കുത്തിവെച്ച് മരിച്ചതാണെന്നാണ് പോലീസിന്റെ സംശയം. അതേസമയം, എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും ജോലിസ്ഥലത്തെയും കുടുംബത്തിലെയും വിവരങ്ങളും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

അതിനിടെ, രണ്ടുമണിക്കൂറോളം വൈകിയാണ് ആശുപത്രി അധികൃതര്‍ മരണവിവരമറിയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. രക്ഷാബന്ധന്‍ ആഘോഷത്തിനായി വീട്ടിലേക്ക് വരാനിരിക്കെയാണ് സഹോദരിയുടെ മരണമെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സഹോദരനും പറഞ്ഞു. ശൗചാലയത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നാണ് തങ്ങളോട് ആദ്യം പറഞ്ഞിരുന്നത്.

എന്നാല്‍, കൈയില്‍ സിറിഞ്ച് കുത്തിവെച്ച നിലയിലാണെന്നും ആത്മഹത്യയാണെന്നാണ് സൂചനയെന്നും പോലീസ് ഇപ്പോള്‍ പറയുന്നു. അവള്‍ക്ക് ജോലിസ്ഥലത്തോ വ്യക്തിപരമായ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നതായി അറിയില്ല. മരിക്കുന്നതിന് തൊട്ടുമുന്‍പ് താനുമായി സംസാരിച്ചിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് രക്ഷാബന്ധന്‍ ആഘോഷത്തിനായി വീട്ടിലേക്ക് വരുന്നതില്‍ അവള്‍ ഏറെ സന്തോഷത്തിലായിരുന്നുവെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307547/the-nurse-finds-herself-dead-in-a-hospital-toilet-in-a-strange-situation)