---
title: "പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം; അപകടം കമ്പനിയിൽ ജീവനക്കാരുള്ളപ്പോള്‍, ഒഴിവായത് വൻ അപകടം"
english_title: "Fire breaks out at plywood company in Mudikkal, Perumbavoor, Ernakulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307540/fire-breaks-out-at-plywood-company-in-mudikkal-perumbavoor-ernakulam"
published_at: "2025-08-09T21:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6897724d25d18_vi.jpg"
keywords: []
---

# പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം; അപകടം കമ്പനിയിൽ ജീവനക്കാരുള്ളപ്പോള്‍, ഒഴിവായത് വൻ അപകടം

> **Lead Summary:** **കൊച്ചി: **എറണാകുളം പെരുമ്പാവൂർ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം. മാമ്പിള്ളി പ്ലൈവുഡ്സ് എന്ന കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. പെരുമ്പാവൂരിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. ഡ്രയറിൽ ലീക്ക് ഉണ്ടായതിനെത്തുടർന്ന് തീ പടരുകയായിരുന്നെന്നാണ് നിഗമനം. തീപിടിക്കുമ്പോൾ കമ്പനിയിൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് മാറിയതിനാൽ അപകടം ഒഴിവായി. രാത്രി ഏഴരയോടെയായിരുന്നു സംഭവം.

## Article Content

**കൊച്ചി: **എറണാകുളം പെരുമ്പാവൂർ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം. മാമ്പിള്ളി പ്ലൈവുഡ്സ് എന്ന കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. പെരുമ്പാവൂരിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. ഡ്രയറിൽ ലീക്ക് ഉണ്ടായതിനെത്തുടർന്ന് തീ പടരുകയായിരുന്നെന്നാണ് നിഗമനം. തീപിടിക്കുമ്പോൾ കമ്പനിയിൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് മാറിയതിനാൽ അപകടം ഒഴിവായി. രാത്രി ഏഴരയോടെയായിരുന്നു സംഭവം.

മറ്റൊരു സംഭവത്തിൽ മലപ്പുറം ചേളാരിയിൽ തേങ്ങ പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ദമ്പതികള്‍ക്ക് ഷോക്കേറ്റു. പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേളങ്ങാരി ആലുങ്ങൽ സ്വദേശി വേലായുധൻ, ഭാര്യ ശാന്ത എന്നിവർക്കാണ് ഷോക്കേറ്റത്. വീടിനു സമീപത്തുള്ള തെങ്ങിൽ നിന്ന് തേങ്ങ എടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

ഇരുമ്പു തോട്ടി ഉപയോഗിച്ച് തെങ്ങിൽ നിന്ന് തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ബാലന്‍സ് തെറ്റി തോട്ടി വൈദ്യുതി ലൈനിൽ തട്ടി. ഇതോടെ തേങ്ങപറിച്ചുകൊണ്ടിരുന്ന വേലായുധന് ഷോക്കേറ്റു. ഇത് കണ്ട് ഭര്‍ത്താവിനെ രക്ഷിക്കാൻ ശ്രമിച്ച ശാന്തക്കും വൈദ്യുതാഘാതമേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം മറ്റൊരു സംഭവത്തിൽ തൃശ്ശൂരിൽ കൃഷിയിടത്തിൽ നിന്ന് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനും ഷോക്കേറ്റു. കുണ്ടന്നൂർ തെക്കേക്കര മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യ (48) ജൂലിയാണ് ഷോക്കേറ്റ് മരിച്ചത്. എരുമപ്പെട്ടി കുണ്ടന്നൂരിൽ വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ തേങ്ങ പെറുക്കാനായി പോയപ്പോഴായിരുന്നു അപകടം. പറമ്പിലെ മോട്ടോർ പുരയിലേക്ക് പോയിരുന്ന വൈദ്യുതി ലൈൻ പൊട്ടിവീണ് അതിൽ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്. ജൂലിക്കൊപ്പമുണ്ടായിരുന്ന ഭർത്താവ് ബെന്നിക്കും ഷോക്കേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജൂലിയെ ഉടനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307540/fire-breaks-out-at-plywood-company-in-mudikkal-perumbavoor-ernakulam)