---
title: "ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ "
english_title: "Uttarakhand Cloudburst Government announces emergency financial assistance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307545/uttarakhand-cloudburst-government-announces-emergency-financial-assistance"
published_at: "2025-08-09T22:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68977fe5da399_disaster.jpg"
keywords: []
---

# ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ 

> **Lead Summary:** **ദില്ലി : ഉ**ത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തിൽ മേഘവിസ്ഫോടനത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് അടിയന്തര സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ അടിയന്തര സഹായമാണ് പ്രഖ്യാപിച്ചത്.

## Article Content

**ദില്ലി : ഉ**ത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തിൽ മേഘവിസ്ഫോടനത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് അടിയന്തര സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ അടിയന്തര സഹായമാണ് പ്രഖ്യാപിച്ചത്.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും നൽകും. ദുരന്തബാധിതരുടെ പുനരധിവാസത്തിനും മറ്റു നടപടികൾക്കുമായി റവന്യൂ സെക്രട്ടറിയുടെ അധ്യക്ഷതയിൽ മൂന്നംഗ സമിതി രൂപീകരിച്ചു. സമിതി ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

അതേസമയം, ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ ഡെറാഡൂണിൽ എത്തിയ മലയാളികൾ സുരക്ഷിതരാണെന്ന് വിവരം പുറത്തുവരുന്നുണ്ട്. മലയാളികൾ മൂന്ന് ദിവസത്തിനകം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ. ഇവരെ ഇന്നലെ എയര്‍ലിഫ്റ്റ് ചെയ്ത് ഉത്തരകാശിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്ന് ഡെറാഡൂണ്‍ വഴിയാണ് സംഘം നാട്ടിലേക്ക് മടങ്ങുക.

ടൂര്‍ പാക്കേജിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെത്തിയ 28 മലയാളി കുടുംബങ്ങളില്‍ 20 പേര്‍ മുംബൈ മലയാളികളും എട്ടു പേര്‍ കേരളത്തില്‍ നിന്നുള്ളവരുമാണ്. ഒന്നിന് പിറകെ മറ്റൊന്നായി ഏഴ് തവണ മിന്നൽ പ്രളയം ഉണ്ടായി എന്ന് ധരാലി സ്വദേശി സുമിത്ര് ധോടി വ്യക്തമാക്കി. പ്രദേശവാസികൾക്കൊപ്പം നിരവധി വിനോദസഞ്ചാരികളെയും കാണാതായിട്ടുണ്ട്. ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറാത്ത അവസ്ഥയിലാണ് ​ഗ്രാമീണർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307545/uttarakhand-cloudburst-government-announces-emergency-financial-assistance)